നിങ്ങളെ കൊണ്ട് മടുത്തു,അവരുടെ തൊലിക്കടിയിലെ കൊഴുപ്പിൽ എന്താണ് എടുത്ത് വെച്ചിരിക്കുന്നത്';തുറന്നടിച്ച് ജുവൽ
ബോഡി ഷെയിമിങ്ങിനെതിരെ തുറന്നടിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. തൻ്റെ ശരീരത്തെ കുറിച്ച് ചിലർ പറയുന്ന കമൻ്റുകൾക്കെതിരെയാണ് നടിയുടെ പ്രതികരണം. എന്തിനാണ് ഇത്തരത്തിൽ മറ്റൊരാളുടെ ശരീരത്തെ കുറിച്ച് ആളുകൾ ആകുലതപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്ന് അവർ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. നടിയുടെ വാക്കുകൾ ഇങ്ങനെ
'മറ്റുള്ളവരുടെ ശരീരത്തെ കുറിച്ച് ആളുകൾ എന്തിനാണ് ഇത്രയും ആകുലതപ്പെടുന്നത്. വേറെ ആൾക്കാരുടെ ദേഹത്ത്, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് അവിടെ എടുത്തു വെച്ചിരിക്കുന്നത് ?എന്നെ കാണുന്ന എത്ര മനുഷ്യരാണ് ഇത് ക്യാഷ്വലി ഇങ്ങനെ മെൻഷൻ ചെയ്യുന്നത്, ബോഡി ഒന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി. നിങ്ങൾക്ക് എന്നോടുള്ള സ്നേഹം എനിക്ക് മനസ്സിലായി. പക്ഷെ അതിനർത്ഥം എൻ്റെ ശരീരത്തെ കുറിച്ച് എന്തും പറയാനുള്ള അധികാരം നിങ്ങൾക്ക് ഉണ്ടെന്നല്ല. എൻ്റെ ശരീരം എന്നത് എൻ്റെ സ്പേസ് ആണ്.

എവിടെ നിന്നാണ് ഇങ്ങനെ പറയാനുള്ള ധൈര്യം കിട്ടുന്നത്. എത്ര സ്ത്രീകളെയാണ്, എത്ര മനുഷ്യരെയാണ്, എത്ര കുട്ടികളെയാണ്, നിറത്തിന്റെ പേരിൽ, വണ്ണത്തിന്റെ പേരിൽ, അവരുടെ നിലനിൽപ്പിനെ തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ ഇങ്ങനെ സംസാരിക്കുന്നത്. ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ? അതെന്താ വണ്ണമുള്ള മനുഷ്യർക്ക്, വണ്ണമില്ലാത്ത മനുഷ്യർക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യർക്ക്,മുഖക്കുരു ഉള്ള മനുഷ്യർക്ക് പല്ല് ഇച്ചിരി പൊങ്ങിപ്പോയ മനുഷ്യർക്ക് ഇവർക്കൊന്നും ജീവിക്കണ്ടേ? ഇവർക്കൊന്നും അവസരങ്ങൾ വേണ്ടേ?
തൊലിപ്പുറത്തും ഈ പറയുന്ന സ്റ്റാൻഡേർഡ്സിൽ മാത്രമാണോ ഒരാളുടെ ടാലന്റ് ഇരിക്കുന്നത്? അല്ല ,ടാലന്റ് ഒരാളുടെ ഉള്ളിൽ നിന്നുള്ളതാണ്.ഒരാൾ നിങ്ങളെ എങ്ങനെ എൻ്റർടെയിൻ ചെയ്യുന്നു എന്നുള്ളതാണ്, അവര് നിങ്ങള്ക്ക് വേണ്ടി പ്രെഡ്യൂസ് ചെയ്യുന്നതിലാണ് കഴിവ്, നിങ്ങള്ക്ക് വേണ്ടി എങ്ങനെ ക്രിയേറ്റ് ചെയ്യുന്നുവെന്നതിലാണ് കഴിവ്. ഒരു മനുഷ്യന്റെ വില എന്താന്നറിയോ, അത് അവരുടെ തൊലിയുടെ അടുത്തുള്ള അകത്തിരിക്കുന്നത് ഇത്ര കണ്ടം വണ്ണത്തിലുള്ള കൊഴുപ്പിൽ അല്ല ഇരിക്കുന്നത് ,അത് മനസ്സിലാക്കുക. നിങ്ങളെ കൊണ്ട് ഞാൻ മടുത്തു. ഇനി എന്റെ അടുത്ത് ക്യാഷ്വലി ഈ കഥ പറയാൻ വരുന്നവരുടെ അടുത്ത് എനിക്ക് തിരിച്ചുപറയാൻ ഉണ്ടാവും', ജുവൽ പറഞ്ഞു.
അതേസമയം അവതാരക അപർണ തോമസ് അടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയത്. ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്ന് അപർണ കുറിച്ചു. ' തടി അൽപം കുറഞ്ഞപ്പോൾ ഇപ്പോൾ ഞാൻ പലർക്കും പ്രെറ്റി ആയട്ടുണ്ട്. ഇതൊന്നും കാര്യമാക്കേണ്ട, നമ്മുടെ സന്തോഷത്തിലും സമാധാനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക' ,എന്നാണ് അപർണ കുറിച്ചത്. വളരെ അധികം റിലേറ്റബിൾ ആണെന്നും തടി കൂടിയത് കൊണ്ട് മാത്രം കഴിഞ്ഞ 22 മാസമായി ഗർഭിണി ആണോയെന്ന ചോദ്യം കേൾക്കുകയാണ് താൻ എന്നാണ് അവതാരകയായ അപർണ പ്രേമരാജ് കമൻ്റ് ചെയ്തത്.


Click it and Unblock the Notifications
