'അമ്മ'യെ യുവതാരങ്ങൾ കൈവിടുന്നു..പുതിയ സംഘടന വരും?മഹേഷ് നായർ പറയുന്നു
താരസംഘടനയായ അമ്മയിലെ വിവാദങ്ങൾ യഥാർത്ഥത്തിൽ സാധാരണക്കാരായ അംഗങ്ങളേയാണ് ബാധിച്ചിരിക്കുന്നതെന്ന് നടൻ മഹേഷ് നായർ. സംഘടനയിലെ ഉള്ളുകളികളൊന്നും തങ്ങൾക്ക് അറിയില്ല. അമ്മയിൽ നിന്ന് കൈനീട്ടം വാങ്ങുന്ന തന്നെ പോലുള്ളവർക്ക് മത്സരിക്കാൻ പോലും അനുവാദമില്ല. സംഘടനയ്ക്കുള്ളിൽ മതവും ജാതിയും കലർത്തുന്നതൊന്നും അംഗീകരിക്കാൻ പോലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'അൻസിബയ്ക്ക് ആയിരുന്നു സഞ്ജീവിനിയുടെ ചുമതല ഉണ്ടായിരുന്നത്. ഒറ്റക്ക് ആ കുട്ടി മനോഹരമായിട്ട് അത് കൊണ്ടുപോയികൊണ്ടിരുന്നതാണ്. ബാബുരാജ് ആയിരുന്ന സമയത്താണ് ഇത് തുടങ്ങുന്നത്. ഈ സഞ്ജീവിനിയെ ചൊല്ലിയൊക്കെ വ്യത്യസ്ത അഭിപ്രായം വരുമ്പോൾ അമ്മയിൽ നിന്നും കൈനീട്ടം മേടിക്കുന്ന, സഞ്ജീവനിയുടെ മരുന്ന് മേടിക്കുന്ന ഏറെക്കുറെ നൂറോളം പേർക്ക് വലിയ ആശങ്കയുണ്ട്.

നമ്മളെ നയിക്കാൻ 17 പേരെ നമ്മൾ തിരഞ്ഞെടുക്കുന്നു, അവർ തമ്മിൽ പോലും ഐക്യം ഇല്ല. ഇതിന്റെ തലപ്പത്തിരിക്കുന്ന ആള് പരസ്യമായിട്ട് ജനറൽ ബോർഡിൽ നിന്ന് ഞാൻ രാജിവെച്ച് പോണു എന്ന് പറഞ്ഞിട്ട് പിന്നീട് നിയമം വഴി തിരിച്ചുവരിക, ഇങ്ങനെയൊക്കെ കൺഫ്യൂഷൻ ഉണ്ടാക്കേണ്ട കാര്യമില്ല. അഭിനേതാക്കൾക്കിടയിൽ എവിടെയാണ് നമുക്ക് മതവും ജാതിയും.
പ്രശ്നം സങ്കീർണമാകുന്നതിന്റെ തുടക്കം എന്ന് പറയുന്നത് ഈ കുടുംബ സംഗമത്തിന് തൊട്ടു മുമ്പായിട്ടാണ് .കുടുംബ സംഗമത്തിൻ്റെ സ്പോൺസർഷിപ്പ് വരുന്നത് സംബന്ധിച്ച് ട്രെഷറർക്ക് ഒന്നും അറിയില്ലെന്നാണ് പറഞ്ഞ് കേൾക്കുന്നത്. അദ്ദേഹം റബർ സ്റ്റാമ്പ് ആണ്. ട്രഷററിൻ്റെ ആരോപണങ്ങൾക്ക് യാതൊരു ഉത്തരവും കിട്ടിയിട്ടില്ല.
ഈ വിവാദങ്ങളിലെല്ലാം പ്രതികരിക്കേണ്ടവർ വായില്ലാക്കുന്നിലപ്പൻമാരായി നിൽക്കുകയാണ്. അപ്പോൾ സാധാരണക്കാരായ ഞങ്ങളൊക്കെ എന്ത് ചെയ്യും. പിന്നെ ചിലർ ബുദ്ധിജീവി കളിക്കുന്നുണ്ട്. എനിക്കപ്പുറം പ്രളയം എന്ന് കരുതുന്നവരാണവർ.
കഴിഞ്ഞ എൽഡിഎഫ് ഭരണത്തിൽ എൽഡിഎഫിനെ പുകഴ്ത്തികൊണ്ട് നടന്നവർ യുഡിഎഫ് വന്നപ്പോൾ യുഡിഎഫിനെ പുകഴ്ത്തികൊണ്ട് നടക്കുന്നു .ഇങ്ങനെ സ്വന്തായിട്ട് നിലപാടില്ലാത്തവരെയൊന്നും അടുപ്പിക്കരുത്.
ഈ മിണ്ടാതിരിക്കുന്ന ചേട്ടന്മാരെല്ലാവരും തിരികെ വരണം. അമ്മയിലെ യുവനിര മൊത്തം വേറൊരു ഒരു അസോസിയേഷൻ തുടങ്ങാനുള്ള പ്ലാൻ ഉണ്ട് എന്നാണ് കേൾക്കുന്നത്. അങ്ങനെ പോയി കഴിഞ്ഞാൽ ആർക്കാണ് ക്ഷീണം? എ എം എം എ എന്ന് വിളിച്ചിട്ട് വീണ്ടും അമ്മ എന്ന് വിളിച്ചു തുടങ്ങിയ പലരും വീണ്ടും ഇപ്പോൾ എ എം എം എ എന്നായി. ആ അവസ്ഥയിലോട്ട് കൊണ്ടട് എത്തിച്ചത് ആരാണ്?
ഈ കഴിഞ്ഞ കുടുംബമേള ഒരു അമ്പലത്തെ സ്പോൺസർഷിപ്പിൽ കൊണ്ടുവന്നു .എല്ലാവർക്കും ഒരു ഞെട്ടലായിരുന്നെങ്കിലും മമ്മുക്ക പറഞ്ഞു ഇനി അതിനെ പറ്റി കൂടുതൽ അന്വേഷിച്ച് അത് സങ്കീർണമാക്കേണ്ട, എന്തായാലും നമുക്ക് ഒരു തുക വരുന്നതല്ലേയെന്ന്. നമുക്ക് അതിനകത്ത് അത്തരം രീതിയിലുള്ള ചിന്തഗതി വേണ്ടന്നും. ആ വലിയ മനുഷ്യന് അത് പറയാൻ തോന്നി. പക്ഷെ അതിൻറെ ബാക്കി തുകയായ 45 ലക്ഷം രൂപ ഇതുവരെ വന്നിട്ടില്ല.
ഇതുപോലെ തന്നെ ഈ എനിക്ക് വലിയ അത്ഭുതം ഉണ്ടാക്കിയ ഒരു കാര്യമാണ് ചലച്ചിത്ര മേള നടന്നപ്പോൾ അമ്മ ഡിന്നർ പാർട്ടി നടത്തിയത്. അഞ്ച് ലക്ഷം രൂപയാണ് ചെലവാക്കിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഈ 17 പേർ അറിഞ്ഞിട്ടുണ്ടോയെന്ന് പോലും സംശയമാണ്. ട്രഷറർ അറിഞ്ഞിട്ടില്ല, ചീത്തപേര് വരാതിരിക്കാൻ അദ്ദേഹം ഒപ്പിട്ട് കൊടുത്തുവെന്നാണ് അറിയാൻ സാധിച്ചത്', മഹേഷ് പറഞ്ഞു.


Click it and Unblock the Notifications