മോഹൻലാൽ അൻസിബക്കൊപ്പം നിൽക്കില്ല, അതിൻ്റെ കാരണം ഇതാണ്'; ശാന്തിവിള , 'ആ നടനും പെട്ടു'
താരസംഘടനയായ അമ്മയിലെ ഇപ്പോഴത്തെ വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. പരാതി ഉന്നയിച്ച നടി അൻസിബയെ അമ്മയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സംവിധായകൻ ആരോപിക്കുന്നത്. താരത്തെ പിന്തുണയ്ക്കാൻ സംഘടനയുടെ മുൻ പ്രസിഡന്റായ മോഹൻലാൽ പോലും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. അമ്മയ്ക്കുള്ളിൽ ചിലർ സമ്മർദ രാഷ്ട്രീയവും ഭീഷണിപ്പെടുത്തലും നടത്തുകയാണെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു. വീഡിയോയിൽ അദ്ദേഹം പറഞ്ഞത് വായിക്കാം.
' അമ്മ ഭരിച്ചിരുന്ന കാലം മുതൽ തന്നെ കുബുദ്ധികൾ മാത്രം ചിന്തിക്കുന്ന, 'നേരെ വാ, നേരെ പോ' എന്ന നിലപാട് ജീവിതത്തിൽ പ്രാവർത്തികമാക്കാത്ത ഒരു കൂട്ടർ നിർണായകമായ ഒരു തീരുമാനം ഈ മാസം 21-ന് നടക്കാനിരിക്കുന്ന ജനറൽ ബോഡിക്ക് മുമ്പ് എടുക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. തീക്കൊള്ളി കൊണ്ടാണ് ചൊറിയുന്നതെന്ന് ഞാൻ മുൻകൂട്ടി പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സംഘടനയ്ക്കായി ആത്മാർഥമായി പ്രവർത്തിച്ച അൻസിബയെ, പലതരത്തിൽ ബുദ്ധിമുട്ടിച്ച ചിലർ ഇപ്പോൾ അമ്മയിൽ നിന്ന് അവരെ പുറത്താക്കാൻ കൊണ്ടുപിടിച്ച ആലോചനകളാണ് നടത്തുന്നത്. അമ്മയുടെ മുൻ പ്രസിഡന്റായിരുന്ന മോഹൻലാൽ പോലും അൻസിബയ്ക്കായി പരസ്യമായി നിലകൊള്ളാൻ സാധ്യത കുറവാണെന്നാണ് ഞാൻ അറിഞ്ഞത്.
അൻസിബയ്ക്ക് ധാർമിക പിന്തുണ നൽകിയാൽ പുറത്താക്കാൻ വെമ്പുന്നവർ മോഹൻലാലിനെതിരെയും കഥകൾ പ്രചരിപ്പിക്കാൻ മടിക്കില്ല. അതിനുള്ള തൊലിക്കട്ടിയുള്ളവരാണ് ഇക്കൂട്ടർ എന്നും അറിയുന്നു. അതുകൊണ്ടായിരിക്കണം മോഹൻലാൽ ന്യൂട്രൽ നിലപാട് സ്വീകരിക്കുന്നത്.
'ന്യായം ആ കുട്ടിയുടെ ഭാഗത്തല്ലേ?' എന്ന് ചോദിച്ചപ്പോൾ, 'അമ്മയിൽ ന്യായവും നീതിയും ആരാണ് നോക്കുന്നത്?' എന്ന മറുചോദ്യമാണ് ഉയർന്നത്. ഞാൻ വിളിച്ചു ചോദിച്ചവരിൽ പലരും പറഞ്ഞത്, ന്യായം അൻസിബയുടെ ഭാഗത്താണെന്നാണ്. പക്ഷേ അവർ നിൽക്കുന്നത് മറുവിഭാഗത്തിനൊപ്പമാണെന്നും പറഞ്ഞു.
മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ചിലർ സഹ കമ്മിറ്റി അംഗങ്ങളായ സ്ത്രീകൾക്ക് അനുചിതമായ സന്ദേശങ്ങൾ അയക്കും. അവർ ആ സന്ദേശങ്ങൾ സൂക്ഷിച്ചുവെക്കും. പിന്നീട് ആവശ്യമായ സമയത്ത് അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തും. അതാണ് ഇപ്പോൾ അമ്മയിൽ നടക്കുന്നതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.
ന്യായവും നീതിയും വേണം, സംഘടന ഒറ്റക്കെട്ടായി മുന്നോട്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഒരു കമ്മിറ്റി അംഗമായ നടന് ഒരിക്കൽ നിയന്ത്രണം നഷ്ടപ്പെട്ടു. അടുത്തിരുന്ന ഒരു സഹ കമ്മിറ്റി അംഗത്തോട് 'സുന്ദരിയാണ് നീ' എന്ന തരത്തിലുള്ള സന്ദേശം അയച്ചു. അതിന്റെ ഭാവി പ്രത്യാഘാതങ്ങൾ അദ്ദേഹം ആലോചിച്ചിരുന്നില്ല. അർധരാത്രിയിലാണ് ആ സന്ദേശം അയച്ചത്. പിന്നീട് ആ സന്ദേശം മറ്റുള്ളവരുടെ കൈകളിലെത്തി. ഇപ്പോൾ പ്രതിസന്ധിയിലായത് ആ നടനാണ്.
അമ്മയ്ക്കുള്ളിൽ നടക്കുന്ന പോർവിളികളിൽ ഒരു പക്ഷവും പിടിക്കാതെ നിശബ്ദനായി നിൽക്കുകയാണ് അദ്ദേഹം. കാരണം, എന്തെങ്കിലും പറഞ്ഞാൽ ആ സന്ദേശം പുറത്തുവിടുമെന്ന ഭയമുണ്ട്. അതുകൊണ്ടുതന്നെ ആ നടൻ ഇപ്പോൾ മൗനം പാലിക്കുകയാണ്',












Click it and Unblock the Notifications