മേജർ രവി വാ തുറന്നാൽ കള്ളം മാത്രം പറയുന്നു, ആ പരാതി കണ്ട് സിബി മലയിൽ അടക്കം ചിരിച്ചു';ശാന്തിവിള ദിനേശ്
മേജർ രവിക്കെതിരെ വീണ്ടും സംവിധായകൻ ശാന്തിവിള ദിനേശ്. ഉണ്ണി മുകുന്ദനെതിരെ താൻ ഫെഫ്കയിൽ പരാതി നൽകിയിട്ടില്ലെന്നും ഇതേക്കുറിച്ച് ശാന്തിവിള ദിനേശ് അടക്കമുള്ളവർ പ്രചരിപ്പിച്ചത് വ്യാജ വാർത്തകളാണെന്നും മേജർ രവി അടുത്തിടെ ആരോപിച്ചിരുന്നു. എന്നാൽ മേജർ കളവ് പറയുകയാണെന്നും സംവിധായകരായ ബി ഉണ്ണി കൃഷ്ണനും കമലിനും സിബി മലയിലിനുമൊക്കെ ഈ കത്തിനെ കുറിച്ച് അറിയാം എന്നും ശാന്തിവിള പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകൻ്റെ പ്രതികരണം. വായിക്കാം
'ഫെഫ്കയിൽ ഉണ്ണി മുകുന്ദനെതിരെ ഞാൻ പരാതി നൽകിയിട്ടില്ല ആ ദിനേശ് കള്ളം പറയുന്നതാണ് എന്നാണ് മേജർ രവി ഇപ്പോൾ ആരോപിക്കുന്നത്. ഈ മനുഷ്യൻ വാ തുറന്നാൽ കള്ളം മാത്രമാണ് പറയുന്നത്. ഇയാൾ എങ്ങനെ പട്ടാളത്തിൽ കുറേക്കാലം സർവീസ് ചെയ്തു എന്നാണ് ഞാൻ ആലോചിക്കുന്നത്. ഇയാൾ ഉണ്ണി മുകുന്ദനെതിരെ നൽകിയ പരാതിയിൽ എഴുതിയിരിക്കുന്ന വാചകങ്ങൾ വായിച്ചിട്ട് മരിച്ചുപോയ സംവിധായകൻ സിദ്ധിക്കും സിബി മലയിലും പൊട്ടിച്ചിരിച്ച് എന്തോ കമന്റ് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഇയാൾ ഒരു സംവിധായകനാണല്ലോ, അങ്ങനെയൊരാളെ കാറിൻ്റെ മുകളിലേക്ക് എടുത്ത് എറിഞ്ഞു എന്നൊക്കെ കേൾക്കുമ്പോൾ ഉണ്ണി മുകുന്ദനോട് വിശദീകരണം ചോദിക്കണം എന്ന പക്ഷക്കാരനായിരുന്നു ഞാൻ. എന്നാൽ അങ്ങനെ വിശദീകരണം ചോദിച്ചാൽ നമുക്കാണ് നാണക്കേട് എന്ന് പറഞ്ഞത് സംവിധായകൻ കമൽ ആണ് എന്നാണ് എൻ്റെ ഓർമ്മ .കത്തു കിട്ടിയ വിവരം പോലും പുറത്തു പറയേണ്ട നാണക്കേടാണ് എന്നാണ് അന്ന് തീരുമാനം എടുത്തത്.
ഞാൻ ഇപ്പോൾ ഫെഫ്കയിൽ പ്രവർത്തിക്കുന്നില്ല. ആറേഴ് വർഷമായി ഫെഫ്ക വിട്ടിട്ട്. എന്നിരുന്നാലും അവിടെ ഫെഫ്കയുടെ മിനുട്സിൽ ഈ കൊടുത്ത പരാതിയെ കുറിച്ച് ഉണ്ടാകും തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത് കീറി കളയാൻ സാധ്യതയില്ല. ഈ വൃത്തികെട്ടവൻ കൊടുത്ത പരാതിയും അവിടെ ഫയലിൽ ഉണ്ടാകും പരിചയപ്പെട്ടവരെ ഒക്കെ 50 ലക്ഷം, അഞ്ചു കോടി ഒക്കെയാണ് പറ്റിച്ചിരിക്കുന്നത് .എന്നിട്ടാണ് ഇങ്ങനെ നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നത്. സിബി മലയലിനെയോ കമലിനെയോ ബി ഉണ്ണികൃഷ്ണനെ ഒക്കെ കാണുമ്പോൾ ഇയാൾ എങ്ങനെ മുഖത്ത് നോക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്, ഇങ്ങനെ എങ്ങനെയാണ് കളവ് പറയുന്നത്?
ഞാൻ ഇയാളെ കുറിച്ച് ഒന്നും എവിടേയും സംസാരിക്കേണ്ടെന്ന് തീരുമാനം എടുത്തതാണ്. എന്നാൽ ഇയാൾ എനിക്കെതിരെ നിരന്തരം വീഡിയോ ചെയ്യുകയാണ്. ഇത് പലരും വിളിച്ച് ചോദിക്കുന്നത് കൊണ്ടാണ് ഇപ്പോൾ ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുന്നത്', ശാന്തിവിള ദിനേശ് പറഞ്ഞു.


Click it and Unblock the Notifications
