സലീംകുമാറിന് സ്മാരകം പണിയേണ്ടത് നികുതിപ്പണം കൊണ്ടല്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് നിസാര്‍ മാമുക്കോയ
നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം പണിയുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ നികുതിപ്പണം ഉപയോഗിക്കുന്നതില്‍ യോജിപ്പില്ല എന്ന് മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ അഭിപ്രായപ്പെട്ടു. കെപിസിസിയോ സിനിമാ സംഘടനകളോ ആണ് ഇതേറ്റെടുക്കേണ്ടത് എന്നും നിസാര്‍ മീഡിയവണ്ണിനോട് പറഞ്ഞു.
തന്റെ പിതാവിന് സ്മാരകം പണിയുമെന്ന് പലരും പറഞ്ഞെങ്കിലും ഇതുവരെ നടന്നില്ലെന്നും നിസാര്‍ പറയുന്നു. സിഎംപി നേതാവ് വിജയകൃഷ്ണനും കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ ആയിരുന്ന മുസാഫിറുമെല്ലാം ഇക്കാര്യം പറഞ്ഞിരുന്നു. പ്രമുഖ സാഹിത്യകാരന്മാരുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ് പിതാവ്. പരന്ന വായനയുള്ള വ്യക്തിയായിരുന്നു മാമുക്കോയ. 14 ജില്ലകളിലും ഉപ്പയുടെ പേരില്‍ ലൈബ്രറി വന്നാല്‍ നന്നാകുമെന്നും നിസാര്‍ പറഞ്ഞു.

സാമൂഹിക-സാംസ്‌കാരിക രംഗത്ത് മാമുക്കോയ സജീവമായിരുന്നു. വെറുമൊരു കലാകരനോ സിനിമാ അഭിനേതാവോ മാത്രമായിരുന്നില്ല പിതാവ്. മൊബൈലില്‍ 10 മിനുട്ട് നോക്കിയിരിക്കുന്നവര്‍ക്ക് പിതാവിന്റെ ഒരു റീല്‍ എങ്കിലും കാണാന്‍ സാധിക്കും. ഇങ്ങനെ ഒരു നടന്‍ ലോകത്തില്ല. സ്‌നേഹിക്കുന്നവരും ആദരിക്കുന്നവരുമാണ് സ്മാരകം പണിയേണ്ടത്. നമ്മള്‍ ആവശ്യപ്പെട്ട് ചെയ്യേണ്ടതല്ലെന്നും നിസാര്‍ പറയുന്നു.
സലീം കുമാര്‍ വലിയ നടനാണ്. അദ്ദേഹത്തെ ആദരിക്കേണ്ടതുണ്ട്. അതിന് കെപിസിസിയോ സിനിമാ സംഘടനയോ ഒരു പ്രത്യേക സമിതി രൂപീകരിച്ച് ചെയ്യണം. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ലൈബ്രറിയോ മറ്റോ സ്ഥാപിക്കണം. മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ച് നടപ്പാക്കുന്നതിനോട് യോജിപ്പില്ല. അക്കാര്യത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നിട്ടുള്ള കമന്റിനൊപ്പമാണ് താന്‍ എന്നും നിസാര്‍ മാമുക്കോയ അഭിപ്രായപ്പെട്ടു.
സലീം കുമാറിന് സ്മാരകം പണിയാന്‍ ഒരു കോടി രൂപയാണ് ബജറ്റില്‍ നീക്കിയിരിക്കുന്നത്. സലീം കുമാര്‍ കോണ്‍ഗ്രസുകാരനായിരുന്നു. തന്റെ പിതാവും കോണ്‍ഗ്രസുകാരനായിരുന്നു, എന്നിട്ടും പിതാവിന് സ്മാരകം പണിയാന്‍ ആരും മുന്‍കൈ എടുത്തില്ലെന്നും നിസാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആദരവ് നല്‍കുന്നു എങ്കില്‍ എല്ലാവര്‍ക്കും ലഭിക്കണമെന്നും നിസാര്‍ പറയുന്നു.
പിതാവിന് അര്‍ഹമായ പരിഗണന കിട്ടിയില്ല. പെരുമഴക്കാലം എന്ന സിനിമയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിക്കുമായിരുന്നു. എന്നാല്‍ തന്നെ വന്ന് കാണണം എന്നാണ് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി ആവശ്യപ്പെട്ടത്. ആരുടെയും കാല് പിടിച്ചുകൊണ്ട് തനിക്ക് വേണ്ട എന്ന നിലപാടാണ് പിതാവ് സ്വീകരിച്ചത്. അതോടെ ആ വര്‍ഷം ജൂറി പരാമര്‍ശം മാത്രമായി പിതാവിന്റെ ബഹുമതി ഒതുക്കിയെന്നും നിസാര്‍ എടുത്തു പറയുന്നു.













Click it and Unblock the Notifications