'ഷെയ്ന്റെ ഭൂതകാലവും ദൃഢവും തന്റെ കഥകൾ മോഷ്ടിച്ചത്', ഗുരുതര ആരോപണവുമായി ആർ ശ്രീലേഖ
ഷെയ്ൻ നിഗം നായകനായ ഭൂതകാലം, ദൃഢം എന്നീ സിനിമകൾ തന്റെ കഥകൾ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരുവനന്തപുരം കോർപറേഷൻ കൌൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട ദൃഢം അടുത്തിടെയാണ് ഒടിടിയിലേക്ക് എത്തിയത്. യാദൃശ്ചികമായി ഈ സിനിമ കാണാൻ ഇടയായപ്പോഴാണ് താൻ വർഷങ്ങൾക്ക് മുൻപ് എഴുതിയ കഥയാണെന്ന് മനസ്സിലായതെന്ന് ആർ ശ്രീലേഖ പറയുന്നു.
മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ദൃഢം എഴുതിയിരിക്കുന്നത് ലിന്റോ ദേവസ്യയും ജോമോൻ ജോണുമാണ്.രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച ഭൂതകാലം എന്ന ചിത്രം മലയാളത്തിലെ എണ്ണം പറഞ്ഞ ഹൊറർ ചിത്രങ്ങളിലൊന്നാണ്. ഇത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞ കഥയാണെന്നാണ് ആർ ശ്രീലേഖ അവകാശപ്പെടുന്നത്.
ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' "ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്.

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി''.














Click it and Unblock the Notifications