തമിഴ് സിനിമയുടെ 'ഇയക്കുണർ ഇമയം'; പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാരതിരാജ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. ഏറെ നാളുകളായി അദ്ദേഹം അസുഖബാധിതനായി ചികിത്സയിലായിരുന്നു. തമിഴ് ചലച്ചിത്ര ലോകത്തെ 'ഇയക്കുണർ ഇമയം' ആയി വാഴ്ത്തപ്പെടുന്ന ഭാരതിരാജയുടെ വിയോഗം തമിഴ് സിനിമയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
രണ്ട് വർഷം മുൻപ് 2024 മാർച്ചിൽ ഭാരതിരാജയുടെ മകൻ മനോജ് 48ാമത്തെ വയസ്സിൽ അന്തരിച്ചിരുന്നു. മകന്റെ മരണം ഭാരതിരാജയെ വല്ലാതെ തളർത്തി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായത് എന്നാണ് വിവരം.

തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഭാരതിരാജ 6 തവണയാണ് ദേശീയ ചലച്ചിത്ര പുരസ്ക്കാരം സ്വന്തമാക്കിയിട്ടുള്ളത്.അതിന് പുറമേ നാല് ഫിലിംഫെയർ അവാർഡുകളും, ആറ് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും, ഒരു നന്തി അവാർഡും നേടിയിട്ടുണ്ട്. 2004 രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്കാരവും നൽകി ആദരിച്ചു. എന്നാൽ 2009ൽ അദ്ദേഹം തനിക്ക് ലഭിച്ച പത്മശ്രീ തിരികെ നൽകി. ശ്രീലങ്കൻ തമിഴരുടെ വിഷയത്തിലെ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
16 വയതിനിലേ' എന്ന സിനിമയിലൂടെയാണ് ഭാരതിരാജ ആദ്യമായി സംവിധായക വേഷം അണിയുന്നത്. ആദ്യ സിനിമയിൽ തന്നെ വമ്പൻ താരങ്ങളെ അണിനിരത്തി. രജനീകാന്ത്, കമൽഹാസൻ, ശ്രീദേവി എന്നിവർ വേഷമിട്ട സിനിമ വലിയ പ്രേക്ഷകശ്രദ്ധ നേടി. അതിന് ശേഷം ഭാരതിരാജയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
തമിഴ് സിനിമയിലേക്ക് നിരവധി പുതിയ അഭിനേതാക്കളെ സമ്മാനിക്കുന്നതിൽ ഭാരതിരാജ നിർണ്ണായക പങ്കുവഹിച്ചു. തന്റെ ഒരു പ്രത്യേക ശൈലിയിൽ അദ്ദേഹം പല അഭിനേതാക്കളുടെയും പേര് ആർ എന്ന അക്ഷരത്തിൽ തുടങ്ങുന്ന രീതിയിൽ മാറ്റുകയുണ്ടായി. രാധിക, രേവതി, രാധ, രഞ്ജിത, രേഖ എന്നിവരുൾപ്പെടെയുള്ള കഴിവുറ്റ കലാകാരന്മാരെയാണ് ഇതിലൂടെ അദ്ദേഹം സിനിമയ്ക്ക് സമ്മാനിച്ചത്. കാർത്തിക്, പാണ്ഡ്യൻ, ചന്ദ്രശേഖർ, നെപ്പോളിയൻ, ജനകരാജ് എന്നിവരുൾപ്പെടെ പിന്നീട് തമിഴ് സിനിമാ ലോകത്ത് പ്രമുഖരായി മാറിയ നടന്മാരെയും സിനിമയിലേക്ക് കൊണ്ടുവന്നത് ഭാരതിരാജ ആയിരുന്നു.
'മുതൽ മര്യാദൈ', 'കിഴക്കേ പോകും റെയിൽ', 'അലൈകൾ ഓയ്വതില്ലൈ', കറുത്തമ്മ, അന്തിമന്താരെ, സിഗപ്പ് റോജാക്കൾ, പുതിയ വാർപ്പുകൾ തുടങ്ങി നിരവധി ചിത്രങ്ങൾ തമിഴ് സിനിമയിൽ ഭാരതിരാജയെ പകരം വെയ്ക്കാനില്ലാത്ത സംവിധായകനാക്കി മാറ്റി. തിരുച്ചിത്രമ്പലം അടക്കം നിരവധി സിനിമകളിൽ കാരക്ടർ വേഷങ്ങളിലും ഭാരതിരാജ തിളങ്ങി.
