'മലയാളം സംസാരിക്കണമെന്ന് പറഞ്ഞതിന് കാരണം'; വിവാദങ്ങളോട് പ്രതികരിച്ച് ഉർവശി
സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അവതാരക ഇംഗ്ലിഷ് സംസാരിച്ചതിനെ കുറിച്ച് നടി ഉർവശി വേദിയിൽ നടത്തിയ പ്രതികരണം വലിയ വിമർശനത്തിനാണ് വഴിവെച്ചത്. അവതാരകയായ കുട്ടിയെ അപമാനിക്കുന്ന തരത്തിലായിപ്പോയി നടിയുടെ പ്രതികരണം എന്നാണ് പലരും കുറ്റപ്പെടുത്തിയത്. പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയ അടക്കം ഈ വിഷയത്തിൽ ഉർവശിയുടെ പ്രതികരണത്തെ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ ആദ്യമായി പ്രതികരിക്കുകയാണ് നടി. 'ഒറിജിനൽസ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' ചില സാഹചര്യങ്ങൾ നമ്മുക്ക് മറ്റുള്ളവരോട് പറയാൻ പറ്റിയെന്ന് വരില്ല. ഒരാൾ ചോദിച്ച ചോദ്യം കട്ട് ചെയ്തിട്ട് ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പോലെ പറയുന്നത് പോലെ ഇട്ടാൽ കാണുന്നവർ തെറ്റിദ്ധരിക്കും. പിന്നെ ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ജോലി അല്ലല്ലോ എനിക്ക്. ഈശ്വരൻ കടാക്ഷിച്ച് നല്ലൊരു ജോലി എനിക്കുണ്ട്. പിന്നെ നല്ല പ്രേക്ഷകരെയും കിട്ടിയിട്ടുണ്ട്. നല്ല മീഡിയ ആൾക്കാരെയും കിട്ടിയിട്ടുണ്ട്. എന്റെ മക്കളോടും എന്റെ ഭർത്താവിനോടും എനിക്ക് പറഞ്ഞാൽ മതി .ഈ കാണുന്ന ആൾക്കാരോട് മുഴുവൻ പറഞ്ഞുകൊണ്ട് നടക്കേണ്ട കാര്യമില്ല.

ലുലുവിൽ ദക്ഷ എന്ന് പറഞ്ഞ കുട്ടിയാണ് ആങ്കർ. പരിപാടിക്കിടെ ഞാൻ ഒരു ഭാഗത്ത് നോക്കിയപ്പോൾ ഒത്തിരി പ്രായമുള്ള ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നു. ഈ കുട്ടി ഇടക്കിടക്ക് ഇംഗ്ലീഷ് പറയുമ്പോൾ അവര് മലയാളം മലയാളം എന്നിങ്ങനെ പറയുന്നുണ്ട് . ഐശ്വര്യ ലക്ഷ്മിയോട് ചോദ്യം ചോദിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ഇത്. ഞാൻ ആ കുട്ടിയോട് ഒന്ന് മലയാളത്തിൽ പറയൂ എന്ന് പറഞ്ഞാൽ അർത്ഥം മാറും. ആ കുട്ടി ആദ്യമായിട്ടാണ് വരുന്നത്, അവളുടെ ജോലി അവൾ ഭംഗിയായിട്ട് ചെയ്തു, സുന്ദരമായിട്ട് ആ ജോലി ചെയ്തു. നമ്മൾ വരുന്നതിനു മുമ്പ് ആൾക്കാരെ ബോറടിപ്പിക്കാതെ ഇരുത്തി അവരെ നിയന്ത്രിച്ച് നിർത്തുന്നത് ഈ ആങ്കർ ആണ്. നമ്മൾ വരുമ്പോൾ നമ്മളെ പ്രശംസിച്ചും നമ്മളെ സ്വീകരിക്കുന്ന രീതി. പിന്നെ നമ്മൾ ഇരുന്നു കഴിഞ്ഞ് ഓരോരുത്തരെ കുറിച്ചും അറിഞ്ഞു സംസാരിക്കണം അല്ലേ. നല്ല സെൻസ് ഓഫ് ഹ്യൂമർ ഉണ്ട്. ഞാൻ അത് പറഞ്ഞ ഉടനെ 'ഐആം ദ സ്റ്റോറി ചേച്ചി' എന്ന് പറഞ്ഞു. നമുക്കൊരു എനർജി അല്ലേ, അപ്പോൾ തന്നെ തിരിച്ച് ഐആം ദ സോറി മോൾ എന്ന് ഞാനും പറഞ്ഞു. ഇതൊക്കെ എല്ലാവരും വിശദീകരിക്കാനാകുമോ? ഉർവശി ചോദിച്ചു.
വേദിയിൽ വെച്ച് ഒരു ആരാധിക സ്നേഹത്തോടെ വന്ന് കെട്ടിപിടിച്ചപ്പോൾ കണ്ണുനിറഞ്ഞതിനെ കുറിച്ചും ഉർവശി സംസാരിച്ചു. 'എന്റെ മുമ്പിൽ ഒരാൾ കണ്ണ് നിറഞ്ഞു കഴിഞ്ഞാൽ എനിക്ക് ഭയങ്കര പ്രശ്നമാണ്. അതുകൊണ്ടാണ് ഞാൻ എപ്പോഴും ചിരിച്ച് അഡ്ജസ്റ്റ് ചെയ്യുന്നത്. ഇമോഷണൽ ആയി കഴിഞ്ഞാൽ പിന്നെ ഒന്നിനും കൊള്ളൂല്ല. പിള്ളേര് എന്ന് പറഞ്ഞാൽ എനിക്ക് വീക്നെസ് ആണ് ഞാൻ എന്റെ ജീവിതത്തിൽ ടീച്ചർ ആവണം ഇല്ലെങ്കിൽ കുറേ കുഞ്ഞുങ്ങളടെ അമ്മ അമ്മ ആവണം എന്ന് ആഗ്രഹിച്ച ആളാണ്', ഉർവശി പറഞ്ഞു.


Click it and Unblock the Notifications
