'യൂട്യൂബില്‍ നിന്നുളള പൈസ അളവില്‍ കൂടുതലായി, ഇൻകം ടാക്സ് ചോദ്യം ചെയ്തു', നടന്നത് പറഞ്ഞ് ഫിറോസ് ചുട്ടിപ്പാറ
പേളി മാണി അടക്കം നിരവധി യൂട്യൂബർമാരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് ഏതാനും നാളുകൾക്ക് മുൻപ് വലിയ വാർത്തയായിരുന്നു. പൊടുന്നനെ വലിയ വരുമാന വർധനവും മറ്റും സംഭവിക്കുന്ന മേഖല ആയത് കൊണ്ട് തന്നെ പ്രമുഖരായ പലരും അന്നത്തെ റെയ്ഡിൽ ഉൾപ്പെട്ടിരുന്നു.
കുക്കിംഗ് വീഡിയോകളിലൂടെ വൈറലായ ഫിറോസ് ചുട്ടിപ്പാറയേയും ഇൻകം ടാക്സ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് സുജിത്ത് ഭക്തന്റെ പോഡ്കാസ്റ്റിൽ ഫിറോസ് ചുട്ടിപ്പാറ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഫിറോസ് ചുട്ടിപ്പാറയുടെ വാക്കുകൾ: '' തന്റെ വരുമാനത്തെ കുറിച്ച് ഇന്‍കം ടാക്‌സുകാര്‍ ഇങ്ങോട്ട് വിളിച്ച് ചോദിച്ചിട്ടില്ല. തനിക്ക് യൂട്യൂബില്‍ നിന്ന് പൈസ വരാന്‍ തുടങ്ങി, അളവില്‍ കൂടുതലായി. നമ്മുടെ കയ്യില്‍ പോകുന്ന തരത്തിലേക്കായി. അങ്ങനെ താന്‍ ബാങ്കില്‍ പോയി ബാങ്ക് മാനേജരോട് ചോദിച്ചു, എനിക്ക് ഇന്‍കം ടാക്‌സ് അടയ്ക്കണം അതിന് എന്താണ് വഴി എന്ന്. നാളെ ഇവര്‍ എന്നെ അന്വേഷിച്ച് വരാന്‍ പാടില്ലല്ലോ. അപ്പോള്‍ എന്റെ ഭാഗം ക്ലിയറായിരിക്കണം എന്നുളള ലക്ഷ്യത്തിലായിരുന്നു. മാത്രമല്ല അത് കഴിഞ്ഞിട്ടുളള പണം മതി എന്നുളള തോന്നലും ഉണ്ടായിരുന്നു.

ബാങ്ക് മാനേജര്‍ പറഞ്ഞു, ബാങ്കിന്റെ ഓഡിറ്ററായിട്ടുളള ആളെ പോയി കണ്ടാല്‍ മതി, അദ്ദേഹം ശരിയാക്കി തരും എന്ന്. അങ്ങനെ ഓഡിറ്ററെ പോയി കണ്ടു, ഇന്‍കം ടാക്‌സ് അടച്ച് തുടങ്ങി. ഇന്‍കം ടാക്‌സ് രണ്ടാമത് അടച്ചതിന് ശേഷമാണ് യൂട്യൂബേഴ്‌സിന് ഇന്‍കം ടാക്‌സ് റെയ്ഡ് വരുന്നത്. അന്ന് താന്‍ ഡല്‍ഹിയില്‍ ആയിരുന്നു.
അപ്പോള്‍ സുഹൃത്തുക്കളൊക്കെ വിളിച്ചു ചോദിച്ചു, എല്ലാ യൂട്യൂബേഴ്‌സിന്റെ അടുത്തും റെയ്ഡ് ആണല്ലോ നിന്റെ അടുത്ത് വന്നില്ലേ എന്ന്. ഞാന്‍ ടാക്‌സ് അടയ്ക്കുന്നുണ്ടല്ലോ പിന്നെ എന്റെ അടുത്ത് എന്തിനാണ് റെയ്ഡ് വരുന്നത്. അതിന് ശേഷം തന്നെ വിളിപ്പിച്ചു, ഇന്‍കം ടാക്‌സില്‍ നിന്ന് പേപ്പര്‍ വന്നു. എന്താണ് വരുമാനം, എന്താണ് പരിപാടി എന്നൊക്കെ തന്നോട് ചോദിച്ചു.
തന്റെ ഓഡിറ്ററും കൂടെ ഉണ്ടായിരുന്നു. യൂട്യൂബില്‍ നിന്നാണ് വരുമാനം. പിന്നെ ഫേസ്ബുക്കില്‍ നിന്നും വരുമാനം ഉണ്ട്. പിന്നെ പരസ്യം കാര്യമായി ചെയ്യുന്നില്ല, എങ്കിലും പരസ്യത്തില്‍ നിന്നും കുറച്ച് വരുമാനം വരും എന്ന് പറഞ്ഞു. ടാക്‌സ് അടയ്ക്കുന്നുണ്ടോ എന്നൊക്കെ വേറെയും കുറേ കാര്യങ്ങള്‍ തന്നോട് ചോദിച്ചു. ടാക്‌സ് വെട്ടിപ്പ് ഒന്നും നടത്തുന്നില്ലെന്നും വരുമാനം കൂടിയപ്പോള്‍ താന്‍ തന്നെ സ്വയം വന്നതാണ് ടാക്‌സ് അടയ്ക്കാന്‍, ആരും നിര്‍ബന്ധിച്ചിട്ടല്ല എന്നും പറഞ്ഞു.
ഉദ്യോഗസ്ഥന് തന്റെ സത്യസന്ധത മനസ്സിലായപ്പോള്‍ പിന്നെ കാര്യമായി ചോദ്യം ചെയ്യാനൊന്നും നിന്നില്ല. ഒരു അര മണിക്കൂര്‍ ചോദ്യം ചെയ്തു, അതിന് ശേഷം വിട്ടയച്ചു. നമ്മള്‍ നമ്മുടെ ഭാഗം ക്ലിയര്‍ ആക്കുക എന്നതാണ്. ബിസിനസ്സില്‍ ആയാലും സ്റ്റാഫിനോട് പറയുന്നത്, എല്ലാം സുതാര്യമായിരിക്കണം, കണ്ണട പോലെ ആയിരിക്കണം എന്നാണ്.


Click it and Unblock the Notifications
