മമ്മൂട്ടി അടിക്കുമെന്ന് ഭയന്നു, ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞു';ഉർവശി പറയുന്നു
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. കരിയറിൻ്റെ തുടക്കത്തിൽ ഉണ്ടായ അനുഭവങ്ങളും പ്രീയപ്പെട്ട സംവിധായകരെ കുറിച്ചും ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഐവി ശശി സംവിധാനം ചെയ്ത 'കരിമ്പിൻ പൂവിനക്കരെ' എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പമുള്ള ഒരു രംഗവും അന്ന് അത് ചിത്രീകരിക്കുമ്പോഴുണ്ടായ തൻ്റെ ഭയവും താരം അഭിമുഖത്തിൽ ഓർത്തെടുത്തു. അവരുടെ വാക്കുകളിലേക്ക്
'കരിമ്പിൻ പൂവിനക്കരെ എന്ന് പറഞ്ഞ ഒരു സിനിമയുണ്ട്. വളരെ ചെറിയ പെൺകുട്ടിയുടെ റോളാണ്. നടൻ്റെ കൂട്ടുകാരനായിട്ട് വരുന്ന, പ്രായത്തിന് വളരെ മുതിർന്ന ആളുമായിട്ട് ഒരു ബന്ധം ഉണ്ടായി കുട്ടി ഗർഭിണി ആയോ എന്ന് വിചാരിച്ചിട്ട് തെറ്റിദ്ധരിച്ച് മമ്മുക്കയുടെ കഥാപാത്രം ആ കുട്ടിയെ അടിക്കുന്നതാണ് രംഗം. ഞാനാണ് ആ കുട്ടിയുടെ റോൾ ചെയ്തത്. ഒരുപാട് അടിക്കുന്ന സീൻ ഉണ്ട്. ഞാൻ അതിന് മുമ്പ് തമിഴിൽ അഭിനയിച്ചോണ്ടിരുന്ന ആളാണ്. തമിഴിൽ അഡ്ജസ്റ്റ്മെന്റ് അടിയില്ല. അടിക്കുക എന്ന് വെച്ചാൽ ശരിക്കും അടിക്കുക തന്നെയാണ് .

അപ്പോ അവിടെ ഉള്ളവര് അടിക്കുമ്പോൾ ആദ്യമേ സോറി പറയും.നടി മനോരമ, അവർ എന്നോട് പറഞ്ഞു എനിക്കല്ലാതെ അങ്ങനെ അല്ലാതെ അടിക്കാൻ അറിയത്തില്ല എന്ന് പറയും. ഒരു പടത്തിൽ ഞാൻ അവരുടെ മരുമകളായിട്ട് അഭിനയിച്ചിരുന്നു. എന്നാലും സിനിമയിലൊക്കെ അങ്ങനെ അടിക്കുമോയെന്ന അത്ഭുതമായിരുന്നു എനിക്ക്. സംവിധായകര് പറയും അടിക്കട്ടേയമ്മ, അതൊന്നും പ്രശ്നമാക്കേണ്ടെന്ന്. നല്ല അടിയായിരിക്കും അടിക്കുക, ഇങ്ങനെയൊക്കെ അടിക്കുമോയെന്ന് തോന്നിപ്പോകും.
കരമ്പിൻപൂവിനക്കരെ എൻ്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ സിനിമയാണ്. എനിക്ക് കഷ്ടിച്ച് 15 വയസോ മറ്റോ പ്രായമേ ഉള്ളൂ. ആ സീനിൽ മമ്മൂക്കയെന്നെ പൊതിരെ തല്ലണം, അവിടുന്നെടുത്ത് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ എറിയണം. ഇത് കേട്ട് ഞാൻ പറഞ്ഞു അയ്യോ എനിക്ക് ഈ പടം വേണ്ട, ഞാൻ വീട്ടിൽ പോകുകയാണെന്ന്. കാരണം എന്തിനാണ് ഞാൻ വെറുതെ ആളുകളുടെ തല്ല് വാങ്ങിക്കൂട്ടുന്നത്.
ഐവി ശശിയുടെ പടമായിരുന്നു. ഞാൻ പറഞ്ഞു എനിക്ക് പറ്റില്ല, അടി കൊണ്ടാൽ ഞാൻ തിരിച്ചടിക്കുമെന്ന്. കൈയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് എറിയുമെന്നുമൊക്കെ പറഞ്ഞു. ഇതൊക്കെ പറഞ്ഞ് തിരുവല്ലയിൽ ഒരു വീട്ടിലെ മുറിയിലിരിക്കുകയാണ് ഞാൻ. എനിക്ക് ആകെപ്പാടെ വിഷമമാണ്. എൻ്റെ വിഷമം കണ്ട് ശശിച്ചേട്ടൻ പറഞ്ഞു, എന്താ കഴുതക്കുട്ടി അങ്ങനെ അടിക്കുവോ,വെറുതെ അടിക്കുന്നത് പോലെ കാണിക്കുകയല്ലേ ഉള്ളൂവെന്ന്. ഇത് തമിഴ് സിനിമയൊന്നും അല്ല മലയാള സിനിമയാണെന്ന് പറഞ്ഞു.
ആ സീൻ എടുത്തു നോക്കണം , അദ്ദേഹം എൻ്റെ ദേഹത്ത് പോലും തൊട്ടിട്ടില്ല. ദേത്ത് തൊടാതെ എങ്ങനെ അടിക്കുമെന്നൊക്കെ തോന്നും. പക്ഷെ അത്രയും വലിയ പരിചയസമ്പത്തുള്ള നടൻമാരാണ് അവരൊക്കെ.
മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം ഒപ്പം അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും ഒരുവിധം നല്ല ക്യാരക്ടേഴ്സ് ഒക്കെ തന്നെയാണ് എനിക്ക് തന്നത്. പക്ഷേ എന്നെ വളരെ പേഴ്സണൽ ആയിട്ട് അറിയുകയും എന്നെ ആലോചിച്ച് ക്യാരക്ടേഴ്സ് എഴുതുകയും ചെയ്തിട്ടുള്ള ഒരു ഡയറക്ടർ അത് വേണു നാഗവള്ളിയാണ്. അദ്ദേഹത്തിന് വളരെ ചെറുപ്പം മുതല എന്നെ അറിയാമായിരുന്നു. എൻ്റെ മാനറിസം വെച്ചാണ് അദ്ദേഹം പല ക്യാരക്ടേഴ്സും എഴുതിയിട്ടുള്ളത്. ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും ഞാൻ ചെയ്തതല്ല. പക്ഷെ ആ കഥാപാത്രങ്ങൾ പോലും എന്നെ മനസിൽ കണ്ട് എഴുതിയ കഥാപാത്രങ്ങളാണ്.
അതുപോലെ സത്യേട്ടന്റെ സിനിമകൾ. മറ്റാരും കാണാത്ത പ്രത്യേക ക്വാളിറ്റി ഒക്കെ സത്യേട്ടൻ ദീർഘവീക്ഷണത്തോടുകൂടി കണ്ട് ചെയ്തു. തലയണ മന്ത്രം ആയാലും പൊന്മുട്ടയിടുന്ന താറാവായാലും ആ ക്യാരക്ടേഴ്സിനെ അങ്ങനെ തന്നെ ചെയ്യും ഒട്ടും നെഗറ്റീവ് തോന്നാതെ അങ്ങനെ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കിയ ഒരു ഡയറക്ടർ ആണ് അദ്ദേഹം", ഉർവശി പറഞ്ഞു.













Click it and Unblock the Notifications