1941 ജൂലൈ 17ന് തേനടുത്തുളള അല്ലിനഗരം എന്ന മനോഹരമായ ഒരു ചെറിയ ഗ്രാമത്തിൽ ചിന്നസ്വാമിയായാണ് ഭാരതിരാജയുടെ ജനനം. പെരിയ മായ തേവരുടെയും മീനാക്ഷിയമ്മാൾ എന്ന കറുത്തമ്മാളുടെയും അഞ്ചാമത്തെ മകനായിരുന്നു അദ്ദേഹം. മ്ലാവുകളെ നായാടുന്നതും സാഹിത്യവുമായിരുന്നു കുട്ടിക്കാലത്തെ അദ്ദേഹത്തിന്റെ വിനോദങ്ങൾ. നാടോടിയെപ്പോലെ നടന്നിരുന്ന ആ ആദ്യകാലം മുതൽക്കേ അഭിനയത്തോടും നാടകത്തോടും അടങ്ങാത്ത ഒരു അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു.
മികച്ച ഒരു പ്രസംഗകൻ കൂടിയായിരുന്ന അദ്ദേഹം അക്ഷരമറിയാത്ത ഗ്രാമീണർക്കിടയിൽ സാമൂഹിക അവബോധം വളർത്താനായി പലയിടങ്ങളിലും സഞ്ചരിച്ചു. ഇതിനിടയിൽ 1963ൽ പൊതുജനാരോഗ്യ വകുപ്പിൽ സാനിറ്ററി ഇൻസ്പെക്ടറായി പ്രതിമാസം 75 രൂപ ശമ്പളത്തിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു.
ഉത്സവകാലങ്ങളിൽ തേരി പഴനി ചെട്ടിയാപ്പട്ടി ഗ്രാമത്തിൽ വെച്ച് ഭാരതിരാജ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ആദ്യ നാടകങ്ങളായിരുന്നു "ഊർ സിരിക്കിറത്", "ചുമ്മാ ഒരു കഥൈ" എന്നിവ. കൂടുതൽ നല്ല അവസരങ്ങൾ തേടിഅദ്ദേഹം മദ്രാസിലേക്ക് (ചെന്നൈ) താമസം മാറി. സുഹൃത്തുക്കളുടെ സഹായത്തോടെ "ചുമ്മാ ഒരു കഥൈ", "അധികാരം" എന്നീ നാടകങ്ങൾ വേദിയിലെത്തിച്ചു. റേഡിയോ നാടകങ്ങളിലും സംഗീത പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. എന്നാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഈ അവസരങ്ങൾ മാത്രം മതിയാകാതിരുന്നതിനാൽ സിനിമ എന്ന തന്റെ ലക്ഷ്യം കൈവിടാതെ തന്നെ അദ്ദേഹം ഒരു പെട്രോൾ പമ്പിൽ ജോലിക്ക് കയറി.
1967ൽ ഭാരതിരാജ പുട്ടണ്ണ കനഗലിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായി ചേർന്നു. അദ്ദേഹത്തെയാണ് ഭാരതിരാജ തന്റെ ഗുരുവായി കണക്കാക്കുന്നത്. പിന്നീട് കൃഷ്ണൻ നായർ, അവിനാശി മണി, എ. ജഗന്നാഥൻ എന്നിവർക്കൊപ്പം പ്രവർത്തിച്ച് സിനിമയുടെ വ്യാകരണം പഠിച്ച അദ്ദേഹം 1977ൽ തന്റെ ആദ്യത്തെ സംവിധാന അവസരം സ്വന്തമാക്കി.
ചന്ദ്ര ലീലാവതിയാണ് ഭാരതിരാജയുടെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട് - മകൻ മനോജ് ('താജ്മഹൽ' സിനിമയിലെ നായകൻ), മകൾ ജനനി.












Click it and Unblock the Notifications