'തായ്‌ലൻഡിൽ അമ്മയുടെ ജനറൽ ബോഡി,പെൻഷനും കൂട്ടുമെന്ന്,അംഗങ്ങൾ വിഡ്ഢികളാണോ';തുറന്നടിച്ച് നടി ഉഷ
'അമ്മ' സംഘടനയ്ക്കുള്ളിൽ നടക്കുന്നത് അധോലോക കഥകളെ വെല്ലുന്ന കാര്യങ്ങളെന്ന് നടി ഉഷ ഹസീന. ഭരണസമിതിയുടെ പരാജയങ്ങളേയും ജനറൽ ബോഡിയിൽ നടന്ന 'നാടകങ്ങ'ളേയും അവർ രൂക്ഷമായി വിമർശിച്ചു. പെൻഷൻ വർദ്ധനവും തായ്‌ലൻഡ് യാത്രയും പറഞ്ഞ് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ഭരണസമിതി ഒളിച്ചോടുകയാണ് ചെയ്തതെന്നും ഉഷ ആരോപിച്ചു. കൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
''അമ്മ' പുതിയ ഭരണസമിതിക്ക് ഭരിക്കാൻ വേണ്ടിയിട്ടുള്ള എല്ലാ പിന്തുണയും അംഗങ്ങൾ എല്ലാവരും ചെയ്തു കൊടുത്തിട്ടുണ്ട്. പുറത്തിറങ്ങിയിട്ട് പറയുന്നത് പാവയാകാൻ പറ്റില്ലായിരുന്നുവെന്നാണ്. എന്തെങ്കിലും ചെയ്യാൻ അവരെ ആരാണ് ഫോഴ്സ് ചെയ്തിട്ടുള്ളത്? നമ്മുടെ സംഘടനയിൽ ഇന്നതുപോലെ നിങ്ങൾ പ്രവർത്തിക്കൂ, ഇന്നതുപോലെ പ്രവർത്തിക്കണം എന്ന് അമ്മ സംഘടനയിലെ മുൻകാലങ്ങളിൽ ഇരുന്ന ഭാരവാഹികളോ സൂപ്പർ സ്റ്റാഴ്സോ ആരെങ്കിലും അങ്ങനെ അവരോട് പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടില്ല. അവർ ഭരിക്കട്ടെ എന്നായിരുന്നു നിലപാട്.

നേരത്തെ ചെയ്തുകൊണ്ടിരുന്ന കുറെ കാര്യങ്ങൾ അവർ തുടർന്നു. അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. പിന്നെ നമ്മൾ കേൾക്കുന്നത് എന്താണ് പ്രസിഡന്റ് തന്നെ വന്നിട്ട് പറയുകയാണ് സെക്രട്ടറി ശരിയല്ല ,സെക്രട്ടറി ചെയ്യുന്നതൊന്നും ഞങ്ങൾക്ക് അറിയില്ല എന്നൊക്കെ.അപ്പോഴാണ് വിഷയങ്ങളൊക്കെ നമ്മളും അറിയുന്നത്.ആ ഓഫീസിൽ ഒരു സംഘടനയിൽ നടക്കാൻ പാടില്ലാത്ത കുറെയേറെ കാര്യങ്ങളാണ് നടന്നിട്ടുള്ളത് .അമ്മ എന്ന് പറയുന്ന സംഘടന വല്ലാത്ത നാണക്കേടിലെത്തി.
പുറത്തോട്ട് ഇറങ്ങുമ്പോഴത്തേക്കും ആൾക്കാരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ഒരു അവസ്ഥ. അധോലോകം പോലെയൊക്കെയാണ് അതിനകത്ത് നടക്കുന്ന കഥകൾ. ഒരു മാനേജർ വന്നു പറയുന്നു അവരെ പിരിച്ചുവിട്ടതിന്റെ പിന്നിൽ ഇതാണ് കാര്യം എന്ന്. ട്രഷററെ കുറിച്ച് പറയുന്നു.അതിനുശേഷം ഒരു സെക്യൂരിറ്റി വന്നിട്ട് പറയുന്നു അ പെണ്‍കുട്ടി മാനേജറുമായിട്ട് അവിഹിത ബന്ധം ഉണ്ടെന്ന് പറയാൻ സെക്രട്ടറി നിർബന്ധിച്ചുവെന്ന്. അതാണ് ആദ്യം വന്നത് . അതൊക്കെ കുടുംബസംഗമത്തിന് ശേഷമാണ് .
