'സംവിധായകനെ സ്ത്രീപീഡന കേസിൽ അഴിക്കുള്ളിലാക്കിയ ഉഷ ഹസീന'..ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ആലപ്പി അഷ്റഫ്
നടി ലക്ഷ്മിപ്രിയ നടി ഉഷ ഹസീനയുടെ രണ്ടാം വിവാഹത്തെ അധിക്ഷേപിച്ച് കൊണ്ട് അടുത്തിടെ പ്രതികരിച്ചിരുന്നു. ഭർത്താവിന്റെ മതത്തിനനുസരിച്ചാണ് ഉഷ ഹസീന പേര് മാറ്റിയെന്നതടക്കമുള്ള ആക്ഷേപങ്ങളായിരുന്നു അവർ നടത്തിയത്. ഇപ്പോഴിതാ അതിനെല്ലാം മറുപടി നൽകുകയാണ് സംവിധായകൻ ആലപ്പി അഷഫ്റഫ്. ഉഷയുടെ ആദ്യ ബന്ധം വേർപിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചെല്ലാം സംവിധായകൻ തൻ്റെ പുതിയ വീഡിയോയിലൂടെ വിശദമാക്കി. വായിക്കം
'മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രശസ്ത സംവിധായകനെ സ്ത്രീപീഡന കേസിൽ അറസ്റ്റ് ചെയ്യിപ്പിച്ച് അഴിക്കുള്ളിലാക്കിയ ആദ്യത്തെ ചലച്ചിത്ര നടിയാണ് ഉഷ ഹസീന. ഉഷയുടെ പിതാവ് ഹനീഫ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു, ഒപ്പം കഴിവുറ്റ ഒരു കലാകാരനും. അദ്ദേഹം നല്ലൊരു തബലിസ്റ്റ് ആയിരുന്നു. ഖാതികൻ സാമ്പശിവന്റെ കഥാപ്രസംഗവേദി ഒക്കെ അദ്ദേഹത്തിനു വേണ്ടി തബല വായിച്ചിരുന്നു. ചില ആൽബങ്ങൾക്കും കാസറ്റിനും വേണ്ടി അദ്ദേഹം സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവുമായി നാട്ടുകാരൻ എന്നതിലുപരി നല്ല സുഹൃത് ബന്ധവും പുലർത്തിയിരുന്നു.

ഉഷയുടെ പിതാവിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു പഴയകാല പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന ലത്തീഫ്ക. ശരിക്കും ആലപ്പുഴയിലെ ആദ്യത്തെ നടനായിരുന്നു ലത്തീഫ്ക. 1956ൽ രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലെ ടൈറ്റിൽ റോളിൽ രാരിച്ചനായി അഭിനയിച്ചിരുന്നത് ലത്തീഫ്ക ആയിരുന്നു. ലത്തീഫ്കയുമായുള്ള അടുപ്പവും സൗഹൃദവുമാണ് ഹസീനക്ക് സിനിമയിൽ എത്തിപ്പെടാനുള്ള വഴി ഒരുക്കിയത്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹസീനയെ ലത്തീഫ്ക ബാലചന്ദ്രമേനോന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു, അന്ന് ഉഷയക്ക് തീരെ പ്രായം തോന്നാത്തത് കാരണം ബാലചന്ദ്രമേനോൻ പറഞ്ഞു ഒരു രണ്ടു വർഷം കഴിഞ്ഞ് എന്നെ വന്ന് കാണണം എന്ന്.
രണ്ടു വർഷം കഴിഞ്ഞപ്പോൾ കോളേജ് യുവജനോത്സവത്തിൽ നാടോടി നൃത്തത്തിൽ പങ്കെടുത്ത് ആലപ്പുഴ സെന്റ് ജോസഫ് കോളേജിന്റെ പേരിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി പത്രങ്ങളിലെല്ലാം ഹസീനയെന്ന ഒന്നാം സമ്മാന ജേതാവിന്റെ ചിത്രം അച്ചടിച്ചു വന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ട ബാലചന്ദ്രമേനോൻ ലത്തീഫ്കയെ വിളിക്കുന്നു, അദ്ദേഹം ചോദിച്ചു നേരത്തെ അവസരത്തിനായി എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്ന പെൺകുട്ടിയല്ലേ ഇതെന്ന്. അതുതന്നെയാണെന്ന് ഉറപ്പുവരുത്തിയപ്പോൾ അദ്ദേഹത്തിൻറെ അടുത്ത ചിത്രമായ കണ്ടതും കേട്ടതും എന്ന ചിത്രത്തിൽ നായികയായി തീരുമാനിക്കപ്പെടുന്നു. ആ ചിത്രത്തിനു വേണ്ടി ബാലചന്ദ്രമേനോൻ നൽകിയ പേരാണ് ഉഷ.
