ശ്വേത മേനോന്‍ രാജിവെച്ചിട്ടില്ല; അമ്മയില്‍ 'നിയമ'ക്കുരുക്ക്, രമേശ് പിഷാരടിയുടെ സമിതി നിലനില്‍ക്കില്ല
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ 'രസകരമായ' പ്രതിസന്ധി. ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണസമിതി രാജിവെച്ചിട്ടില്ല. രാജി പ്രഖ്യാപനം നടത്തിയെങ്കിലും ഔദ്യോഗികമായി രാജികത്ത് സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം. മാത്രമല്ല, രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റി സംഘടനയുടെ നിയമാവലി പ്രകാരം നിലനില്‍ക്കുകയും ഇല്ലത്രെ.
കണക്കുകള്‍ ചോദിക്കുകയും കൃത്യമായി അവതരിപ്പിക്കാന്‍ സാധിക്കാതിരിക്കുകയും ജനറല്‍ ബോഡിയില്‍ നിരവധി ചോദ്യങ്ങള്‍ ഉയരുകയും ചെയ്തതോടെ ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോകുകയാണുണ്ടായത്. ജൂണ്‍ 21ന് നടന്ന ജനറല്‍ ബോഡിയില്‍ ശ്വേത നേതൃത്വം നല്‍കുന്ന കമ്മിറ്റിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപിക്ക് താരങ്ങളായ സ്ഥാനാര്‍ഥികളെ ഉണ്ടാക്കി കൊടുത്തു എന്ന വിമര്‍ശനമാണ് ശ്വേതയെ രാജി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ചത്.

താന്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനവും അമ്മയിലെ അംഗത്വവും രാജിവെക്കുന്നു എന്ന് ശ്വേത മേനോന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രേഖാമൂലം ഇക്കാര്യം സമര്‍പ്പിച്ചിട്ടില്ല എന്നാണ് പുതിയ വിവരം. അതുകൊണ്ടുതന്നെ ഇപ്പോഴും ശ്വേതയുടെ നേതൃത്വത്തിലുള്ള 17 അംഗ സമിതി നിലനില്‍ക്കും. അപ്പോള്‍ പിഷാരടിയുടെ നേതൃത്വത്തിലുള്ള സമിതിയോ?
അഡ്‌ഹോക് കമ്മിറ്റി എന്ന സംവിധാനത്തെ കുറിച്ച് അമ്മയുടെ നിയമാവലിയില്‍ പറയുന്നില്ല എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ കമ്മിറ്റി രാജിവെക്കുമ്പോള്‍ പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെ അതേ കമ്മിറ്റി തുടരുകയാണ് ചെയ്യേണ്ടതത്രെ. ഇവിടെ ശ്വേതയുടെ കമ്മിറ്റി ഔദ്യോഗികമായി രാജിവച്ചിട്ടില്ലെന്ന് മാത്രമല്ല, അഡ്‌ഹോക് കമ്മിറ്റി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയില്‍ അമ്മയുടെ ഓഫീസില്‍ ചേരുന്നുണ്ട്. ശ്വേതയുടെ കമ്മിറ്റിയില്‍ സെക്രട്ടറിയായിരുന്ന കുക്കു പരമേശ്വരന്‍ ഉള്‍പ്പെടെ ഇതില്‍ പങ്കെടുക്കുന്നു എന്നാണ് അനൗദ്യോഗിക വിവരം. ഇവരെ പ്രത്യേകം വിളിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. പിഷാരടിയുടെ കമ്മിറ്റിക്ക് അടുത്ത സ്ഥിരം കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് ചുമതലയുണ്ടാകുക എന്ന് നടന്‍ ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പിഷാരടിയുടെയുടെ പുതിയ കമ്മിറ്റിയില്‍ കെബി ഗണേഷ് കുമാര്‍, സാദിഖ്, ഷാജോണ്‍, ബേബി ചന്ദന, റോണി, സുരേഷ് കൃഷ്ണ, ആശ അരവിന്ദ്, കൃഷ്ണ പ്രഭ തുടങ്ങി ഒമ്പത് പേരാണ് അംഗങ്ങള്‍. ഇതില്‍ ആശ അരവിന്ദ് രാജിവച്ചിരുന്നു. നാല് മാസമാണ് ഈ കമ്മിറ്റി പ്രവര്‍ത്തിക്കുക എന്നാണ് ജഗദീഷ് പറഞ്ഞത്. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനും നിലവിലെ പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരം കണ്ടെത്തലുമാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതല. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ശ്വേതയുടെ കമ്മിറ്റിക്ക് നിയമ പിന്‍ബലമുണ്ട്. പിഷാരടിയുടെ കമ്മിറ്റി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു സംഘടനയ്ക്ക് രണ്ട് കമ്മിറ്റി എന്ന് ചുരുക്കം.















Click it and Unblock the Notifications