ലൂസിഫർ 3 ഏത് സിനിമയെ വെട്ടിയാകും വരുന്നത്? അവർ നുഴഞ്ഞുകയറില്ലെന്നാണ് കരുതിയത്';ശാന്തിവിള ദിനേശ്
ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷിച്ചത്ര സ്വീകാര്യത ചിത്രത്തിന് ലഭിച്ചില്ല. ഇതോടെ ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാകില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
എന്നാൽ അടുത്തിടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ സിനിമയുടെ മൂന്നാം ഭാഗമായ എസ്രേയേൽ പ്രഖ്യാപിച്ചു. ഈ വർഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങുമെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. ഇപ്പോഴിതാ എസ്രായേൽ എടുക്കാനുള്ള ആൻ്റണിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ

'മോഹൻലാൽ തുടരെ തുടരെ ചെയ്യാൻ പോകുന്ന ഏഴ് സിനിമകളെ പറ്റി ഞാൻ പറഞ്ഞിരുന്നു . ഇതിൽ പൃഥ്വിരാജിൻ്റെ ലൂസിഫറിൻ്റെ മൂന്നാം ഭാഗം ആൻ്റണി പെരുമ്പാവൂർ എടുക്കരുതെന്നാണ് എൻ്റെ നിർദേശം.
ആന്റണിക്ക് കോടികൾ കിട്ടി എന്നല്ലാതെ ദൃശ്യത്തിന്റെ ഭംഗി രണ്ടും മൂന്നും ഭാഗങ്ങൾ നൽകി എന്ന് പറയില്ല എന്നാണ് എന്റെ വിശ്വാസം. സിനിമ കണ്ടവർ നാടോടിക്കാറ്റിന്റെ രണ്ടാം ഭാഗമായ പട്ടണപ്രവേശം ഒന്നാം ഭാഗത്തോളം നന്നായി എന്ന് സത്യൻ അന്തിക്കാടിനോട് പോലും പറയാൻ ഇടയില്ല. മൂന്നാം ഭാഗം അക്കരെ അക്കരെ അക്കരെ പ്രിയദർശൻ എടുത്ത് തുലച്ചതും നമ്മൾ കണ്ടതാണ്. അമേരിക്കയിൽ ഒരു പ്രോഗ്രാമിന് പോയ ടീം ബാക്കി സമയത്ത് തട്ടുകൂട്ടിയ ഒരു സാധനം എന്നതിനപ്പുറം ഒന്നും ഉണ്ടായില്ല നാടോടുക്കാറ്റിന്റെ മൂന്നാം ഭാഗത്തിൽ. മണിച്ചിത്രത്താഴിന്റെ ഫ്ലാഷ്ബാക്ക് സീരിയലായി ഏഷ്യാനെറ്റിൽ വരാൻ തയ്യാറെടുക്കുകയാണ്. ആശാ ശരത്തിന്റെ ഡേറ്റ് അവിയൽ പോലെ കുഴഞ്ഞു മറിഞ്ഞതിനാൽ സംപ്രേക്ഷണം നീണ്ടു നീണ്ടു പോവുകയാണ്. എന്തായാലും ലൂസിഫറിൻ്റെ മൂന്നാം ഭാഗം ചെയ്യാതിരിക്കുന്നതാകും നല്ലത്.
മോഹൻലാൽ പ്രഖ്യാപിച്ച ഉറപ്പുള്ള ആറ് സിനിമകൾ തീരാൻ കുറഞ്ഞത് മൂന്നര വർഷം വേണ്ടിവരാം. അതിനിടയിൽ മേജറോ ഉണ്ണികൃഷ്ണനോ ഒന്നും നുഴഞ്ഞു കയറാൻ ഇടയില്ല എന്നാണ് ഞാൻ കരുതിയത് .ലൂസിഫറിന്റെ മൂന്നാം ഭാഗം ചെയ്യാൻ മോഹൻലാലും ആന്റണിയും പൃഥ്വിരാജും മുരളി ഗോപിയും ഒക്കെ കൈകൊടുത്ത ഫോട്ടോ ഇതിനിടയിൽ പുറത്തുവരുന്നു .ഏഴ് പ്രഖ്യാപിച്ച സിനിമകളിൽ ഏതിനെ വെട്ടിയാകും ലൂസിഫർ മൂന്നാം ഭാഗം കയറുക എന്നറിയില്ല. അതോ അതിനൊപ്പവും ഇത് നടക്കുമോ എന്നും അറിയില്ല. ചിലപ്പോൾ മോഹൻലാൽ ഡേറ്റ് അഡ്ജസ്റ്റ് ചെയ്ത് ഈ ഏഴ് പടത്തിനിടയിൽ കൂടി തന്നെ ലൂസിഫർ ചെയ്യാൻ സാധ്യതയുണ്ട്', എന്നാണ് ശാന്തിവിള പറയുന്നത്.
അടുത്തിടെ ഖലീഫയുടെ പരാജയത്തിൽ പൃഥ്വിരാജിനെ ശാന്തിവിള വിമർശിച്ചിരുന്നു. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങി തിരിക്കരുത് എന്നുള്ള ഒരു ചൂണ്ടുപലകയായി ഖലീഫയുടെ പരാജയത്തെ കാണണം എന്നായിരുന്നു ശാന്തിവിള പറഞ്ഞത്. അടുത്തടുത്ത് രണ്ട് സിനിമകളുടെ പരാജയം പൃഥവിരാജിന് നൽകുന്ന മുന്നറിയിപ്പ് ഇതാണ്. ഇനിയും വലിയ വലിയ ആഘാതങ്ങൾ ഏൽക്കരുത്. നിങ്ങൾ ഒന്ന് നന്നായി നിങ്ങളെ പഠിക്കണം. അതാണ് ഈ ഓണചിത്രത്തിന്റെ ദൈന്യ പരാജയം വിലയിരുത്തുന്നതെന്നും ശാന്തിവിള പറഞ്ഞിരുന്നു.


Click it and Unblock the Notifications