അക്കാലത്ത് ബാലചന്ദ്ര മേനോന്റെ മറ്റു ചിത്രങ്ങളെ പോലെ ഈ ചിത്രത്തിന് വിജയം കൈവരിക്കാനായില്ല, എന്നാൽ ഉഷയെ ആ ചിത്രത്തിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പ്രാധാന്യമുള്ള പല വേഷങ്ങളിലും പല ചിത്രങ്ങളിലും അവർ വേഷമിട്ടു. ഇതിനിടയിൽ എപ്പോഴോ പല നടിമാരെയും പോലെ ഉഷയുടെ മനസ്സിലും ഒരു പ്രണയം മൊട്ടിട്ടു. പ്രശസ്ത സംവിധായകനായ സുരേഷ് ബാബുവുമായിട്ടായിരുന്നു ഉഷയുടെ പ്രണയം. കോട്ടയം കുഞ്ഞച്ഛൻ, കിഴക്കൻ പത്രോസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു സുരേഷ് ബാബു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ തകർത്തുകൊണ്ടുള്ള പ്രണയവും വിവാഹവും എല്ലാം അന്ന് വലിയ വാർത്തയായിരുന്നു.
രണ്ടു കുടുംബക്കാരുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് ഇവർ വിവാഹിതരായത് .എന്നാൽ കാലക്രമേണ കുടുംബക്കാർ കടുംപിടുത്തമൊക്കെ ഉപേക്ഷിച്ച് അല്പമൊന്ന് അയഞ്ഞു, അപ്പോഴേക്കും ദമ്പതിമാർ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. അവർ മെല്ലെ അകലാനും തുടങ്ങി, അത് പിന്നീട് ഗാർഹിക പീഡന കേസായി, അവസാനം സുരേഷ് ബാബുവിന്റെ അറസ്റ്റിലാണ് കലാശിച്ചത്. അങ്ങനെ ഒത്തുപോകാൻ സാധിക്കാത്ത വിധം മാനസികമായി അകൽച്ചയിൽ ആകുകയും അത് വിവാഹമോചനത്തിൽ എത്തുകയും ചെയ്തു.
ഇത് തികച്ചും ഉഷയുടെയും സുരേഷ് ബാബുവിന്റെയും സ്വകാര്യ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രശ്നമാണെങ്കിലും ഞാൻ ഇതിവിടെ ഇപ്പോൾ പറയാനുള്ള കാരണം ലക്ഷ്മിപ്രിയ ഉഷ രണ്ടാമത് വിവാഹം കഴിച്ചത് എന്തോ വലിയ അപരാധവും കൊടിയ പാപവുമാണെന്നൊക്കെ ചിത്രീകരിച്ചുകൊണ്ട് ഉഷയെ അപമാനിക്കാൻ ശ്രമിച്ചിരുന്നല്ലോ, മാനസികമായി അകന്ന് പരസ്പരം കലഹിച്ചുകൊണ്ട് ഒരു കൂടാരത്തിനുള്ളിൽ മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ജീവിതം ഹോമിച്ചു തീർക്കാത്തതാണോ ഉഷയും സുരേഷ് ബാബുവും ചെയ്ത തെറ്റ്? ലക്ഷ്മിപ്രിയയ്ക്ക് ഉഷയുടെ പേരിൽ മറ്റൊന്നും കണ്ടുപിടിക്കാനില്ല എന്ന് തോന്നിയപ്പോൾ ഇത് പറഞ്ഞ് അവരുടെ ഇമേജിനെ തകർക്കാം എന്നാണ് കരുതിയതെങ്കിൽ ആദ്യ വിവാഹബന്ധം വേർപ്പെടുത്തി രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യത്തെ വനിതയല്ല ഉഷ എന്ന് മനസ്സിലാക്കുക.
ഇനി മറ്റൊരു കാര്യം ഉഷയും സുരേഷ് ബാബുവും പുനർവിവാഹം കഴിച്ച് ഇപ്പോൾ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നവരാണ്. ഉഷയും സുരേഷ് ബാബുവും സൗഹൃദബന്ധം പുലർത്തുന്നുമുണ്ട്. കുടുംബജീവിതത്തിൽ ഉണ്ടായ താളപ്പിഴകളും ഉലച്ചിലുകളും കാരണം അന്ന് കുറേ നാളുകൾ ഉഷയ്ക്ക് സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടതായി വന്നു. ആ സമയത്താണ് മോഹൻലാലിന്റെ ഒരു ഗൾഫ് ഷോയിൽ ഉഷയെ കൂടെ ഉൾപ്പെടുത്തണമെന്ന് ഞാൻ ലാലിനോട് റിക്വസ്റ്റ് ചെയ്യുന്നത്. അങ്ങനെ ആ ഷോയിൽ ഉഷയെ പങ്കെടുപ്പിക്കുകയും അതിൽ ഉഷ അവതരിപ്പിച്ച ഒപ്പനെയും മറ്റും ഗംഭീര വിജയമാവുകയും ചെയ്തു.
തുടർന്ന് മോഹൻലാലിന്റെ മിഥുനം എന്ന ചിത്രത്തിൽ അവസരം ലഭിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും കിരീടത്തിലെയും ചെങ്കോലിലെയും സേതുമാധവന്റെ സഹോദരിയെ ആർക്കാണ് മറക്കാൻ കഴിയുക? ആ കഥാപാത്രത്തിന് ജീവൻ നൽകി അനശ്വരമാക്കിയത് ഉഷയാണ് ഉഷ നല്ല റേഞ്ച് ഉള്ള ഒരു കലാകാരിയാണ്. അത് സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും ഡാൻസിൽ ആണെങ്കിലും പാട്ടിൽ ആണെങ്കിലും ഒക്കെ അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്'















Click it and Unblock the Notifications