ഞങ്ങൾ സന്തുഷ്ടരാണ് സിനിമയ്ക്കെതിരായ വിമർശനം;മറുപടിയുമായി രാജസേനൻ
തൊണ്ണൂറുകളില്‍ മലയാളികള്‍ ഒരുപാട് ആഘോഷിച്ച സിനിമകള്‍ ഒന്നാണ് രാജസേനൻ ഒരുക്കിയ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രം. അഭിരാമിയും ജയറാമുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്.ഭര്‍ത്താവിന്റെ അമിതമായ പെങ്ങമ്മാര്‍ സ്‌നേഹം കാരണം സ്വകാര്യത നഷ്ടപ്പെടുന്ന ഒരു ഭാര്യയും, ആ ഭാര്യയെ നല്ലവളാക്കാന്‍ ശ്രമിക്കുന്ന നായകനുമാണ് ചിത്രത്തിലുള്ളത്.
എന്നാൽ ഇന്ന് ആ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. ചിത്രം ഗാര്‍ഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും തികച്ചും സ്ത്രീവിരുദ്ധമാണെന്നുമാണ് പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.ഇന്നായിരുന്നുവെങ്കിൽ താൻ ആ കഥാപാത്രം സ്വീകരിക്കില്ലായിരുന്നുവെന്ന് സിനിമയിലെ നായിക അഭിരാമി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ രാജസേനൻ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

' നമ്മൾ പറയുന്നത് ഒരു കഥയാണ് . ഞാൻ എന്റെ ഭാര്യയെ ടോർച്ചർ ചെയ്യുന്ന, അല്ലെങ്കിൽ മകളെ ടോർച്ചർ ചെയ്യുന്നു, അല്ലെങ്കിൽ സഹോദരിയെ ടോർച്ചർ ചെയ്യുന്നു ,അമ്മയക്ക് മരുന്ന് വാങ്ങിച്ചു കൊടുക്കാതെ ആഹാരം പോലും കൊടുക്കാതെ അമ്മയെ ടോർച്ചർ ചെയ്യുന്നു, എന്നൊക്കെ പറഞ്ഞാൽ അതിനെ വേണമെങ്കിൽ ഒരു പുരുഷ മേധാവിത്വം എന്നൊക്കെ പറയാം. നമ്മൾ ഒരു കഥ പറയുമ്പോൾ ആ കഥയുടെ വളർച്ചയക്കും ആ കഥയുടെ ഒരു വിജയത്തിനും വേണ്ടി മെയിലും ഫീമെയിലും ഒക്കെ താഴേയും മുകളിലുമൊക്കെ ആകും. അതാവാതെ എങ്ങനെ കഥ പറയും.
'നാടൻ പെണ്ണും നാട്ടുപ്രമാണിയി'ലും സംയുക്തവർമ്മയുടെ കയ്യിൽ കിടന്ന് പാവ പോലെ കളിക്കുന്ന ആളാണ് ജയറാം. അതെന്താ ആരും പറയാത്തത്. അവിടെ സ്ത്രീ മേധാവിത്വം വന്നില്ലേ. അത് പറയില്ല. എവിടെയെങ്കിലുമൊക്കെ ഒരാളെ അടിച്ചങ്ങോട്ട് ഇരുത്താൻ വേണ്ടിയാണിത്.
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലെ നായികയ്ക്ക് വളരെ സ്നേഹത്തോടുകൂടി ഞാൻ സോഷ്യൽ മീഡിയയിലൂടെ ഒരു മറുപടി കൊടുത്തായിരുന്നു .ആ കുട്ടിക്ക് അന്ന് ഇതൊരു നിധിയായിരുന്നു. അങ്ങനെ ഒരു റോൾ ഒരു 16 വയസുള്ള ഒരു കുട്ടിക്ക് കിട്ടുക എന്ന് പറഞ്ഞാൽ നിധി തന്നെയല്ലേ. എന്നോട് ചോദിച്ചത് ഈ റോൾ എന്നെകൊണ്ട് ചെയ്യാൻ പറ്റുമോ എന്നാണ്. ഞാൻ പറഞ്ഞത് കുട്ടി വില്ലിങ് ആണെങ്കിൽ ചെയ്യിച്ചോളാം എന്നാണ് . ആ കുട്ടിയുടെ പെർഫോമൻസ് ആ സിനിമയിൽ അസാധ്യമായിരുന്നു. എനിക്ക് തോന്നുന്നു അങ്ങനെ ഒരു റോൾ പിന്നീട് ആ കുട്ടിക്ക് കിട്ടിയിട്ടുമില്ല. പിന്നീട് പല ലാംഗ്വേജിൽ അഭിനയിച്ചിട്ടുണ്ട്, ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പക്ഷേ അത്രയും ശക്തമായ ഒരു കഥാപാത്രം കിട്ടിയിട്ടില്ല.
ജയറാമിന്റെ കഥാപാത്രത്തെ ഇങ്ങനെ മുള്ളിൽ നിർത്തുന്ന സീക്വൻസുകൾ ഉണ്ട് അതിനകത്ത് . അതൊന്നും നോക്കാതെ അതൊരു മെയിൽ ഡോമിനേഷൻ ആയിട്ടുള്ള ഒരു കഥയാണ് അതിന്റെ പുറകിൽ പ്രവർത്തിച്ച സംവിധായകനും അങ്ങനത്തെ ഒരാളാണ് എന്നൊക്കെ പറയേണ്ടതുണ്ടോ.
നമ്മൾ ഒരു കലാരൂപം, ഒരു നോവൽ എഴുതുമ്പോൾ നമുക്ക് ആ ഫ്രീഡം വേണ്ടേ. ഒരു സിനിമ ചെയ്യുമ്പോൾ നമുക്ക് ആ ഫ്രീഡം വേണ്ടേ ,ഒരു കവിത എഴുതുമ്പോൾ അത് വേണ്ടേ, ഒരു നാടകം എഴുതുമ്പോൾ അത് വേണ്ടേ ,നമ്മൾ അവനവന്റെ ജീവിതത്തിൽ കറക്റ്റ് ആയാൽ മതി. ആ ജീവിതത്തിൽ കയറി ടോർച്ചറിങ്ങും അതും ഇതും ഭയങ്കരമായിട്ട് പുരുഷ മേധാവിത്വവും ഒക്കെ കാണിക്കാതിരുന്നാൽ മതി. അപ്പോൾ സിനിമയെ ആ രീതിക്ക് കണ്ടാൽ മതി. അല്ലെങ്കിൽ അന്നേ അതങ്ങ് റിജക്ട് ചെയ്യണമായിരുന്നു'












Click it and Unblock the Notifications