പ്രസിഡണ്ട് റബ്ബർ സ്റ്റാമ്പ്, അമ്മയിൽ അധികാര ദുർവിനിയോഗം, ബൈലോ തിരുത്തണമെന്ന് ടിനി ടോം
മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് എതിരെ തുറന്നടിച്ച് ടിനി ടോം. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ടിനി നേതൃത്വം അധികാര ദുർവിനിയോഗം നടത്തുന്നതായി കുറ്റപ്പെടുത്തി. സംഘടനയുടെ പ്രസിഡണ്ട് ശ്വേതാ മേനോൻ റബ്ബർ സ്റ്റാമ്പായി മാറിയെന്നും ടിനി ടോം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കുക്കു പരമേശ്വരനും ട്രഷറർ ഉണ്ണി ശിവപാലിനും നേർക്ക് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ടിനി ടോമിന്റെ പ്രതികരണം. ജനറൽ സെക്രട്ടറിക്ക് പൂർണ അധികാരം നൽകുന്ന ബൈലോ തിരുത്തപ്പെടണമെന്നും ടിനി ആവശ്യപ്പെട്ടു.
ടിനി ടോമിന്റെ വാക്കുകൾ: ''ഇടവേള ബാബു ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ ഉണ്ടാക്കിയ ബൈലോ പ്രകാരം അധികാരം പൂര്‍ണമായും ജനറല്‍ സെക്രട്ടറിക്കാണ്. മോഹന്‍ലാലിനും ഇന്നസെന്റിനും കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കാതിരുന്നത് കൊണ്ട് അധികാരം നല്‍കിയിരുന്നത് ഇടവേള ബാബുവിന് ആയിരുന്നു. അത് തുടര്‍ന്ന് വന്നപ്പോള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.

ഇടവേള ബാബു ഒരു ബള്‍ബ് മാറ്റിയാല്‍ പോലും അക്കാര്യം അറിയിക്കുമായിരുന്നു. ഇപ്പോള്‍ അതില്ലാതെ വന്നപ്പോഴും സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്യുമ്പോഴുമാണ് പലരും പ്രതികരിക്കാന്‍ തുടങ്ങിയത്. അമ്മയ്ക്ക് വേണ്ടി സംസാരിക്കാനുളള ഒരു വക്താവ് ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍.
ആരാണ് അമ്മയിലെ ചില തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് തന്നെ അറിയില്ല. താന്‍ ഹൗസ് കീപ്പിംഗ് സെക്ഷന്റെ ചുമതലയിലുണ്ടായിരുന്നു. ആ സെക്ഷനേ പിരിച്ച് വിട്ട് കളഞ്ഞു. അതിന് ശേഷം ഇവര്‍ തന്നെ അഭിമുഖം നടത്തി എടുത്തവരേയാണ് പിന്നീട് പിരിച്ച് വിട്ടത്. അതിനുളള കാരണം അറിയാതെ ചെന്ന് അന്വേഷിച്ചപ്പോഴാണ് സംഭവങ്ങള്‍ അറിയുന്നത്.
അമ്മ പ്രസിഡണ്ട് വെറും സ്റ്റാമ്പ് മാത്രമാണെന്ന് പ്രസിഡണ്ടിന് തന്നെ ബോധ്യപ്പെട്ടു. അടുത്ത ജനറല്‍ ബോഡിയില്‍ ബൈലോ തിരുത്തപ്പെടണം. തീരുമാനം എടുക്കാന്‍ രണ്ട് പേരുടെ ഒപ്പുകള്‍ മതി. ചെക്കുകള്‍ ജനറല്‍ സെക്രട്ടറിയും ട്രഷററും ഒപ്പ് വെച്ച് പോകും. അക്കൗണ്ട്‌സ് കമ്മിറ്റിയുടെ സെക്രട്ടറിയായ കൈലാഷ് പല തവണ കണക്കുകള്‍ ചോദിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ അവിടെ വരാത്തത് കൊണ്ട് കിട്ടിയിട്ടില്ല.
ഇവരെല്ലാം പുതിയ ആളുകളാണ്. പത്ത് വര്‍ഷത്തിലേറെയായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുളള താനാണ് കൂട്ടത്തിലെ സീനിയര്‍. കാര്യങ്ങള്‍ അറിയുന്ന ഒരാള്‍ വേണമെന്ന് സിദ്ദിഖും ഇടവേള ബാബുവും അടക്കമുളളവര്‍ പറഞ്ഞത് പ്രകാരമാണ് താന്‍ മത്സരിച്ചത്. ആദ്യമൊക്കെ കാര്യങ്ങളില്‍ നമ്മളും ഉള്‍പ്പെട്ടിരുന്നു. പക്ഷേ പിന്നീട് യാതൊരു അറിയിപ്പുകളും കാര്യങ്ങളും ഇല്ലാത്ത സ്ഥിതിയായി. അവിടെ അധികാര ദുര്‍വിനിയോഗം നടന്നുവെന്ന് മനസ്സിലായത് കൊണ്ടാണ് പ്രസിഡണ്ട് ഉള്‍പ്പെടെ ട്രഷററോട് ലീവില്‍ പോകണം എന്ന് പറഞ്ഞത്.
ഇന്നലെ സുരേഷ് ഗോപി വിളിച്ചിരുന്നു. ഇന്നര്‍ പൊളിറ്റിക്‌സില്‍ താല്‍പര്യമില്ലെന്നും പക്ഷേ അമ്മയില്‍ നിരാലംബരായ നിരവധി പേരുണ്ടെന്നും അവര്‍ക്ക് വേണ്ടിയാണ് നമ്മള്‍ നിലനില്‍ക്കേണ്ടത് എന്നും പറഞ്ഞു. തൃശൂരില്‍ വെച്ച് നേരിട്ട് കാണാമെന്നും പറഞ്ഞിട്ടുണ്ട്. ഇടവേള ബാബുവിനോട് എപ്പോഴും സംസാരിക്കുന്നതാണ്, ലാലേട്ടനും മമ്മൂക്കയ്ക്കും മെസ്സേജുകള്‍ അയക്കാറുണ്ട്. അമ്മ നിലനില്‍ക്കേണ്ടത് ഒരുപാട് നിരാലംബരുടെ ആവശ്യമാണ്'', ടിനി ടോം വ്യക്തമാക്കി.














Click it and Unblock the Notifications