'ബാബുരാജും സിദ്ദിഖും പറഞ്ഞത് ഒരു പെണ്ണും കേട്ടുനില്‍ക്കില്ല, അനൂപ് ചന്ദ്രന്‍ അടിക്കാന്‍ പോയി'
കൊച്ചി: രാജി പ്രഖ്യാപിച്ച അമ്മ പ്രസിഡന്റ് ശ്വേത മേനോനും അഡ്‌ഹോക് കമ്മിറ്റി അധ്യക്ഷന്‍ രമേശ് പിഷാരടി എംഎല്‍എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. കഴിഞ്ഞ മാസം നടന്ന ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ദുരനുഭവങ്ങള്‍ ശ്വേത മേനോന്‍ അക്കമിട്ട് പറയുന്നതാണ് സംഭാഷണത്തില്‍. കണക്കുകള്‍ കാണിച്ച് എല്ലാം കൃത്യമാണ് എന്ന് നിങ്ങള്‍ക്ക് പറയാമല്ലോ എന്ന് പിഷാരടി പറയുന്നതും സംഭഷണിത്തിലുണ്ട്.
വളരെ മോശമായ രീതിയില്‍ പല താരങ്ങളും പെരുമാറി എന്ന് ശ്വേത പറയുന്നു. സിദ്ദഖ്, ബാബുരാജ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ മോശമായി പെരുമാറി എന്ന് ശ്വേത പറയുന്നത് പുറത്തുവന്ന കോള്‍ റെക്കോര്‍ഡിലുണ്ട്. ജനറല്‍ ബോഡി യോഗത്തില്‍ വളരെ മോശമായ കാര്യങ്ങളാണ് നടന്നത് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മൈക്ക് പിടിച്ചുവാങ്ങി, അടിക്കാന്‍ പോയി തുടങ്ങിയ കാര്യങ്ങളും ശ്വേത പറയുന്നു.

ടിനി ടോം വളരെ മോശമായി പെരുമാറി എന്നായിരുന്നു അന്‍സിബയും നീന കുറുപ്പും നേരത്തെ പറഞ്ഞത്. ബാബുരാജും സിദ്ദിഖും ഉള്‍പ്പെടെയുള്ളവര്‍ മോശമായി പെരുമാറി എന്നാണ് ശ്വേത പറയുന്നത്. സ്ത്രീകള്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ പറ്റാത്ത സംഘടനയായി അമ്മ മാറി എന്നും ശ്വേത പറയുന്നു. മോഹന്‍ലാല്‍ പ്രസിഡന്റായിരുന്നപ്പോഴുള്ള ചട്ടമല്ല താന്‍ പ്രസിഡന്റായപ്പോള്‍ എന്നും ശ്വേത കുറ്റപ്പെടുത്തുന്നു.
നിങ്ങള്‍ക്ക് പറയാനുള്ള അവസരം ഉണ്ടാക്കിയിരിക്കുമെന്ന് രമേഷ് പിഷാരടി ഉറപ്പ് നല്‍കുന്നത് പുറത്തുവന്ന സംഭാഷണത്തില്‍ കേള്‍ക്കാം. ജനറല്‍ ബോഡി യോഗത്തില്‍ എങ്ങനെയുള്ള വാക്കുകളാണ് അവര്‍ പറഞ്ഞത് എന്ന് തെളിയിക്കാനുള്ള ഒരുപാട് വീഡിയോസ് തന്റെ പക്കലുണ്ട് എന്ന് ശ്വേത മറുപടി നല്‍കുന്നു. ഒരു സ്ത്രീ ഏഴ് മണിക്കൂര്‍ സ്‌റ്റേജില്‍ അശ്ലീല വാക്കുകള്‍ കേട്ടു....
ബാബുരാജ്, ഇടവേള ബാബു, സിദ്ദിഖ്, സുരേഷ് കൃഷ്ണ, സാദിഖ്, അപ്പ ഹാജ, മജീദ്, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരെല്ലാം പറയുന്ന വീഡിയോയും ഓഡിയോയും എന്റെ കൈയ്യിലുണ്ട്. മീറ്റിങ് തുടങ്ങുന്നതിന് മുമ്പുതന്നെ ബാബുരാജ് തുടങ്ങി. ബാബുരാജിന്റെയും സിദ്ദിഖിന്റെയും വാക്കുകള്‍, സ്ത്രീകള്‍ക്ക് ഒച്ചയുണ്ടാക്കാന്‍ പറ്റാത്ത സ്ഥാപനമായി മാറിയിട്ടുണ്ട്. അമ്മയ്ക്ക് വേണ്ടി മാത്രമാണ് ഇതുവരെ ഒന്നും പറയാതിരുന്നത് എന്നും ശ്വേത പറയുന്നു...
സ്ത്രീകള്‍ക്ക് മിണ്ടാന്‍ പറ്റാത്ത സ്ഥലം എന്ന് നിങ്ങള്‍ പറയുന്നിടത്ത് എല്ലാം സ്ത്രീകളാണുള്ളത് എന്ന് രമേഷ് പിഷാരടി പറയുന്നു. സ്ത്രീ വന്നപ്പോള്‍ എല്ലാം പോയി എന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായമായില്ലേ. എല്ലാം പഴയ കമ്മിറ്റിക്ക് തിരിച്ചുകൊടുക്കുമെന്ന് പറയാന്‍ പറ്റില്ല, കാരണം ജനറല്‍ ബോഡിക്കേ അതിനുള്ള അധികാരമുള്ളൂ എന്നും പിഷാരടി പറയുന്നു.
്അമ്മയുടെ ബൈലോ പ്രകാരം അഡ്‌ഹോക് കമ്മിറ്റി ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ശ്വേത ചോദിച്ചു. മുന്‍ അഡ്‌ഹോക്ക് 10 മാസം മുന്നോട്ട് കൊണ്ടുപോയത് അതേ കമ്മിറ്റിയാണ്. ലാലേട്ടന്റെ കമ്മിറ്റി അഡ്‌ഹോക് ആയപ്പോള്‍ റൂള്‍ വേറെ. ഞങ്ങള്‍ക്ക് റൂള്‍ വേറെ. കൊല്ലം തുളസി ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചപ്പോള്‍ മൈക്ക് എന്തിനാണ് സിദ്ദിഖ് പിടിച്ചുവാങ്ങിയത്, അനൂപ് ചന്ദ്രന്‍ എന്തിനാ അടിക്കാന്‍ പോയത്, മല്ലിക സുകുമാരന്റെ കൈയ്യില്‍ നിന്ന് എന്തിനാണ് മൈക്ക് പിടിച്ചുവലിച്ചത് എന്നും ശ്വേത മേനോന്‍ ചോദിക്കുന്നതും സംഭാഷണ ഓഡിയോയിലുണ്ട്.















Click it and Unblock the Notifications