പൃഥ്വിരാജ് മാപ്പ് പറയണമെന്ന് പറഞ്ഞവർ അതിലും വലുത് ചെയ്തവരെക്കൊണ്ട് മാപ്പ് പറയിച്ചോ? തുറന്നടിച്ച് മല്ലിക
താരസംഘടന അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് മല്ലിക സുകുമാരൻ. മോശം പ്രവണതകൾ അമ്മ സംഘടനയിലുണ്ടെന്ന് മല്ലിക സുകുമാരൻ തുറന്നടിച്ചു. സംഘടനാ പ്രസിഡണ്ട് ശ്വേതാ മേനോനേയും സെക്രട്ടറി കുക്കു പരമേശ്വരനേയും മല്ലിക സുകുമാരൻ വിമർശിച്ചു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.
മല്ലിക സുകുമാരന്റെ വാക്കുകൾ: '' അമ്മയുടെ ഭാരവാഹികള്‍ ആരെയാണ് ഭയക്കുന്നത്. അവരെ അവിടെ വോട്ട് ചെയ്ത ഇരുത്തിയതല്ലേ. അങ്ങോട്ടും ഇങ്ങോട്ടും ഉരയ്ക്കാന്‍ നില്‍ക്കുന്ന ഇഷ്ടം പോലെ ആളുകള്‍ അതിലുണ്ട്. പക്ഷേ അവരെ എന്തിനാണ് ഇവര്‍ പേടിക്കുന്നത്. ശ്വേത വളരെ നല്ല ഒരു പ്രസിഡണ്ടായിരിക്കും എന്നാണ് കരുതിയത്. ശ്വേതയ്ക്ക് പോലും നിരവധി തടസ്സങ്ങള്‍ അതിനകത്തുണ്ട്. അതൊക്കെ മറക്കാനായിരിക്കും ഇപ്പോള്‍ ഉദ്ഘാടനങ്ങളും ആഘോഷങ്ങളുമൊക്കെയായി ശ്വേത നടക്കുന്നത്.
ശ്വേത എന്തുകൊണ്ടാണ് ശക്തമായി പറയാത്തത്. ജനറല്‍ ബോഡിയില്‍ ശ്വേത പറയുമെന്നും ഇനി എല്ലാം നന്നായി നടക്കുമെന്നും ആരോ പറയുന്നത് കേട്ടു. അമ്മ സംഘടനയിലാണോ അയ്യോ എന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത്. ഈ സംഭവങ്ങളൊക്കെ സംഘടനയിലുളള നല്ല ആളുകള്‍ക്കും മോശമല്ലേ. ശ്വേതയോട് ഇക്കാര്യം താന്‍ സംസാരിക്കും.

മല്ലിക ചേച്ചി ലൂസ് ടോക്കറാണെന്ന് ശ്വേതയോ കുക്കുവോ ആര് വേണമെങ്കിലും പറഞ്ഞോട്ടെ. പ്രശ്‌നമല്ല. മോശമായ പ്രവണതകള്‍ സംഘടനയിലുണ്ടാകുമ്പോള്‍ അത് തിരുത്താനാണ് പ്രസിഡണ്ടിനേയും സെക്രട്ടറിയേയും ഇസിയേയും എടുക്കുന്നത്. അവര്‍ തമ്മില്‍ അടിയായാല്‍ പിന്നെ ഭരണം എങ്ങനെ നടക്കും. ഇപ്പോഴുളള കമ്മിറ്റിയില്‍ തൃപ്തയല്ല.
മറ്റാരൊള്‍ പറയുന്നത് കേട്ട് താന്‍ അഭിപ്രായം പറയില്ല. അതുകൊണ്ടാണ് തന്നെ പേടി, അതുകൊണ്ടാണ് തന്നെ എടുക്കാത്തത്. തനിക്ക് ചില പ്രിന്‍സിപ്പല്‍സ് ഉണ്ട്. ശക്തമായ നടപടിയെടുക്കാന്‍ ആരെയാണ് ഇവര്‍ ഭയക്കുന്നത്. ചിലപ്പോള്‍ പുറത്ത് അറിയേണ്ട എന്ന് കരുതി പലതും ഒതുക്കുന്നതാവും. പക്ഷേ എല്ലാ വോയിസ് മെസ്സേജും എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. അതെങ്ങനെയാണെന്ന് അന്വേഷിക്കാന്‍ സംവിധാനമില്ല.
അതിന് പകരം ഞാനിപ്പോള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞും എന്നെ പിടിച്ച് പോലീസ് സ്‌റ്റേഷനില്‍ കയറ്റിയെന്നും പറഞ്ഞ് ചിലരും നടക്കുന്നു. കൂടെ പ്രവര്‍ത്തിക്കുന്ന ഒരു ഇസി അംഗത്തിനെതിരെ കേസ് കൊടുക്കുന്നു. അതൊക്കെ ചെയ്യാമോ. ഇതിലും വലിയ തെറ്റ് ചെയ്തവര്‍ ഇല്ലേ, എന്ത് നടപടിയാണ് എടുത്തത് ഇവര്‍.
