'മഞ്ജുവാര്യര്‍ എന്റെ വാപ്പച്ചിയുടെ മകളായിരുന്നു'; സൗഹൃദത്തിന്റെ ആഴം പറഞ്ഞ് നിയാസ് ബക്കര്‍
മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ നിയാസ് ബക്കര്‍. നടന്‍ അബൂബക്കന്റെ മകനും കലാഭവന്‍ നവാസിന്റെ സഹോദരനുമായ നിയാസിനെ മറിമായം പ്രോഗ്രാമിലെ കഥാപാത്രമാണ് ജനപ്രിയനാക്കിയത്. മഞ്ജുവാര്യറുമായുള്ള സൗഹൃദം സൂചിപ്പിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് രസകരമാണ്. എന്റെ വാപ്പച്ചിയുടെ മകളായിരുന്നു മഞ്ജുവാര്യര്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ മഞ്ജുവാര്യരെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതുമെല്ലാം സൂചിപ്പിക്കുന്നു.
30 കൊല്ലം മുമ്പ് കണ്ടപ്പോഴുള്ള സ്‌നേഹവും ലാളിത്യവും മഞ്ജുവിന് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് നിയാസ് ബക്കര്‍ കുറിക്കുന്നു. എത്ര നാളുകള്‍ക്ക് ശേഷം കണ്ടാലും അതേ സ്‌നേഹം. കാലം ഒരിക്കലും ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് മങ്ങലേല്‍പ്പിക്കില്ല എന്നതിന്റെ നല്ല ഉദാഹരണമാണ് മഞ്ജുവാര്യര്‍ എന്നും നിയാസ് ബക്കര്‍ പറയുന്നു. മോഹന്‍ലാലും മഞ്ജുവാര്യരും ഉള്‍പ്പെടെ പങ്കെടുക്കുന്ന ദുബായിലെ ഷോയില്‍ നിയാസും ഭാഗമാണ്. നിയാസിന്റെ കുറിപ്പ് വായിക്കാം...

''എന്റെ വാപ്പിച്ചിയുടെ മകളായിരുന്നു മഞ്ജു വാര്യർ.
ആ സിനിമയിൽ അന്ന് തുടങ്ങിയ സ്നേഹം... ഇന്നും അതേ ഊഷ്മളതയോടെ! 1996-ൽ സുന്ദർദാസ് സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയും സംഭാഷണവും നിർവഹിച്ച സല്ലാപം എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഞാൻ ആദ്യമായി മഞ്ജു വാര്യരെ കാണുന്നതും പരിചയപ്പെടുന്നതും.
അന്ന് മഞ്ജുവിന്റെ അച്ഛനായിട്ടാണ് എന്റെ വാപ്പച്ചി, (നടൻ അബൂബക്കർ) അഭിനയിച്ചത്. അങ്ങനെ നോക്കുമ്പോൾ വാപ്പച്ചിയുടെ സിനിമയിലെ ആദ്യത്തെ മകളെന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് മഞ്ജു. അന്ന് ആദ്യമായി കണ്ടപ്പോൾ മഞ്ജുവിൽ കണ്ട അതേ സ്നേഹവും ലാളിത്യവും കരുതലും ഇന്നും ഒട്ടും മാറിയിട്ടില്ല.
എത്ര നാളുകൾക്കുശേഷം കണ്ടാലും പഴയ അതേ സ്നേഹത്തോടെ ചേർത്തുപിടിക്കും. വീട്ടിലെ വിശേഷങ്ങൾ ചോദിക്കും, കുടുംബത്തിലെ ഓരോരുത്തരെയും കുറിച്ച് അന്വേഷിക്കും. കാലം എത്ര കടന്നുപോയാലും ചില ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് ഒട്ടും കുറവുണ്ടാകില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മഞ്ജു.
എനിക്ക് മഞ്ജു വാര്യർ എന്നത് കേവലം ഒരു നടിയോ ലേഡി സൂപ്പർസ്റ്റാറോ മാത്രമല്ല. സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ഹൃദയത്തോട് ചേർത്തുനിർത്താൻ തോന്നുന്ന ഒരാളാണ്.
ഇതിനിടയിൽ എടുത്തുപറയേണ്ട മറ്റൊരു സന്തോഷം കൂടിയുണ്ട്. എന്റെ സഹധർമ്മിണി ഹസീനയ്ക്ക് മഞ്ജു വാര്യരെ ഒരുപാട് ഇഷ്ടമാണ്. മഞ്ജുവിന്റെ കടുത്ത ആരാധികയാണ് അവൾ. മഞ്ജുവിനെ ഒന്ന് നേരിൽ കാണാൻ സാധിക്കുമോ എന്ന അവളുടെ ആഗ്രഹം ഞാൻ മഞ്ജുവിനോട് പങ്കുവെച്ചു. ഉടൻ തന്നെ മഞ്ജുവിന്റെ മറുപടി വന്നു: "തീർച്ചയായും നമ്മുടെ റിഹേഴ്സൽ ക്യാമ്പിലേക്ക് കൊണ്ടുവരൂ. എനിക്കും ഒന്ന് കാണാമല്ലോ!"
ആ വാക്കുകളിലെ സ്നേഹവും ആത്മാർത്ഥതയും എത്ര മനോഹരമായിരുന്നു! അങ്ങനെ ഹസീനയ്ക്കും മഞ്ജുവിനെ നേരിൽ കാണാനും ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാനും സാധിച്ചു. അവളുടെ വലിയൊരു ആഗ്രഹം സാധിച്ചുകിട്ടിയ ആ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അതിന് വഴിയൊരുക്കിയ മഞ്ജുവിനോട് പ്രത്യേക സ്നേഹവും നന്ദിയും.
ഇപ്പോൾ കുറേ നാളുകൾക്കുശേഷം വീണ്ടും ഒരുമിച്ച് ഒരു വേദി പങ്കിടാനും യാത്ര ചെയ്യാനും അവസരം ലഭിച്ചിരിക്കുകയാണ്. നമ്മുടെ സ്വന്തം ലാലേട്ടനൊപ്പം, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും അണിനിരക്കുന്ന ദുബായിലെ കൊക്കക്കോള അരീനയിൽ ഡിസംബർ 2-ന് അരങ്ങേറുന്ന 'ഹലാ മോഹൻല്ലാൽ' ഷോയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ സന്തോഷം.ഈ മനോഹരമായ ഒത്തുചേരലിനും ഒരുമിച്ചുള്ള യാത്രയ്ക്കും അവസരം ഒരുക്കിയ സർവേശ്വരന് സ്തുതി.''




Click it and Unblock the Notifications