കുടുംബസംഗമത്തിന് മുൻപാണ് ലക്ഷ്മിപ്രിയയും അൻസിബയും തമ്മിലുള്ള ഇഷ്യൂ ഉണ്ടായത്. അതൊക്കെ ഞങ്ങൾക്ക് നമ്മൾ സുഹൃത്തുക്കൾ ആയതുകൊണ്ട് അറിയാം. പക്ഷെ അത് ഇത്രയും വലിയ ഒരു വിഷയമാകുമെന്ന് നമ്മൾ അറിഞ്ഞിട്ടില്ലായിരുന്നു. അൻസിബ പലപ്രാവശ്യം രാജി വെക്കണം എന്ന് പറഞ്ഞതാണ്. ജനറൽ ബോഡി വരെ നിൽക്കണം എന്നൊക്കെ ഞങ്ങൾ പറഞ്ഞിരുന്നു. പക്ഷെ അവൾ അതിന് മുൻപ് രാജിവെച്ചു. ആ രാജി വളരെ പെട്ടെന്ന് തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചു.
ഇത്രയും പ്രശ്നങ്ങൾ അവിടെ ഉണ്ടായിട്ടും ജനറൽ ബോഡിയിൽ വന്നപ്പോൾ പരസ്പരം ചളിവാരിയെറിഞ്ഞവർ തമ്മിൽ യാതൊരു പ്രശ്നവുമില്ല, ഭയങ്കര സുഹൃത്തുക്കൾ .ഇവിടെ ഇതൊന്നും നടന്നിട്ടില്ല അങ്ങനെ ഒരു സംഭവമേ ഇല്ല എന്നുള്ള രീതിയിലാണ് അവിടെ വന്ന് ഇരുന്നത് . അംഗങ്ങൾ വിഡ്ഢികളല്ലല്ലോ. സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് വീഴ്ച സമ്മതിച്ച് മുന്നോട്ട് പോകാം എന്ന് പറയണ്ടേ. അതൊന്നും ചെയ്യാതെ പ്രസിഡൻറ് വന്നിട്ട് ഈ മുൻപ് നടന്ന കാര്യങ്ങളെകുറിച്ച് ഒന്നും അവർ പറയുന്നില്ല. 1500 രൂപ വീതം നമ്മൾ പെൻഷൻ കൂട്ടിതരും .അതിനൊരു സ്പോൺസർ ഉണ്ട് അമ്മയുടെ ഫണ്ടിൽ നിന്ന് എടുക്കത്തില്ല എന്നൊക്കെയാണ് പറയുന്നത്. അടുത്ത ജനറൽ ബോഡി തായ്ലൻഡിലാണ്. നാലു ദിവസം തായ്ലൻഡിൽ പോയി നമ്മൾ അടിച്ചുപൊളിക്കും.ഇതൊക്കെയാണ് അവർ പറയുന്നത്.
സാധാരണ റിപ്പോർട്ടും കണക്കുമൊക്കെ ഓരോ മാസവും വീട്ടിൽ വരുന്നതാണ്. പക്ഷെ കഴിഞ്ഞ 10 മാസമായി ഒന്നും വന്നിട്ടില്ല. ജനറൽ ബോഡി തുടങ്ങും മുൻപാണ് അക്കൌണ്ട് റിപ്പോർട്ട് തരുന്നത്. അവിടെ പ്രിന്റ് ചെയ്തു വന്ന കണക്ക് വേറെ, ഇവര് വായിച്ച കണക്ക് വേറെ, ഇങ്ങനെ പരസ്പര ബന്ധമില്ലാത്ത ഒരു റിപ്പോർട്ടും കണക്കുമാണ് അവർ അവിടെ കൊണ്ടുവന്നത്'.












Click it and Unblock the Notifications