'ജഗദീഷ് വരണം, അമ്മ രക്ഷപ്പെടും; അന്ന് ആദ്യം പാരവച്ചത് മാലാ പാര്‍വതി, ഇപ്പോള്‍ അവര്‍ കരയുന്നു'
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേട്ട പേരായിരുന്നു നടന്‍ ജഗദീഷിന്റേത്. ജഗദീഷ് മല്‍സര രംഗത്തുണ്ടാകുമെന്ന് പരസ്യമായി സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം പിന്നാക്കം പോയി. ഒരു വനിത അമ്മയെ നയിക്കാന്‍ വരുന്നെങ്കില്‍ താന്‍ മാറി നില്‍ക്കാമെന്ന നിലപാട് ജഗദീഷ് എടുത്തു എന്നായിരുന്നു അവസാനം വന്ന വിവരം.
ജഗദീഷ് തലപ്പത്തുണ്ടായിരുന്നു എങ്കില്‍ അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന പോരും തര്‍ക്കവും ഉണ്ടാകില്ലായിരുന്നു എന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നു. വളരെ മാന്യനും നിലപാടുള്ള വ്യക്തിയുമാണ് ജഗദീഷ്. എന്നാല്‍ അദ്ദേഹം മല്‍സരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പല കളികളും നടന്നു. ചില കഥകള്‍ക്ക് അന്ന് തിരക്കഥ രചിച്ചത് നടി മാലാ പാര്‍വതിയാണെന്നും 'കണ്ടതും കേട്ടതും' എന്ന തന്റെ യുട്യൂബ് ചാനലില്‍ ആലപ്പി അഷ്‌റഫ് പറയുന്നു.

ഇല്ലാക്കഥകള്‍ മെനഞ്ഞ് ചവിട്ടി മെതിക്കാന്‍ നോക്കിയപ്പോള്‍ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് ജഗദീഷ് സ്വയം പിന്മാറുകയാണ് ചെയ്തത് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. അതോടെ പല കപട മുഖങ്ങളും അമ്മയില്‍ കയറി ആധിപത്യം ഉറപ്പിച്ചു. അന്ന് കെട്ടുകഥകള്‍ക്ക് തിരക്കഥ രചിച്ചത് മാലാ പാര്‍വതിയായിരുന്നു. അവരാണ് ആദ്യം ജഗദീഷിനെതിരെ രംഗത്തുവന്നത് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
അതേ മാലാപാര്‍വതി ഇപ്പോള്‍ അമ്മയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെയും രംഗത്തുവന്നിട്ടുണ്ട്. അവര്‍ ചെയ്ത പാതകത്തിന് അലമുറയിട്ട് കരയുകയാണ് മാലാ പാര്‍വതി. ഇതിനാണ് താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന് പറയുന്നത് എന്നും ആലപ്പി അഷ്‌റഫ് പരിഹസിക്കുന്നു. ജഗദീഷ് ആണ് അമ്മയുടെ തലപ്പത്ത് എങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു എന്ന അഭിപ്രായമാണ് ആലപ്പി അഷ്‌റഫിനുള്ളത്.
ജാതി മത വിവേചനങ്ങള്‍ ജഗദീഷിന് ഇല്ല. കഴിവും അനുഭവ സമ്പത്തുമുള്ള വ്യക്തിയാണ് ജഗദീഷ്. ഇനിയും വൈകിയിട്ടില്ല. ഇന്നത്തെ അമ്മയുടെ അവസ്ഥയ്ക്ക് മാറ്റം വരണം എങ്കില്‍ ജഗദീഷ് എത്തണം. ജഗദീഷിനെ വിളിക്കൂ, അമ്മയെ രക്ഷിക്കൂ എന്ന് പറഞ്ഞാണ് ആലപ്പി അഷ്‌റഫ് വീഡിയോ അവസാനിപ്പിക്കുന്നത്. ജഗദീഷ് ആണ് അമ്മയെ നയിക്കുന്നതെങ്കില്‍ ഇത്തരം വിവേചനങ്ങളും നാണിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാകില്ലെന്ന് മറ്റു ചില താരങ്ങളും അഭിപ്രായപ്പെട്ടു.
അമ്മയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ വിമര്‍ശിച്ച് മാലാ പാര്‍വതി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി വരേണ്ടതുണ്ട് എന്നാണ് ഇപ്പോള്‍ അവരുടെ അഭിപ്രായം. സ്ത്രീകള്‍ രംഗത്തുവന്നപ്പോള്‍ വലിയ തോതില്‍ സന്തോഷിച്ചിരുന്നു. ഇത്തരത്തില്‍ എത്തുമെന്ന് കരുതിയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്‍സിബയുമായി സംസാരിച്ചിരുന്നുവെന്ന് പറയുന്ന മാലാ പാര്‍വതി, അന്‍സിബയെ പിന്തുണച്ചാണ് പ്രതികരിച്ചത്.
മുതിര്‍ന്ന നടി മല്ലിക സുകുമാരനും അമ്മ എക്‌സിക്യൂട്ടീവ് പിരിച്ചുവിടണം എന്ന അഭിപ്രായമാണ് പങ്കുവച്ചത്. നാണക്കേട് കൊണ്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി എന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. നേരത്തെ അന്‍സിബ അമ്മയുടെ കമ്മിറ്റിയില്‍ വരണം എന്ന് ആവശ്യപ്പെട്ട വ്യക്തിയാണ് ടിനി ടോം എന്നും ഇപ്പോള്‍ പുതിയ മാറ്റത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും മല്ലിക പറയുന്നു.















Click it and Unblock the Notifications