"നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കാം" സദാചാര ആക്രമണം നടത്തിയ വ്ലോഗർക്ക് മാസ് മറുപടിയുമായി മഞ്ജു പിള്ളയും മകളും
സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെയും അവരുടെ മക്കളുടെയും വസ്ത്രധാരണത്തെച്ചൊല്ലി സദാചാരവാദികൾ വാളെടുക്കുന്നത് പുതിയ സംഭവമല്ല. ഇപ്പോഴിതാ പ്രശസ്ത നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും മോഡലിങ് ഫോട്ടോഷൂട്ടുകളെയും അതീവ മോശമായ ഭാഷയിൽ വിമർശിച്ച ഒരു വ്ലോഗർക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 'ഷെഫീന' എന്ന വ്ലോഗറാണ് ദയയുടെ പുതിയൊരു ട്രാൻസിഷൻ റീൽ വീഡിയോയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തെത്തിയത്. 'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം' എന്ന ലൈനിലായിരുന്നു ഈ വ്ലോഗറുടെ വിമർശനം.
"മഞ്ജു പിള്ളയ്ക്ക് ഒരു മകളല്ലേ ഉള്ളൂ, അവൾക്ക് കുറച്ച് മര്യാദ പറഞ്ഞു കൊടുത്തൂടെ? മകളെ കയറൂരി വിട്ടിരിക്കുകയാണോ? ഇപ്പോഴത്തെ പിള്ളേരുടെ വിചാരം തുണി പറിച്ച് കളയുന്നതാണ് സ്വാതന്ത്ര്യം എന്നാണ്. ഇതൊന്നും ഫാഷനല്ല, മോഡേണിസം തലയിൽ കയറിയതാണ്. ഈ കാണിക്കുന്ന കോലത്തിനൊക്കെ പബ്ലിക് ന്യൂയിസൻസിന് കേസ് എടുക്കണം" എന്നൊക്കെയായിരുന്നു വ്ലോഗറുടെ വാക്കുകൾ. എന്നാൽ വീഡിയോ പുറത്തുവന്നതോടെ കളി ആകെ മാറി. വ്ലോഗർ വിചാരിച്ചതുപോലെ ആളുകൾ കൂടെ നിൽക്കുന്നതിന് പകരം വ്ലോഗർക്കെതിരെ തിരിയുകയായിരുന്നു.

കട്ട സപ്പോർട്ടുമായി സോഷ്യൽ മീഡിയയും അമ്മയും!
"ഈ സ്ത്രീ ഒരു പൊതുശല്യമാണ്, എത്ര പെൺകുട്ടികളെയാണ് ഇവർ മാനസികമായി വിഷമിപ്പിക്കുന്നത്" എന്ന് ചോദിച്ചുകൊണ്ട് ഒട്ടനവധി പേരാണ് ദയയ്ക്ക് പിന്തുണയുമായി എത്തിയത്. ഒരാൾ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും കാണിച്ച് നിരവധി കണ്ടന്റ് ക്രിയേറ്റേഴ്സ് ദയയെ സപ്പോർട്ട് ചെയ്ത് വീഡിയോകൾ ഇറക്കി. സൈബർ അറ്റാക്ക് ശക്തമായതോടെ ഒടുവിൽ വ്ലോഗർ ആ വീഡിയോ ഡിലീറ്റ് ചെയ്ത് തലയൂരി.
എന്നാൽ തന്നെ ചൊറിയാൻ വന്ന വ്ലോഗർക്ക് ഇൻസ്റ്റാഗ്രാമിലൂടെ തകർപ്പൻ മറുപടിയാണ് ദയ നൽകിയത്. കൂടുതൽ ബോൾഡ് ആയ ഒരു പുതിയ ലുക്കിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട്, സിനിമയിലെ പ്രശസ്തമായ ഡയലോഗ് ഓർമ്മിപ്പിച്ച് "ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ..." എന്ന അടിക്കുറിപ്പോടെയാണ് ദയ പോസ്റ്റ് ഇട്ടത്. മകളെ തളർത്താൻ നോക്കിയവർക്ക് മുന്നിൽ മകൾ മാസ്സായി നിന്നപ്പോൾ അമ്മ മഞ്ജു പിള്ളയും കൂടെ തന്നെ നിന്നു. ദയയുടെ ഈ പോസ്റ്റ് മഞ്ജു പിള്ള സ്വന്തം പ്രൊഫൈലിൽ റീ-ഷെയർ ചെയ്യുകയും ചെയ്തു.
ഇതിനുപുറമേ, "ചിലരുടെയൊക്കെ പെരുമാറ്റം കണ്ടാൽ രണ്ട് പൊട്ടിക്കാൻ മനസ്സ് പറയുമെങ്കിലും, മാതാപിതാക്കൾ ഫേമസ് ആയതുകൊണ്ട് മീഡിയയിൽ വാർത്തയാകുമെന്ന് ഓർത്ത് വെറുതെയിരിക്കുന്നു" എന്ന തന്റെ പഴയൊരു റീൽ വീഡിയോ ദയ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി വെച്ചിരുന്നു. ഇതിന് താഴെ മഞ്ജു പിള്ള ഇട്ട കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്; "നീ തല്ലീട്ട് വാ, ബാക്കി ഞാൻ നോക്കിക്കോളാം" എന്നാണ് മകൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മഞ്ജു പിള്ള കുറിച്ചത്. സമീപകാലത്തായി മോഡലിങ് രംഗത്ത് സജീവമായ ദയയ്ക്ക് ഗ്ലാമറസും മോഡേണുമായ ഫോട്ടോഷൂട്ടുകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. സദാചാരവാദികൾക്കെതിരെ അമ്മയും മകളും ചേർന്ന് നൽകിയ ഈ മറുപടിക്ക് കൈയടിക്കുകയാണ് ഇപ്പോൾ സൈബർ ലോകം.














Click it and Unblock the Notifications