അൽഷിമേഴ്സ് ആയിരുന്നു, ഫോണെടുത്ത് ആരെയൊക്കെയോ വിളിക്കലാണ്'..സാവിത്രിയെ കുറിച്ച് വിനോദ് കോവൂർ
ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ്റെ വേർപാടിൽ വേദന പങ്കിട്ട് വിനോദ് കോവൂർ. വളരെ അടുത്ത ബന്ധമാണ് സാവിത്രി ചേച്ചിയുമായി ഉണ്ടായിരുന്നതെന്നും ചേച്ചി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വിനോദ് പറഞ്ഞു. നടിയുമായി നാടകവേദിയിൽ തുടങ്ങിയ സൗഹൃദത്തെ കുറിച്ചും അവസാന കാലത്തെ അവരുടെ അവസ്ഥയെ കറിച്ചും വിനോദ് പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
' പ്രിയ സാവിത്രി ചേച്ചിയും അരങ്ങൊഴിഞ്ഞു
നാടകത്തോട് മോഹം തുടങ്ങിയ കാലം. കോഴിക്കോട് നടക്കുന്ന എല്ലാ നടകങ്ങളും പോയി കണ്ടിരുന്ന കാലം.ആ പഴയ കാല നാടകങ്ങളിലെല്ലാം സാവിത്രി ചേച്ചിയും ഉണ്ടായിരുന്നു. അങ്ങനെ നാടകത്തിലൂടെ ഞങ്ങൾ കൂട്ടാവുന്നു. ഒന്നിച്ച് അഭിനയിക്കാനും ഭാഗ്യം ഉണ്ടാകുന്നു. എപ്പോൾ കണ്ടാലും മോനേ വിനോദേന്നും വിളിച്ച് അരികിലേക്ക് വരും. സുഡാനി ഫ്രം നൈജീരയ എന്ന സിനിമ കണ്ട ശേഷം. സാവിത്രി ചേച്ചിയെ വീട്ടിൽ ചെന്ന് കണ്ട് അഭിനന്ദിച്ചിരുന്നു. പിന്നീട് എന്റെ യു ട്യൂബ് ചാനലിലേക്ക് സാവിത്രി ചേച്ചിയുമായും കുട്ട്യേടത്തി വിലാസിനി ചേച്ചിയുമായും അഭിമുഖം നടത്തിയിരുന്നു.

അഭിനയ മികവിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഞാൻ കേക്കും സമ്മാനവുമായി വീട്ടിൽ ചെന്നിരുന്നു. അന്ന് വീട് പരിസരം മുഴുവനും വെള്ളം കയറിയ സമയമായിരുന്നു. ഞാൻ വിളിച്ചപ്പോൾ ഇങ്ങോട്ട് വരാൻ പറ്റില്ല വിനോദേ വെള്ളം കയറിയ സമയമാണ് എന്ന് പറഞ്ഞിരുന്നു. എന്നിട്ടും സാഹസപ്പെട്ട് ഞാനും കൂട്ട്കാരൻ സി.ടി.കബീറും ചേർന്ന് അരക്കറ്റം വെള്ളം നനഞ്ഞ് സാവിത്രി ചേച്ചിയുടെ വീട്ടിലെത്തിയപ്പോൾ സാവിത്രി ചേച്ചിക്ക് ശരിക്കും അദ്ഭുതപ്പെട്ടു. മറ്റ് ചാനല് കാർക്ക് ആർക്കും എത്തിപ്പെടാൻ പറ്റാത്ത സമയത്താണ് ഞാനും കബീറും വീട്ടിൽ എത്തുന്നത്. അന്ന് വളരെ സന്തോഷത്തോടെ യാത്രയാക്കി.
പിന്നീടും രണ്ട് മൂന്ന് കൂടി കാഴ്ച്ചകൾ ഉണ്ടായി. പിന്നെ എന്നെ വിളിച്ച് തീരെ വയ്യ വിനോദേ വർക്കിനൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പറഞ്ഞിരുന്നു. പിന്നീട് കാണാൻ പറ്റിയിട്ടില്ല. ഒരു ദിവസം ഫോണിൽ 3 മിസ്ഡ് കോൾ കണ്ടപ്പോൾ തിരിച്ച് വിളിച്ചു. അപ്പോൾ ഫോൺ എടുത്ത പെൺകുട്ടി പറഞ്ഞു. ആരൊക്കെയോ വിളിക്കാണ് സംസാരിക്കാനൊന്നും പറ്റില്ല. അൾഷിമേഷാണിപ്പോൾ എന്ന്. കേട്ടപ്പോൾ വലിയ വിഷമം തോന്നി. എത്രയെത്ര നാടകങ്ങൾ അവിസ്മരണീയമാക്കിയ എത്ര എത്ര കഥാപാത്രങ്ങൾ. എല്ലാവർക്കും ഏറെ ഇഷ്ട്ടമാണ് സാവിത്രി ചേച്ചിയെ.എല്ലാവരോടും അങ്ങനെയാണ് സാവിത്രി ചേച്ചി പെരുമാറിയിരുന്നത്. ഇനി സാവിത്രി ചേച്ചി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി ഓർമ്മകളിൽ ജീവിക്കും ,സ്നേഹ നിധിയായ സാവിത്രി ചേച്ചി.


Click it and Unblock the Notifications
