Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍..'; മലയാളിയുടെ സ്വര്‍ണമുകില്‍ ഇനി സ്വപ്‌നലോകത്ത്

തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന്‍

സൂര്യകാന്തീ സൂര്യകാന്തീ
സ്വപ്നം കാണുവതാരെ

അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍
ചെവിയോര്‍ത്തിട്ടരികിലിരിക്കെ

അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി
അറപ്പുരവാതിലില്‍ ഞാന്‍ കാത്തിരുന്നു

സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും സ്വപ്നം കാണാറുണ്ടോ

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരിക്കെ

മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണിത്തുമ്പില്‍
താനിരുന്നിലിഞ്ഞാടിടും ഒരു സുമംഗലിക്കുരുവി

വാസന്തപഞ്ചമി നാളില്‍
വരുമെന്നൊരു കിനാവ് കണ്ടു

മലയാളത്തിന്റെ പ്രിയ നായികമാരെല്ലാവരും തിരശ്ശീലയില്‍ പ്രണയവും വിരഹവും കാത്തിരിപ്പും സന്തോഷവും അവതരിപ്പിച്ചപ്പോള്‍ കൂട്ടിനുണ്ടായിരുന്നു എസ് ജാനകി. പല തലമുറകളില്‍ പെട്ട നായികമാരുടെ ഭാവങ്ങള്‍ക്ക് ജാനകിയുടെ ശബ്ദം ജീവനും ആത്മാവുമായി, മലയാളത്തില്‍ മാത്രമല്ല പല ഭാഷകളിലും.

സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത എസ് ജാനകി ആഭേരി രാഗത്തില്‍ ശിങ്കാരവേലനെ പാടിത്തകര്‍ത്തു. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും മാതൃഭാഷയായ തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ജാനകി പാടിയത്. ഹിന്ദിയിലും ബംഗാളിയിലും പഞ്ചാബിലും ഒഡിയയിലും സംസ്‌കൃതത്തിലും കൊങ്ങിണി, തുളു, ബഡഗ തുടങ്ങിയ ഭാഷകളിലും ഇതൊന്നും പോരാഞ്ഞ് സിംഹള, ജര്‍മന്‍ ഭാഷകളിലും. പതിനായിരക്കണക്കിന് പാട്ടുകള്‍.

S Janaki

രൂശി കണ്ട പൂനൈ എന്ന സിനിമയില്‍ നാലുവയസ്സുള്ള കുഞ്ഞ് പാടുന്ന പാട്ടുണ്ട്. കണ്ണാ നീയെങ്ക എന്ന് തുടങ്ങുന്ന പാട്ട്. ഇത്തിരി വലിയ കുട്ടിയായിരുന്നു ആ പാട്ട് പാടിയത്. എസ് ജാനകി. ചിരിയോ ചിരിയിലെ കൊക്കാമന്തീ നമുക്ക് കൂടുതല്‍ അറിയാവുന്ന കുട്ടിപ്പാട്ട്. പ്രായം കുറഞ്ഞ കുട്ടികളുടെ ശബ്ദത്തില്‍ മാത്രമല്ല പ്രായമേറെയുള്ള മുത്തശ്ശിമാരുടെ ഇടറിച്ചയോടെയും പാടി.

എന്തിനേറെ, പുരുഷശബ്ദത്തിലും പാടി. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിലാണ് പുരുഷശബ്ദത്തില്‍ പാടി ജാനകി ഞെട്ടിച്ചത്. ആകാശവാണിയുടെ സംഗീതമത്സരത്തിലൂടെ സംഗീതലോകത്തേക്ക് കാലെടുത്ത് വെച്ച എസ് ജാനകി പിന്നീട് ആകാശവാണിയുടെ തന്നെ ശബ്ദമായി നൂറുകണക്കിന് വീടുകളില്‍ പെയ്തിറങ്ങി. ഭാവങ്ങള്‍ ഒപ്പിയെടുത്തുള്ള ഈണങ്ങള്‍ ഹൃദയത്തിലിട്ട് സ്ഫുടം ചെയ്‌തെടുത്ത് പാടുമ്പോള്‍ ജാനകി മലയാളിയല്ലെന്ന് ആരും ഓര്‍ത്തിട്ട് പോലുമുണ്ടാവില്ല.

അയല്‍പക്കത്ത് നിന്നുള്ള ഗായികയാണെന്ന് തമിഴകവും ഓര്‍ത്തിട്ടുണ്ടാവില്ല. അത്രമേല്‍ സ്ഫുടമായി ഭാഷയിലലിഞ്ഞ് ജാനകി പാടി. യേശുദാസിനും എസ് പി ബാലസുബ്രഹ്‌മണ്യത്തിനും ഒപ്പം ജാനകി പാടുമ്പോള്‍ ആ പാട്ടുകള്‍ക്ക് ഇമ്പം കൂടി. എത്രയോ പാട്ടുകള്‍ ആ കോംബോകള്‍ നമുക്ക് തന്നിരിക്കുന്നു. രണ്ട് പ്രതിഭകള്‍ ചേരുമ്പോള്‍ വരുന്ന അധിക സൗന്ദര്യമുള്ള രണ്ട് പാട്ടുകള്‍ ഉദാഹരണമായി പറയാം.

