കിച്ചു സുധി ബിഗ് ബോസ് മലയാളം 8 ലേക്ക്? വരുന്നത് ഈ 21 പേരോ? ചർച്ചയായി പുതിയ പ്രെഡിക്ഷൻ ലിസ്റ്റ്
ബിഗ് ബോസ് സീസണ്‍ 8നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പുതിയ സീസണിൽ ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുക എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം സജീവമായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും വിവിധ യൂട്യൂബ് ചാനലുകളും ബിഗ് ബോസ് ഗ്രൂപ്പുകളും തങ്ങളുടെ പ്രെഡിക്ഷൻ ലിസ്റ്റുകൾ പങ്കുവെച്ചുതുടങ്ങിയിരിക്കുകയാണ്. അത്തരത്തിൽ യൂട്യൂബ് ചാനലായ അൻസിഫ് മൂൺലെറ്റ് മീഡിയോ പങ്കുവെച്ച സാധ്യതാ മത്സരാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഗായകർ, സീരിയൽ താരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, അവതാരകർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരുകളാണ് ലിസ്റ്റിലുള്ളത്.
ലിസ്റ്റിൽ ആദ്യമായി പരാമർശിക്കുന്ന പേരുകളിൽ ഒന്നd ഗായിക ശിവാംഗി കൃഷ്ണകുമാറിൻ്റേതാണ്. തമിഴിലും മലയാളത്തിലും ഒരുപോലെ ജനപ്രീതി നേടിയ ശിവാംഗി ബിഗ് ബോസിൽ എത്തുമോ എന്ന ചർച്ചകൾ ഇതിനോടകം ആരാധകർക്കിടയിൽ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ തൊപ്പിയും സാധ്യതാ പട്ടികയിലുണ്ടെന്നാണ് ചാനൽ പറയുന്നത്.

ആങ്കറും അവതാരകയുമായ മീര അനിലിന്റെ പേരും ലിസ്റ്റിലുണ്ട്. മുൻപ് നടത്തിയ ചില അഭിമുഖങ്ങളിലെ ചോദ്യങ്ങൾ വിവാദമായതോടെ മീര സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കൊല്ലം സുധിയുടെ മകൻ കിച്ചു സുധിയും സാധ്യതാ പട്ടികയിലുള്ള മറ്റൊരാൾ. വ്യക്തിജീവിതവും ഇപ്പോഴത്തെ യാത്രയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സാഹചര്യത്തിൽ കിച്ചു വരാനുള്ള സാധ്യത ഏറെയാണെന്നാണ് പ്രവചനം.
കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ ശൈത്യ സന്തോഷിന്റെ അമ്മയും സീരിയൽ താരവുമായ ഷീന സന്തോഷിനെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ ഹൈദർ അലി, സാന്ത്വനം സീരിയലിലെ കണ്ണനായി ശ്രദ്ധ നേടിയ അച്ചു സുഗന്ധ്, ബിജെപി നേതാവും നടനുമായ വിവേക് ഗോപൻ എന്നിവരും സാധ്യതാ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്.
ഇൻസ്റ്റഗ്രാം താരം തുമ്പി എന്ന അക്കൗണ്ടിലൂടെ ശ്രദ്ധ നേടിയ വിഷ്ണു കെ. ഷിംന, യുവതാരം രോഹൻ ലോണ, ആർട്ടിസ്റ്റ് ശ്രീലക്ഷ്മി മോണിക്ക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫസ്മിന, റീലുകളിലൂടെ ശ്രദ്ധ നേടിയ ആദർശ് ഷേണായി എന്നിവരുടെ പേരുകളും പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ട്.
ട്രാൻസ് വുമൺ ആകാംക്ഷ, നടനും സംവിധായകനുമായ അനീഷ് രവി, ഇൻസ്റ്റഗ്രാം താരം 'തുപ്പൽ പൊട്ടാസ്', ട്രാൻസിഷൻ ക്വീനായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മെഹർ ഫാത്തിമ എന്നിവരെയും സാധ്യതാ മത്സരാർത്ഥികളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും മെഹർ ഫാത്തിമയുടെ പേര് ബിഗ് ബോസ് ചർച്ചകളിൽ ഉയർന്നിരുന്നു. മോഡലും നടനുമായ വ്യാസൻ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ദീപക് മോഹൻ, സംരംഭകനായ അബിൽ ദേവ്, യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസർ റാഷിദ എന്നിവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇവയെല്ലാം സോഷ്യൽ മീഡിയ പ്രെഡിക്ഷൻ ലിസ്റ്റുകൾ മാത്രമാണ്. മത്സരാർത്ഥികളെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ബിഗ് ബോസ് സംഘാടകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. യഥാർത്ഥ മത്സരാർത്ഥികൾ ആരൊക്കെയാകുമെന്ന് അറിയാൻ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications