മാധുരി ദിക്ഷിത് വിറ്റ് തുലയ്ക്കുകയല്ല; കോടികള്‍ ലാഭം കൊയ്യുന്നു, ജുഹുവിലെ മൂന്നാമത്തെ വീടും വിറ്റു
മുംബൈ: സെലിബ്രിറ്റികളുടെ കേന്ദ്രീകൃത ലോകമാണ് മുംബൈ നഗരത്തിലെ ജുഹു. ഇവിടെയുള്ള ഓരോ അടി സ്ഥലത്തിനും ലക്ഷങ്ങളാണ് വില. താരങ്ങള്‍ ഇവിടെ വീടു വാങ്ങുന്നതും വില്‍ക്കുന്നതും വിനോദ വിപണിയിലെ പ്രധാന വാര്‍ത്തകളാണ്. നടി മാധുരി ദീക്ഷിത് വീട് വില്‍പ്പന നടത്തിയതാണ് പുതിയ വാര്‍ത്ത. അവര്‍ വലിയ ലാഭത്തിലാണ് വീട് വിറ്റിരിക്കുന്നത്.
മാധുരി ദീക്ഷിതിന്റെ കാര്യത്തില്‍ ഒരു വീട് വിറ്റത് മാത്രമല്ല വാര്‍ത്ത. അവര്‍ എട്ട് മാസത്തിനിടെ മൂന്നാമത്തെ സ്വത്താണ് വില്‍ക്കുന്നത്. എല്ലാം കോടികളുടെ ഇടപാടുകളാണ്. മൂന്നും വാങ്ങിയത് വ്യത്യസ്ത കമ്പനികളും വ്യക്തികളുമാണ്. മാധുരി ദീക്ഷിത് തുടര്‍ച്ചയായി സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കാരണം എന്ത് എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

ജുഹുവിലെ അപ്പാര്‍ട്ട്‌മെന്റ് 4.40 കോടി രൂപയ്ക്കാണ് മാധുരി ദീക്ഷിതും ഭര്‍ത്താവ് ഡോ. ശ്രീറാം മാധവും വില്‍പ്പന നടത്തിയിരിക്കുന്നത്. 12 വര്‍ഷം മുമ്പ് 1.94 കോടിക്ക് വാങ്ങിയ വീടാണ് ഇപ്പോള്‍ വിറ്റിരിക്കുന്നത്. അതായത്, 127 ശതമാനം ലാഭത്തിലാണ് ഇടപാട് നടന്നത്. മുദ്രപത്രത്തിന് മാത്രം 26.40 ലക്ഷം രൂപ വേണ്ടി വന്നു. രജിസ്‌ട്രേഷന്‍ നിരക്കായി 30000 രൂപയും.
ജുഹുവിലെ മിലിറ്ററി റോഡിലുള്ള ദീപ് ലര്‍ഷ കോഓപറേറ്റീവ് ഹൗസിങ് സൊസൈറ്റി ലിമിറ്റഡിന്റെ ഭാഗമായുള്ള വീടാണ് മാധുരി ദീക്ഷിത് വിറ്റിരിക്കുന്നത്. 774 ചതുരത്ര അടി കാര്‍പറ്റ് ഏരിയ ആണ് ഉണ്ടായിരുന്നത്. സച്ചിന്‍ ശേഖര്‍ ഷെട്ടി എന്ന വ്യക്തിയാണ് ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. 14 വര്‍ഷം കൊണ്ട് രണ്ട് കോടിയില്‍ അധികം രൂപ ഈ ഇടപാടിലൂടെ മാധുരി ദീക്ഷിതിന് ലഭിച്ചു.
എട്ട് മാസത്തിനിടെ മാധുരി ദീക്ഷിത് വില്‍പ്പന നടത്തുന്ന മൂന്നാമത്തെ സ്വത്താണിത്. കഴിഞ്ഞ ഡിസംബറില്‍ ജുഹുവിലെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റ് മാധുരി ദീക്ഷിത് വിറ്റിരുന്നു. 13 വര്‍ഷം മുമ്പ് 1.95 കോടി രൂപയ്ക്ക് വാങ്ങിയ വീടാണ് 3.90 കോടിക്ക് നടി വില്‍പ്പന നടത്തിയത്. 95 ശതമാനം ലാഭത്തിലാണ് വില്‍പ്പന നടന്നത്. ഈ തുക ഉപയോഗിച്ച് നടി മറ്റു നിക്ഷേപം നടത്തിയിരിക്കാം എന്ന് കരുതുന്നു.
കഴിഞ്ഞ ജൂണില്‍ അന്ധേരി വെസ്റ്റിലെ ഓഫീസ് മാധുരി ദീക്ഷിത് വിറ്റത് 4.85 കോടി രൂപയ്ക്കാണ്. ഓഷിവാരയിലായിരുന്നു ഈ ഓഫീസ്. 18 വര്‍ഷം മുമ്പ് 52 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഫീസിന്റെ വില്‍പ്പന നടിക്ക് വലിയ ലാഭമാണ് നല്‍കിയത്. 1600 ചതുരശ്ര അടി കാര്‍പ്പറ്റ് ഏരിയയാണ് ഓഫീസിലുണ്ടായിരുന്നത്. ഫ്രൈംസ് പ്രൊഡക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇത് വാങ്ങിയത്. 29 ലക്ഷം രൂപയുടെ മുദ്രപത്രമാണ് ഇടപാടിന് ഉപയോഗിച്ചത്.





Click it and Unblock the Notifications