രണ്ട് കാലത്തെ പാട്ടുകള്‍. മൂളലും എന്തിന് ഒരിടയുള്ള ഏറ്റക്കുറച്ചിലുകള്‍ പോലും പാട്ടിന് വരുത്തുന്ന സൗന്ദര്യം അലിഞ്ഞുചേര്‍ന്നിട്ടുള്ള രണ്ട് പാട്ടുകള്‍ ഒന്ന്, ശ്യാമിന്റെ സംഗീതത്തില്‍ ഉള്ള കണ്ണും കണ്ണും തമ്മില്‍ തമ്മില്‍, യേശുദാസിനൊപ്പം. സിനിമ അങ്ങാടി. പിന്നെ ഒന്ന് എസ്പിബിക്കൊപ്പം മലരേ മൗനമാ... സംഗീതം വിദ്യാസാ?ഗര്‍. സിനിമ കര്‍ണ.

ഇളയരാജക്കൊപ്പം ജാനകി നല്‍കിയിട്ടുള്ളത് എന്നും നിലനില്‍ക്കുന്ന പാട്ടുകളാണ്. ആദ്യത്തെ ദേശീയ പുരസ്‌കാരം വാങ്ങിക്കൊടുത്ത സിന്ദൂരപ്പൂവെ ഉള്‍പെടെ. ഗ്രാമീണസംഗീതത്തിന്റെ തമിഴ് ഇശലുകളായി വന്ന ഇളയരാജക്കൊപ്പം തിളങ്ങിയ ജാനകിക്ക് പുതിയ സംഗീതച്ചേരുവകളുമായി എത്തിയ എ ആര്‍ റഹ്‌മാനൊപ്പവും ശ്രുതി ചേര്‍ക്കാനായി. സംഗമത്തിലെ മാര്‍ഗഴി തിങ്കളല്ലവാ എന്ന ഗാനത്തിലൂടെ വീണ്ടും ഒരിക്കല്‍ കൂടി തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരം വാങ്ങിയപ്പോള്‍ രണ്ട് സംഗീതവഴികളുടെ സമാന്തരപാതയിലൂടെ തലമുറകളുടെ അന്തരമാണ് ജാനകി മറികടന്നത്.

എം എസ് ബാബുരാജിന്റെ ഈണങ്ങള്‍ക്ക് ജാനകിയുടെ ശബ്ദം ചേര്‍ന്നപ്പോള്‍ മലയാളത്തിന് കിട്ടിയത് എന്നും നിലനില്‍ക്കുന്ന അപൂര്‍വ ഗാനങ്ങള്‍. കന്നടയില്‍ ഹംസലേഖക്കൊപ്പം. ഇവരെല്ലാവരും അനശ്വരങ്ങളായ ഗാനങ്ങള്‍ സമ്മാനിച്ച ചില കോംബിനേഷനുകള്‍ മാത്രം. അങ്ങനെ എത്ര എത്ര സംഗീതസംവിധായകര്‍. എത്ര എത്ര പാട്ടുകള്‍. എത്ര എത്ര പുരസ്‌കാരങ്ങള്‍.

എളിമ കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചിരുന്ന എസ് ജാനകി ശക്തമായ നിലപാടെടുത്തും ഒരിക്കല്‍ എല്ലാവരെയും ഞെട്ടിച്ചു. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി എന്ന പ്രഖ്യാപനമുണ്ടായപ്പോള്‍ ജാനകി അത് നിരസിച്ചു. ദക്ഷിണേന്ത്യയിലെ കലാകാരന്‍മാരോടുള്ള അവഗണനയിലുള്ള പ്രതിഷേധം ഉന്നയിച്ചായിരുന്നു നിലപാട്. 2017ലാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് ജാനകി അവസാനിപ്പിച്ചത്.

മൈസൂര്‍ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ആ ഹംസഗാനം പാടല്‍. ഇപ്പോള്‍ മൈസൂരുവിലെ ആശുപത്രിയില്‍ വെച്ച് ജാനകി ജീവിതവും മംഗളം പാടി അവസാനിപ്പിച്ചിരിക്കുന്നു. പക്ഷേ അവരുടെ മനോഹരമായ ശബ്ദം നിരവധിയായ ഗാനങ്ങളിലൂടെ എന്നോ അമരത്വം നേടിയിരിക്കുന്നു.

എസ് ജാനകി എന്ന ദേഹത്തിനെ നമ്മള്‍ വിടനല്‍കുന്നുള്ളു. അവരുടെ സംഗീതത്തിന് അല്ല. എസ് ജാനകി എന്ന ജാനകിയമ്മയുടെ പാട്ടുകള്‍ എന്നും തലമുറകള്‍ കൈമാറി കൈമാറി നമ്മെ രസിപ്പിച്ചുകൊണ്ടേയിരിക്കും. നമ്മുടെ കണ്ണില്‍ രണ്ടിറ്റു കണ്ണീരായി നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിരകളായി ജാനകി ജീവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+