നഴ്സിങ് ലൈംഗികവൽക്കരിക്കപ്പെട്ട ജോലിയെന്ന് നടി കങ്കണ; രൂക്ഷവിമർശനവുമായി മാലാ പാർവതിയും ജുവൽ മേരിയും
നഴ്സിങ് തൊഴിൽ മേഖലയെയും നഴ്സുമാരുടെ വസ്ത്രധാരണത്തെയും അധിക്ഷേപിച്ചുകൊണ്ടുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ടിന്റെ പ്രസ്താവനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. നഴ്സിങ് ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ട ജോലിയാണെന്നും അവരുടെ വസ്ത്രധാരണം 'ഭാരതീയ രീതിയിലാക്കണം' എന്നുമുള്ള കങ്കണയുടെ വാദങ്ങൾ സ്ത്രീവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര താരങ്ങളായ മാലാ പാർവതിയും ജുവൽ മേരിയും രംഗത്തെത്തി.
"സ്ത്രീകളെ ഏറ്റവും കൂടുതൽ വസ്തുവൽക്കരിക്കുന്നത് സിനിമയിൽ"
കങ്കണ റണൗട്ടിന്റേത് അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയാണെന്ന് മാലാ പാർവതി വ്യക്തമാക്കി. ഇവിടെ ജോലി ചെയ്യുക എന്നത് ഓരോരുത്തരുടെയും ഭരണഘടനാപരമായ അവകാശമാണെന്നും ലോകമെമ്പാടും പോയി ലക്ഷക്കണക്കിന് നഴ്സുമാർ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ, മാലാഖമാരെപ്പോലെ സേവനം ചെയ്യുമ്പോൾ അവരെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയാണോ എന്നും അവർ ചോദിച്ചു. താൻ ഉൾപ്പെടുന്ന സിനിമ മേഖലയെ ചൂണ്ടിക്കാട്ടിയായിരുന്നു മാലാ പാർവതിയുടെ പ്രധാന വിമർശനം.
"സ്ത്രീകളെ ഏറ്റവും കൂടുതൽ 'ഒബ്ജക്റ്റീഫിക്കേഷൻ' നടത്തുന്നത് സിനിമയിലാണ്. അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്ത കങ്കണയ്ക്ക്, നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്? രാജ്യത്ത് പരീക്ഷാ പേപ്പറുകൾ ചോരുന്നു, സാധനങ്ങൾക്കും ഗ്യാസിനും ഇന്ധനത്തിനും വില കൂടുന്നു. കുട്ടികളുടെയും സാധാരണക്കാരുടെയും ഭാവി അവതാളത്തിലാകുന്ന ഇത്തരം പ്രധാന പ്രശ്നങ്ങളിൽ നിന്നും ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാനാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ഇവർ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നത്." നാളെ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് കങ്കണ ഇതിൽ നിന്ന് പിന്മാറിയേക്കാമെന്നും, നഴ്സിങ് സമൂഹത്തെ അധിക്ഷേപിച്ചതിനെതിരെ എല്ലാവരും ഒന്നിച്ച് പ്രതിഷേധിക്കണമെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

ചരിത്രം പഠിക്കാതെയാണ് കങ്കണ സംസാരിക്കുന്നത്
നഴ്സിങ് എന്ന പ്രൊഫഷനെക്കുറിച്ച് കൃത്യമായി പഠിക്കാതെയാണ് കങ്കണ സംസാരിക്കുന്നതെന്ന് നടിയും അവതാരകയുമായ ജുവൽ മേരി വിമർശിച്ചു. നിലവിലെ യൂണിഫോം ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് ജോലി സുഗമമാക്കുന്നതിനായി രാജ്യാന്തര നിലവാരമനുസരിച്ച് കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുന്നതാണെന്ന് ജുവൽ ചൂണ്ടിക്കാട്ടി. 'ഭാരതീയ വസ്ത്രധാരണം' വേണമെന്ന കങ്കണയുടെ വാദത്തെ ചരിത്ര വസ്തുതകൾ നിരത്തിയാണ് ജുവൽ മേരി പ്രതിരോധിച്ചത്.
"പണ്ട് ഭാരതത്തിൽ സ്ത്രീകൾ മാറുമറയ്ക്കാതെയും ബ്ലൗസ് ധരിക്കാതെയും ഒറ്റമുണ്ട് ഉടുത്തുമാണ് നടന്നിരുന്നത്. അങ്ങനെയെങ്കിൽ ഏത് കാലഘട്ടത്തിലെ വസ്ത്രധാരണമാണ് ഇവർ ആവശ്യപ്പെടുന്നത്? ഭാരതത്തിന് എല്ലാ കാലഘട്ടത്തിലും മാറിമറിഞ്ഞു വരുന്ന വസ്ത്രധാരണ ചരിത്രമല്ലാതെ ചൈനീസ് കിമോണോ പോലെ ഒരു പ്രത്യേക ശൈലിയില്ല. പണ്ടത്തെ ഒറ്റമുണ്ട് ഉടുത്താണോ ഇവർ ആശുപത്രിയിൽ പോകാൻ പറയുന്നത്?" രാജ്യത്ത് നടക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും വംശീയവും പ്രൊഫഷണലുമായ വികാരങ്ങളെ വ്രണപ്പെടുത്തി പുകമറ സൃഷ്ടിക്കാനുമാണ് കങ്കണ ശ്രമിക്കുന്നത്. ഇതൊരുതരം 'അറ്റൻഷൻ സീക്കിങ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ' പോലെയാണെന്നും, വിവരമുള്ള ആളുകൾ ഉത്തരവാദിത്തപ്പെട്ട പോസ്റ്റുകളിൽ വരണമെന്നാണ് തന്റെ ആഗ്രഹം എന്നും ജുവൽ മേരി തുറന്നടിച്ചു.












Click it and Unblock the Notifications