സിനിമയുടെ പോസ്റ്ററിൽ പൃഥ്വിരാജിന്റെ പേരിന് മുകളിൽ പാർവതിയുടെ പേര്; കാരണം വെളിപ്പെടുത്തി താരം
'കെട്ട്യോളാണ് എന്റെ മാലാഖ', 'റോഷാക്ക്' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'ഐ നോബഡി'. സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനും നടി പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ സിനിമയുടെ പോസ്റ്ററുകളിൽ വന്ന കൗതുകകരമായ ഒരു മാറ്റത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് പൃഥ്വിരാജ്.
സാധാരണയായി വലിയ താരമൂല്യമുള്ള നായകന്മാർ അഭിനയിക്കുന്ന സിനിമകളിൽ അവരുടെ പേരാണ് ടൈറ്റിലിന് തൊട്ടുമുകളിൽ വരാറുള്ളത്. എന്നാൽ 'ഐ നോബഡി' സിനിമയുടെ പോസ്റ്ററുകളിൽ പൃഥ്വിരാജിനേക്കാൾ മുകളിലാണ് പാർവതിയുടെ പേര് നൽകിയിരിക്കുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം പൃഥ്വിരാജ് വ്യക്തമാക്കുകയുണ്ടായി.

"അത് എനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ കാര്യം"
പോസ്റ്ററിലെ പേരിന്റെ മാറ്റത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്."ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. അതിനൊപ്പം ഞാൻ തന്നെയാണ് ഈ സിനിമയുടെ നിർമ്മാതാവും. എല്ലാ പോസ്റ്ററുകളിലും എന്റെ മുഖമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, സുപ്രിയ മേനോൻ പ്രസന്റ്സ് എന്ന് കൊടുത്തതിന് ശേഷം വീണ്ടും 'പൃഥ്വിരാജ് സുകുമാരൻ ഇൻ' എന്ന് വലിയ അക്ഷരത്തിൽ ചേർക്കുന്നത് ഒരു തരം ഈഗോ പോലെ തോന്നും. അതുകൊണ്ട് എനിക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ മര്യാദ മാത്രമാണ് പാർവതിയുടെ പേര് മുകളിൽ നൽകുക എന്നത്."
പാർവതി തിരുവോത്ത് എന്ന നടിയുടെ സിനിമയോടുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചും പൃഥ്വിരാജ് ഇതേ അഭിമുഖത്തിൽ വാനോളം പുകഴ്ത്തി സംസാരിച്ചു. "പാർവതി വളരെ ബുദ്ധിശാലിയായ ഒരു നടിയാണ്. എനിക്ക് ഈ സിനിമയിൽ എത്രമാത്രം സീനുകൾ ചെയ്യാനുണ്ട് എന്ന് നോക്കിയല്ല അവർ ഒരു കഥ കേൾക്കുന്നത്. ഇതൊരു നല്ല സിനിമയാകാൻ സാധ്യതയുള്ള തിരക്കഥയാണോ എന്നും, താൻ ഇതിലേക്ക് വരുമ്പോൾ ആ സിനിമയ്ക്ക് എത്രത്തോളം മാറ്റം ഉണ്ടാകും എന്നും കൃത്യമായി മനസ്സിലാക്കുന്ന ആളാണ് അവർ. എനിക്ക് ഏറെക്കാലമായി പാർവതിയെ അറിയാം. ഭാവിയിൽ അവർ ഒരു മികച്ച സംവിധായിക കൂടിയായി മാറും. സിനിമയെ ആ രീതിയിൽ കാണാൻ കഴിയുന്ന പാർവതിയുടെ ആ സംവിധാന മികവ് കാണാൻ ഞാൻ കാത്തിരിക്കുകയാണ്," പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂലൈ 9-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.












Click it and Unblock the Notifications