ലാലേട്ടന്‍ ചിത്രം, ഒറ്റ ടേക്കില്‍ ഓക്കെ ആയി; 'ജോഷി അങ്കിളിന്റെ കമന്റ്' വെളിപ്പെടുത്തി ലക്ഷ്മി പ്രിയ
നടി ലക്ഷ്മി പ്രിയയും മറ്റു ചിലരും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഓഡീഷന്‍ പൊന്നാനിയില്‍ നടന്നു. നിരവധി പേരില്‍ നിന്നായി തിരഞ്ഞെടുത്ത 400 പേര്‍ക്ക് വേണ്ടിയായിരുന്നു ഓഡീഷന്‍. ഇക്കാര്യം സൂചിപ്പിക്കവെ മുമ്പ് സിനിമയില്‍ വേഷം ലഭിക്കാന്‍ കൊതിച്ചതും ആദ്യ സിനിമയില്‍ വേഷമിട്ടതുമെല്ലാം എടുത്തു പറയുകയാണ് ലക്ഷ്മി പ്രിയ.
അഞ്ച് വയസ് മുതല്‍ നടത്തിയ ശ്രമങ്ങള്‍ 2005ലാണ് വിജയം കണ്ടത്. നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിട്ടതും സംവിധായകന്‍ ജോഷി പറഞ്ഞ കമന്റുമെല്ലാം ലക്ഷ്മി പ്രിയ തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചു. അഭിനയ രംഗത്ത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് സുകുമാരി നല്‍കിയ ഉപദേശവും ലക്ഷ്മി പ്രിയ പറഞ്ഞു.

ലക്ഷ്മി പ്രിയയുടെ കുറിപ്പ് വായിക്കാം: ''രാവിലെ മുതൽ ഓഡീഷൻ തുടങ്ങി..എല്ലാവരും ഒരു ദിവസം പുതുമുഖങ്ങൾ ആയിരുന്നു. അതിനും മുൻപേ ഒരുപാട് ഇടങ്ങളിൽ ചാൻസ് ചോദിച്ച് അലഞ്ഞ ഒരുപാട് പേരുണ്ടാവും. അഞ്ചു വയസ്സുമുതൽ ബാല താരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് റ്റാറ്റായുടെ കയ്യും പിടിച്ചു ഞാൻ നിരവധി ഇടങ്ങളിൽ പോയിട്ടുണ്ട്. അങ്ങനെ ഒരു ടെലിഫിലിം ൽ അഭിനയിച്ചു.
പിന്നീട് വിവാഹ ശേഷം ജീവൻ ടീവിയുടെ ഒരു താര മത്സരത്തിൽ മധുപാൽ ചേട്ടൻ ജൂറി മെമ്പർ ആയതിൽ 2003 അവസാനം ഞാൻ പങ്കെടുത്തിട്ടുണ്ട്. എനിക്ക് സെലക്ഷൻ കിട്ടിയില്ല. 2004 ൽ ലോഹി അങ്കിളിന്റെ ചെമ്പട്ട് എന്ന സിനിമയുടെ ഓഡീഷനിൽ പങ്കെടുത്തു, സെലക്റ്റ് ചെയ്യപ്പെട്ടു, പക്ഷേ പ്രൊജക്റ്റ് നടന്നില്ല.ചാന്തു പൊട്ട് എന്ന സിനിമയിൽ അവസരം ലഭിക്കാൻ ലാൽ ജോസ് സാറിനെ കണ്ടു. അല്പ്പം വലുപ്പം കൂടി പോയതിനാൽ അതും കിട്ടിയില്ല.
2005 ൽ എന്റെ മോഹം പൂവണിഞ്ഞു. നരൻ എന്ന ജോഷി അങ്കിൾ, ലാലേട്ടൻ ചിത്രം. ആശിർവാദിന്റെ ബാനർ. ഫിലിം റോൾ ചെയ്യുന്ന ശബ്ദത്തിനെക്കാൾ ഉയർന്ന ഹൃദയമിടിപ്പുമായി ഞാൻ നിന്നു, ഒരു വലിയ സീൻ ആയിരുന്നു. ഞാനും എന്റെ മകനും ഭാവനയും ചേർന്നുള്ള സീൻ. ഒറ്റ ടേക്കിൽ ഓക്കേ ആയി. അത് കഴിഞ്ഞതും സെറ്റ് മുഴുവൻ കയ്യടിച്ചു. അവൾ ടേക്ക് ആർട്ടിസ്റ്റ് ആണ് എന്ന ജോഷി അങ്കിളിന്റെ കമെന്റ്.
അവിടുന്ന് ഇതു വരെ സിനിമ കൊണ്ട് അല്ലെങ്കിൽ കല കൊണ്ട്, കലാകാരിയായി ജീവിക്കുവാനുള്ള പ്രചോദനം ആ വാക്കുകൾ ആണ്. സീനിയർ താരങ്ങൾ ആരും എന്നെ ഒരു പുതുമുഖമായി കണ്ടില്ല. ലഭിക്കുന്ന വേഷങ്ങൾ ചെറുതായാലും വലുതായാലും ഗംഭീരമാക്കണം എന്നത് സുകുമാരി അമ്മയുടെ ക്ലാസ്സ് ആയിരുന്നു. ഒന്നും നിരസിക്കരുത്.
ഇരുപത്തി ഒന്ന് വർഷത്തെ സിനിമാ ജീവിതത്തിലെ ഒരു വലിയ ആഗ്രഹത്തിന്റെ ഭാഗമാണ് സ്വന്തം പ്രൊഡക്ഷൻ. ഞാനും എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളും ചേർന്ന് ചെയ്യുന്നു. എന്റെ സിനിമയിൽ വളരെ സാധാരണ മുഖങ്ങൾ ഉള്ള സാധാരണക്കാരെ വേണം എന്നും അവർക്ക് അവസരം കൊടുക്കണം എന്നും എന്റെ തീരുമാനം ആയിരുന്നു..
അഞ്ചു വയസ്സുമുതൽ സിനിമാ സ്വപ്നവുമായി നടന്ന എന്റെ സ്വപ്നം. അതിന്റെ ആദ്യപടിയായി ആണ് ഇന്ന് പൊന്നാനി റസ്റ്റ് ഹൗസിലെ ഓഡീഷൻ. ആയിരക്കണക്കിന് പേരിൽ നിന്നും തെരഞ്ഞെടുത്ത 400 പേരെ ആണ് ഇന്ന് ഓഡീഷന് വിളിച്ചത്. പ്രതീക്ഷയോടെ ഹാളിലേക്ക് കടന്നു വരുന്ന ഓരോരുത്തരിലും ഞാൻ എന്നെ കാണുന്നു. ഇതിൽ കഴിവുള്ളവർ തീർച്ചയായും തെരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും.
ആശംസകൾ.''


Click it and Unblock the Notifications