'ഇത് പരദൂഷണം, ജിഹാദി എന്ന് വിളിച്ചിട്ടില്ല, എന്നെ സിനിമയിൽ കൊണ്ട് വന്നത് മമ്മൂക്ക', അൻസിബയ്ക്ക് മറുപടി
നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയുമായി ടിനി ടോം. തനിക്ക് പലരുമായി അവിഹിതമുണ്ടെന്ന് കഥകൾ പ്രചരിപ്പിച്ചുവെന്നും മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞുവെന്നും ജിഹാദിയെന്ന് വിളിച്ചുവെന്നതുമടക്കമുളള ആരോപണങ്ങളാണ് ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ചത്. അടുത്തിടെ അമ്മ ഭാരവാഹിത്തം അൻസിബ രാജി വെച്ചിരുന്നു.
ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തന്റെ വളർച്ചയാണ് കാരണമെന്നുമാണ് ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ടിനി ടോമിന്റെ വാക്കുകൾ: '' ഫെബ്രുവരി 21നാണ് അന്‍സിബ രാജിക്കത്ത് കൊടുത്തത്. 22ാം തിയ്യതി ജനറല്‍ സെക്രട്ടറി രാജി വെക്കരുത് എന്ന് ആവശ്യപ്പെട്ട് മെയില്‍ തിരിച്ചയച്ചു. അതിന് ശേഷം മാര്‍ച്ച് 2ന് ചേര്‍ന്ന ഇസി മീറ്റിംഗില്‍ രാജിക്കാര്യം പറഞ്ഞിരുന്നില്ല. 12ന് ചേര്‍ന്ന യോഗത്തില്‍ രാജിക്കാര്യം വിളിച്ച് ചോദിച്ചപ്പോള്‍ തിരക്കുകള്‍ കാരണമാണ് എന്നാണ് പറഞ്ഞത്.
ഇന്ന് അമ്മയുടെ മെഡിക്കല്‍ ക്യാമ്പ് ഇവിടെ നടക്കുമ്പോഴാണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ ഇക്കാര്യങ്ങളുണ്ടാകുന്നത്. താന്‍ പ്രവര്‍ത്തിക്കുന്നയാളാണ്, പ്രസംഗിക്കുന്നവനല്ല. പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചന നടക്കുന്നുണ്ട്. നേരിട്ട് കേള്‍ക്കുന്ന കാര്യങ്ങള്‍ വേണം പറയാന്‍, മറ്റുളളവര്‍ പറയുന്നത് കേട്ടല്ല.

താന്‍ ജിഹാദി എന്ന് വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാര്‍ എല്ലാം മുസല്‍മാന്മാരാണ്. തന്നെക്കുറിച്ച് ഇതുവരെ ഒരു ആരോപണങ്ങളോ പ്രശ്‌നങ്ങളോ വന്നിട്ടില്ല. ഈ ആരോപണങ്ങളുടെ കാരണം അറിയില്ല. പുറത്ത് നിന്നുളള കുറച്ച് പണികള്‍ വന്നിട്ടുണ്ട്. നിയമപരമായൊന്നും പോകുന്നില്ല. ഈ പറയുന്ന ആള്‍ സഹോദരിയെ പോലെയാണ്. മൂന്ന് കമ്മിറ്റികളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചയാളാണ്. ഇതൊരു പരദൂഷണം ആണ്. മതംമാറ്റാന്‍ അന്‍സിബ ശ്രമിച്ചതായി താന്‍ പറഞ്ഞുവെന്ന് പറയുന്നതിന് തെളിവ് വേണം. എന്റെ കൂടെയുളള മുസ്ലീം സഹോദരങ്ങളൊക്കെ എന്ത് വിചാരിക്കും. മമ്മൂക്കയും നാദിര്‍ഷക്കയുമൊക്കെയാണ് എന്നെ സിനിമയില്‍ കൊണ്ട് വന്നത്. താന്‍ മിമിക്രിക്കാരനാണെന്നും ജാതിയും മതവുമൊന്നും ഇല്ലെന്നും ടിനി ടോം പറഞ്ഞു.
അതേസമയം ഗൂഢാലോചനയെന്ന ആരോപണം അൻസിബ തള്ളി. ദൃശ്യം 3 തിയറ്ററിൽ പോയി കാണാൻ പോലും സമയം ഇല്ല, അതിനിടയിൽ എന്ത് ഗൂഢാലോചന നടത്താനാണെന്ന് അൻസിബ ചോദിക്കുന്നു. അമ്മയിൽ പരാതി നൽകിയിട്ടുണ്ട്. അക്കാര്യങ്ങൾ അന്വേഷിച്ച് കണ്ട് പിടിക്കട്ടെ. അമ്മയിൽ പരാതി നൽകിയിട്ട് കാര്യമില്ല, നേരത്തെ പരാതി നൽകിയപ്പോൾ ഇത് സംഘടനാ കാര്യമല്ലെന്നാണ് പ്രസിഡണ്ട് പറഞ്ഞത്. ടിനി ടോം ഗ്രൂപ്പിൽ മെസ്സേജ് ഇട്ടത് ഇത് പോലുളള ഊളക്കേസുകൾ ഇവിടെ എടുക്കില്ലെന്നാണ്. തനിക്കെതിരെയാണ് ഗൂഢാലോചന നടന്നത്, അൻസിബ പറഞ്ഞു.














Click it and Unblock the Notifications