ഉണ്ണി ശിവപാലിനോട് ട്രഷറര്‍ സ്ഥാനത്ത് നിന്ന് ലീവെടുക്കാന്‍ പറഞ്ഞിരിക്കുകയാണ്. ഉണ്ണി ശിവപാലും സെക്രട്ടറിയും, രണ്ട് പേരും തെറ്റ് ചെയ്തു എന്ന് ബോധ്യമുണ്ടെങ്കില്‍ ഒരാളെ മാത്രം ശിക്ഷിച്ചാല്‍ മതിയോ. രണ്ട് പേരോടും പറയണം അടുത്ത ജനറല്‍ ബോഡിക്ക് മാത്രം വന്നാല്‍ മതിയെന്ന്.
പ്രസിഡണ്ട് സ്ഥാനത്ത് ആരെയും ഫേവര്‍ ചെയ്യാതെ നില്‍ക്കുന്ന ആള്‍ വേണം. എന്തിനാണ് അവിടെ ക്യാമറകള്‍ വെച്ചിരിക്കുന്നത്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ എഴുതി കയ്യില്‍ വെച്ചിട്ടുണ്ട്. മമ്മൂട്ടിയേയോ മോഹന്‍ലാലിനേയോ കണ്ടാല്‍ കാണിക്കും. കുക്കു മനപ്പൂര്‍വ്വം ചെയ്തതാവില്ല, ആരുടേയെങ്കിലും പ്രേരണ കാണും. അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതിന് ഞങ്ങളെല്ലാം സാക്ഷികളാണ്.
പൃഥ്വിരാജിനെ കൊണ്ട് മാപ്പ് പറയിപ്പിക്കണം എന്ന് പറയാന്‍ സാധിച്ച സംഘടനയ്ക്ക് അതിലും വലിയ പോക്രിത്തരം കാണിച്ചവരെ കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ സാധിക്കാത്തത് എന്താണ്. അവരെ വെറുപ്പിച്ചാല്‍ കഞ്ഞികുടി മുട്ടും എന്ന് കരുതിയാണ്. പെന്‍ഷന്‍ കൊടുക്കാന്‍ ചെറിയൊരു ഓഫീസ് മതി. അതല്ലാതെ ഈ ജനറല്‍ ബോഡി, സ്‌പോണ്‍സര്‍ഷിപ്പ് പോയി കൊടുക്കാന്‍ അമ്പലം ഇതിലൊക്കെ അഭിപ്രായ വ്യത്യാസമുണ്ട്.
ഇതെല്ലാം കൂടി ഒരു അവിയല്‍ പരുവമായി. പ്രസിഡണ്ടും സെക്രട്ടറിയും തന്നെയാണ് അത് ശ്രദ്ധിക്കേണ്ടത്. കുക്കു ഇതൊരു ഫിലിം ഫെസ്റ്റിവല്‍ കാണുന്നത് പോലെ കാണരുത്. അതല്ല സംഘടന, കുറച്ച് കൂടി ഗൗരവം വേണം. മുന്‍പ് ഒരു പ്രശ്‌നവും ഇല്ലായിരുന്നു. വിഷമം കൊണ്ട് പറയുന്നതാണ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പേരിലല്ലേ ഓരോ സ്‌പോണ്‍സര്‍ഷിപ്പുകള്‍ കിട്ടുന്നത്. അല്ലാതെ ഈ അടിയുണ്ടാക്കുന്ന ആളുകള്‍ക്ക് ആര് കൊടുക്കും.
എവിടെ ചെന്നാലും ആളുകള്‍ ചോദിക്കുന്നത്, എന്താണ് ചേച്ചീ കൂട്ടത്തല്ലാണല്ലോ അവിടെ എന്നാണ്. അതിലൊക്കെ സങ്കടമുണ്ട്. ലൈഫ് മെമ്പര്‍ഷിപ്പ് താന്‍ എടുക്കുമ്പോള്‍ ഇവരൊന്നും ഇല്ല. ഏത് സിനിമാ സംഘടനയെടുത്താലും അതില്‍ പൊളിറ്റിക്‌സും തന്നിഷ്ടവും ഒക്കെയുണ്ട്. എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി ഡിന്നര്‍ കൊടുത്തത്. ആ പണമുണ്ടെങ്കില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ കൊടുക്കാം. ഇങ്ങനെ നടക്കാന്‍ പാടില്ലാത്തത് പലതും നടക്കുന്നുണ്ട്. ആരെങ്കിലുമൊക്കെ ഇടപെട്ട് ഇതൊക്കെ അവസാനിപ്പിച്ചില്ലെങ്കില്‍ ഇത് ഭയങ്കര ബോറാണ്''.














Click it and Unblock the Notifications