'മണിച്ചേട്ടന് ഭാര്യയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന്, ആ ഒരു മാസത്തിനിടെ എന്ത് വേർപിരിയൽ'? സഹോദരന്റെ മറുപടി
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ചോദ്യങ്ങളുമാണ് അദ്ദേഹത്തിന്റെ കുടുംബം തുടക്കം മുതൽക്കേ ഉയർത്തുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിൽ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും അതൊരു കൊലപാതകമാണോ എന്ന് തെളിയിക്കുന്നതൊന്നും പോലീസിന് കണ്ടെത്താനാകാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഭാര്യ നിമ്മിയുമായി മണിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു എന്ന തരത്തിൽ ആ സമയത്ത് പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിനെക്കുറിച്ച് സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ പ്രതികരിക്കുന്നു.
ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ: '' മണിച്ചേട്ടന്‍ ഭാര്യയും മകളുമായി വഴക്കിലാണ് എന്ന് ഇവരെല്ലാം പറഞ്ഞിരുന്നു. അങ്ങനെയൊരു പ്രശ്‌നമേ അവിടെ ഉണ്ടായിട്ടില്ല. ഫെബ്രുവരി നാലിന് ആണ് ചേട്ടന്റെ വിവാഹ വാര്‍ഷികം. അത് വളരെ ഗംഭീരമായി പാടിയില്‍ വെച്ച് ആഘോഷിച്ചതാണ്. ഒരുപാട് ആളുകള്‍ വന്നിരുന്നു. ഗാനമേളയും കലാപരിപാടികളുമൊക്കെ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് വെറും ഒരു മാസത്തിന് ശേഷമാണ് മരണം സംഭവിക്കുന്നത്.
ആ ഒരു മാസത്തിനുളളില്‍ എന്ത് വേര്‍പിരിയലും എന്ത് പിണക്കവുമാണ് എന്നാണ് പറയുന്നത്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നതാണ്. ചേട്ടന്‍ പണ്ട് മുതല്‍ക്കേ പാടിയില്‍ ചെന്നിരിക്കുന്ന ആളാണ്. കലാപരമായും സൗഹൃദപരമായും ഒക്കെ അദ്ദേഹം സമയം ചെലവഴിക്കുന്ന സ്ഥലമാണ് പാടി. കാരണം വീട്ടിലേക്ക് ആളുകള്‍ വന്ന് പോകുന്നതിന് പരിമിതികളുണ്ടാകും. അപ്പോള്‍ അദ്ദേഹം ഇഷ്ടമുളള ഒരു ഔട്ട്ഹൗസില്‍ പോയിരിക്കുന്നു, ആളുകളുമായി ഇടപെടുന്നു. അത്രയേ ഉളളൂ. അതിനെയാണ് മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നത്.

അന്നത്തെ ദിവസം 3 മണിയോടെ ഇവര്‍ ആരെയും അറിയിക്കാതെ ചേട്ടനെ ആശുപത്രിയില്‍ എത്തിച്ചു. 6 മണിക്കാണ് തന്നെ അറിയിക്കുന്നത്. മരുന്ന് കുത്തിവെച്ച കാര്യമൊന്നും ഇവര്‍ ഡോക്ടറോട് പറഞ്ഞില്ല. പിറ്റേന്ന് രാവിലെ ഡോക്ടര്‍മാര്‍ വിളിച്ച് പറഞ്ഞു, മണിയുടെ ഉളളില്‍ വിഷാംശങ്ങള്‍ ചെന്നിട്ടുണ്ട്, അതുകൊണ്ട് പോലീസില്‍ അറിയിക്കുകയാണ് എന്ന്. ഇത്രയും ദുരൂഹമായ സാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ മരണത്തിലുണ്ടായിരുന്നു.
ഫോറന്‍സിക് വിദഗ്ധനെ കണ്ട് സംസാരിച്ചപ്പോള്‍ അദ്ദേഹം കൃത്യമായി പറഞ്ഞത് ഇത് മീഥേല്‍ ആല്‍ക്കഹോള്‍ പോയിസണിംഗ് തന്നെയാണ് എന്നാണ്. ചേട്ടന് രണ്ട് തവണ ഡയാലിലിസ് ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. പച്ചക്കറി കഴിച്ചതിലൂടെയാണ് മീഥേല്‍ ആല്‍ക്കഹോള്‍ ഉളളില്‍ച്ചെന്നത് എന്ന് വിശ്വസിക്കുന്നില്ല.
നാലഞ്ച് വര്‍ഷം അന്വേഷണവുമായി മുന്നോട്ട് പോയി. പോലീസിന്റെ അന്വേഷണം ഒട്ടും തൃപ്തികരമായിരുന്നില്ല. സിബിഐ അന്വേഷണത്തിലും തൃപ്തികരമായ കണ്ടെത്തലിലേക്ക് എത്തിയില്ല. അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ച് പോയി. സിബിഐക്ക് കൂടുതല്‍ തെളിവുകള്‍ കൊടുക്കാനുളള സാഹചര്യം അതിനാല്‍ ഉണ്ടായില്ല. അദ്ദേഹം ധരിച്ച വസ്ത്രങ്ങളൊക്കെ തീയിട്ട് കളഞ്ഞു, പാടി അടിച്ച് കഴുതി വൃത്തിയാക്കി. ആകെയുളളത് ഫോറന്‍സിക് റിപ്പോര്‍ട്ട് ആണ്. അത് വെച്ചാണ് കോടതിയില്‍ പോയി കേസ് സിബിഐയിലേക്ക് എത്തിച്ചത്.














Click it and Unblock the Notifications