'ഒരു വശത്ത് പ്രതീക്ഷ തന്ന് മറുവശത്ത് അയാൾ ചതിക്കുകയായിരുന്നു', ട്രോമയെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ
ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത ശേഷം ജീവിതം മാറിമറിഞ്ഞ നിരവധി മത്സരാര്‍ത്ഥികളുണ്ട്. സാമ്പത്തികമായടക്കം രക്ഷപ്പെട്ടവരും അതേസമയം ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഏറെ അഭിമുഖീകരിക്കേണ്ടി വന്നവരും ഉണ്ട്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്ന നടി ആര്യ ബഡായിയെ ഷോയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ ആയിരുന്നുവെന്ന് ആര്യ പറയുന്നു.
ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് താന്‍ ഒരു റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്ന് ആര്യ പറയുന്നു. എന്നാല്‍ ഷോയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ ആ ആള്‍ തന്നെ ഇട്ടിട്ട് പോയെന്നും അശ്വതി അശോക് വിശാലിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ വെളിപ്പെടുത്തുന്നു.
ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വലിയ സൈബര്‍ അറ്റാക്കാണ് നേരിടേണ്ടി വന്നത്. മാത്രമല്ല ഇമേജ് മുഴുവന്‍ നശിച്ചു. ആ സമയത്ത് കൊവിഡ് കാരണം ഷോ നിര്‍ത്തി വെച്ച് പുറത്തിറങ്ങേണ്ടി വന്നു. അതിനിടെയാണ് മറ്റൊരു വലിയ ആഘാതം സംഭവിച്ചത്. ബിഗ് ബോസില്‍ നിന്ന് പുറത്ത് ഇറങ്ങുമ്പോള്‍ പിന്തുണയുമായി കൂടെ ഉണ്ടാകും എന്ന് കരുതിയ ആള്‍ തന്നെ ഇട്ടിട്ട് പോയിരുന്നുവെന്ന് ആര്യ പറയുന്നു.

അത് തനിക്ക് ആ അവസ്ഥയില്‍ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നുവെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസിലേക്ക് വളരെ സന്തോഷത്തോടെ തന്നെ പറഞ്ഞ് വിട്ട ആള്‍ തിരിച്ച് വരുമ്പോഴേക്കും ഇല്ല എന്നത് ഒരു വലിയ ട്രോമയാണെന്നും ആര്യ വെളിപ്പെടുത്തുന്നു. അതിന് ശേഷം പടുകുഴിയില്‍ വീണ് കര കയറാന്‍ പറ്റാത്തത് പോലുളള അവസ്ഥ ആയിരുന്നുവെന്നും ആര്യ പറഞ്ഞു.
ഇയാള്‍ ഒരു വശത്ത് തനിക്ക് പ്രതീക്ഷ തന്നുകൊണ്ടിരിക്കുകയും മറുവശത്ത് ചതിക്കുകയുമായിരുന്നു. ഒരു വര്‍ഷത്തോളം അയാള്‍ ഉണ്ടോ ഇല്ലയോ എന്നില്‍ ഒരു വ്യക്തത ഇല്ലായിരുന്നു. തന്നെ വിട്ട് പോകരുതെന്ന് പറഞ്ഞ് ഇരന്നിട്ടുണ്ട്, കരഞ്ഞ് കാല് പിടിച്ച് യാചിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നിറങ്ങിയ ശേഷം വിവാഹം എന്നതായിരുന്നു പ്ലാന്‍. തന്റെ സ്വഭാവം കണ്ടിട്ട് ആള്‍ കളഞ്ഞിട്ട് പോയി എന്ന് ആളുകള്‍ പറയുമോ എന്നൊക്കെയുളള ഭയമുണ്ടായിരുന്നു. നിരവധി ബ്രേക്ക് ഡൗണുകള്‍ക്ക് ശേഷമാണ് ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നും ആര്യ പറയുന്നു.



Click it and Unblock the Notifications