"ദൈവം എന്നെ എഴുന്നേൽപിച്ചാൽ ഞാനത് ചെയ്യും"; കാൻസർ ചികിത്സയിലും ആത്മവിശ്വാസത്തോടെ രേണു സുധി
കാൻസർ ചികിത്സയുടെ ഭാഗമായി തന്റെ തലമുടി പൂർണ്ണമായും മുറിച്ചുമാറ്റിയ വിവരം പങ്കുവെച്ചുകൊണ്ട് രേണു സുധി പങ്കുവെച്ച പുതിയ വീഡിയോ പ്രേക്ഷകരുടെ കണ്ണ്നനയിക്കുന്നു. കാൻസർ മൂന്നാം ഘട്ടത്തിലാണെന്ന് മനസ്സിലാക്കിയതോടെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വളരെ വേഗത്തിലാണ് താരത്തിന്റെ ചികിത്സകൾ മുന്നോട്ട് പോകുന്നത്. ആദ്യ കീമോതെറാപ്പി കഴിഞ്ഞതോടെ ഉണ്ടായ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും വേദനകളെക്കുറിച്ചും രേണു ഈ വീഡിയോയിൽ തുറന്നുപറയുന്നുണ്ട്.
കീമോ ചെയ്തതിന് പിന്നാലെ മുടിയെല്ലാം പശ പോലെ ഒട്ടിപ്പിടിക്കാൻ തുടങ്ങിയെന്നും കഠിനമായ രീതിയിൽ മുടി കൊഴിയാൻ തുടങ്ങിയെന്നുമാണ് രേണു പറയുന്നത്. ഇതിനൊപ്പം തന്നെ പുറംഭാഗത്തെയും തലയിലെയും തൊലി അടർന്നുപോകുന്ന അവസ്ഥയുമുണ്ടായി. ഇതോടെയാണ് മുടി പൂർണ്ണമായി മുറിച്ചു കളയാൻ താരം തീരുമാനിച്ചത്. നിലവിൽ തലയുടെ ഒരു ഭാഗം മുഴുവൻ മരവിച്ച അവസ്ഥയിലാണ്. ഇടയ്ക്കിടെ ഓർമ്മ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഉറക്കമില്ലായ്മ കഠിനമായി അലട്ടുന്നുണ്ടെന്നും താരം വീഡിയോയിലൂടെ പങ്കുവെച്ചു.

ഈ വലിയ വേദനകൾക്കിടയിലും ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന വലിയ പ്രതീക്ഷയിലാണ് രേണു സുധി. രോഗം പൂർണ്ണമായി മാറി ജീവിതത്തിലേക്ക് തിരിച്ചെത്തിയാൽ ഒരു സുവിശേഷകയായി മാറണമെന്നാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, "ദൈവം എന്നെ ഇവിടെ നിന്ന് എഴുന്നേൽപിച്ചാൽ ഞാൻ ഒരു സുവിശേഷകയാകും. എന്റെ അഭിനയവും ജോലികളും ഒരു വശത്തൂടെ നടക്കും. എങ്കിലും അതിനേക്കാൾ വലുതായി എന്റെ അനുഭവസാക്ഷ്യം മറ്റുള്ളവരോട് തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഞാൻ ദൈവവചനം പ്രസംഗിക്കുന്ന സ്റ്റേജുകൾ എനിക്ക് ഇപ്പോൾ തന്നെ മനക്കണ്ണിൽ കാണാൻ സാധിക്കുന്നുണ്ട്. ഇത് നടക്കുമോ എന്നറിയില്ല, എങ്കിലും എനിക്ക് വലിയ പ്രത്യാശയുണ്ട്. കാണുന്നവരുടെ പിന്തുണ കൂടെയുണ്ടെങ്കിൽ ഞാൻ മുന്നോട്ട് പോകും." രേണു തുറന്നു പറഞ്ഞു.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് രേണുവിന്റെ ചികിത്സ നടക്കുന്നത്. അവിടുത്തെ ഡോക്ടർമാരിൽ നിന്നും നഴ്സുമാരിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയും പരിചരണവുമാണ് തനിക്ക് ലഭിക്കുന്നതെന്നും അവരോട് തനിക്ക് വലിയ നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഈ കഠിനമായ പ്രതിസന്ധി ഘട്ടത്തിൽ കുടുംബം നൽകുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് നയിക്കുന്നത്. തന്നെ സ്നേഹിക്കുന്നവരും പിന്തുണയ്ക്കുന്നവരും കൂടെയുണ്ടാകണമെന്ന് പറഞ്ഞ രേണു, ദയവുചെയ്ത് തന്നെ ആരും ദ്രോഹിക്കരുതെന്നും വീഡിയോയിലൂടെ അപേക്ഷിക്കുന്നുണ്ട്.
രേണുവിന് പിന്തുണയും ആശ്വാസ വാക്കുകളുമായി നിരവധിപേരാണ് വീഡിയോയിൽ കമന്റ് ചെയ്യുന്നത്. ശാരീരികമായും മാനസികമായും കടുത്ത വേദനകളിലൂടെ കടന്നുപോകുമ്പോഴും ഒട്ടും തളരാതെ സംസാരിക്കുന്ന രേണു സുധിയുടെ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.












Click it and Unblock the Notifications