"അക്രമികൾക്ക് പൂമാലയോ?" വേടനെ സ്വീകരിച്ച മന്ത്രിമാർക്കെതിരെ വിമർശനവുമായി ചിന്മയി
മലയാളി റാപ്പർ വേടൻ എന്ന ഹിരണ്‍ദാസുമായി തമിഴ്‌നാട് രാഷ്ട്രീയ നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ അറുമുഖം വേടനുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ചിന്മയി പരസ്യമായി രംഗത്തെത്തിയത്. ഗുരുതരമായ ലൈംഗികാതിക്രമ/പീഡന ആരോപണങ്ങൾ നേരിടുന്ന പുരുഷന്മാർക്ക് മുൻ ഭരണകൂടങ്ങൾ വേദി നൽകിയതുപോലെ ഇപ്പോഴത്തെ നേതാക്കളും വിജയ്‌യും ചെയ്യില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ചിന്മയി കുറിച്ചു. തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വേടൻ സന്ദർശിച്ചതിന്റെ വീഡിയോ റീപോസ്റ്റ് ചെയ്തുകൊണ്ട്, 'ഒരു പീഡകന് വേദി നൽകരുതെന്ന് അധികാരികളോട് ആവശ്യപ്പെടുന്നത് ഞാൻ അടിസ്ഥാനപരമായി ഉപേക്ഷിച്ചു' എന്നും ചിന്മയി നിരാശയോടെ കൂട്ടിച്ചേർത്തു.
മുൻപൊരിക്കൽ താൻ വേടനോടൊപ്പം ഒരു മ്യൂസിക് പ്രൊജക്ടിൽ പ്രവർത്തിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ആരോപണങ്ങൾ അറിഞ്ഞതോടെ അത് നിരസിച്ചുവെന്നും ചിന്മയി വെളിപ്പെടുത്തി. കോവിഡ് കാലത്ത് ഗോവിന്ദ് വസന്ത, മുഹ്സിൻ പരാരി, വേടൻ, ചിന്മയി എന്നിവർ ചേർന്ന് ഒരു ഗാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ക്ലബ്ഹൗസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ ഒരു സ്ത്രീയാണ് വേടനെതിരെയുള്ള ലൈംഗികാരോപണങ്ങളെക്കുറിച്ച് ചിന്മയിയോട് ചോദിക്കുന്നത്. അന്ന് വാർത്തകൾ മലയാളത്തിലായിരുന്നതിനാൽ തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും, പിന്നീട് വേടൻ തെറ്റ് സമ്മതിച്ച് മാപ്പുചോദിച്ച് പ്രസ്താവനയിറക്കിയതോടെ താൻ ആ പ്രൊജക്റ്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയെന്നും ചിന്മയി വ്യക്തമാക്കി.

തന്റെ സ്വന്തം അവസരങ്ങളും ജോലിയും നഷ്ടപ്പെടുത്തിക്കൊണ്ട് വേടൻ ഭാഗമായ എല്ലാ പരിപാടികളും താൻ നിരസിച്ചതായി ചിന്മയി പറയുന്നു. സാമൂഹിക പ്രവർത്തനത്തെ ഒരു മറയാക്കി സ്ത്രീകളുടെ സമ്മതമില്ലാതെ അവരെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അതിക്രമങ്ങൾ നേരിട്ട സ്ത്രീകൾക്ക് ഒരു പിന്തുണയും ലഭിക്കാതെ അവർ ഒറ്റപ്പെടുമ്പോൾ, ഇത്തരം പുരുഷന്മാർക്ക് രാഷ്ട്രീയ-സംഗീത വേദികളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇത്തരം പുരുഷന്മാർ സമൂഹത്തിൽ വലിയ 'നായകന്മാരായും' 'നേതാക്കളായും' ചിത്രീകരിക്കപ്പെടുമ്പോൾ, വലിയൊരു നന്മയ്ക്കായി സ്ത്രീകൾ അക്രമങ്ങൾ സഹിക്കേണ്ടി വരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി സ്വയം വിശേഷിപ്പിക്കുന്ന ഈ പുരുഷന്മാർ തന്നെയാണ് യഥാർത്ഥത്തിൽ ക്രൂരരായ അക്രമികളായി തുടരുന്നതെന്നും, ഇനിയിത് അംഗീകരിക്കാൻ കഴിയില്ലെന്നും ചിന്മയി കടുത്ത ഭാഷയിൽ കുറിച്ചു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, പുലിപ്പല്ല് കൈവശം വെച്ചതുമായി ബന്ധപ്പെട്ട വന്യജീവി സംരക്ഷണ നിയമ ലംഘനം ഉൾപ്പെടെ വിവിധ കേസുകൾ വേടനെതിരെ നിലവിലുണ്ട്.












Click it and Unblock the Notifications