'വിജയ് നിവൃത്തികേടുകൊണ്ട് അത് ചെയ്തു..ശ്രദ്ധിച്ചില്ലെങ്കിൽ നാറിപ്പോകും'; ശാന്തിവിള ദിനേശ്
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമായിരുന്നു ടിവികെ സ്വന്തമാക്കിയത്. ഭരണത്തിലേറിയെങ്കിലും വിജയ് സർക്കാരിനെതിരെ തുടക്കം മുതൽ തന്നെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അതേസമയം രാഷ്ട്രീയ കാര്യങ്ങളിൽ ഉപദേശിക്കാനും ഗുണദോഷങ്ങൾ പറഞ്ഞുകൊടുക്കാനും നല്ലൊരു നേതാവില്ലെങ്കിൽ വിജയ് സർക്കാരിൻ്റെ അവസ്ഥ പരിതാപകരമാകുമെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ അടക്കം ഞെട്ടിച്ചുകൊണ്ടാണ് വിജയ് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ തമിഴകം കീഴടക്കിയത്. സത്യം പറഞ്ഞാൽ സ്റ്റാലിൻ ഞെട്ടിക്കാണും. കാരണം സ്റ്റാലിൻ പോലും തോൽക്കുക എന്ന് പറഞ്ഞാൽ ആലോചിച്ചു നോക്കൂ. ഒറ്റക്ക് ഭരിക്കാനുള്ള അത്ര സീറ്റുകൾ കിട്ടിയില്ല എങ്കിലും വിജയിച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയയുടെ ടിവികെ. എതിരാളികളായി നിന്നവർ പോലും പിന്തുണ നൽകി സത്യപ്രതിജ്ഞ ചെയ്യാനും മുഖ്യമന്ത്രി ആകാനും കഴിഞ്ഞു വിജയ്ക്ക്. രാഷ്ട്രീയത്തിൽ ഇറങ്ങിയിടം മുതൽ ഞാൻ ആലോചിച്ച കാര്യം രാഷ്ട്രീയ മുൻപരിചയവും അധിക അധികാര മുൻപരിചയവും ഒന്നുമില്ലാത്ത കുറേ പേരെ ജയിപ്പിച്ച് എംഎൽഎയും മന്ത്രിയും ഒക്കെ ആക്കിയാൽ എന്താകും ഈ പാർട്ടിയുടേയും വിജയുടേയും തമിഴ്നാടിന്റേയും അവസ്ഥ എന്നായിരുന്നു.

ലീഡർഷിപ്പിൽ വരാവുന്ന നേതാക്കൾ പോലും വിജയുടെ കൈവശം ഇല്ല. ഉപദേശിക്കാനും ഓരോ കാര്യത്തിന്റെയും ഗുണവും ദോഷവും വരും വരായികളും പറഞ്ഞു കൊടുക്കാനും പറ്റിയ ഒരാളിന്റെ കുറവുണ്ട്. പരിണതപ്രജ്ഞനായ പിണറായിക്ക് പോലും എത്ര ഉപദേശകന്മാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ജോ രാമസ്വാമി പോലെ നോവലിസ്റ്റും തിരകതാകൃത്തുമായിരുന്ന സുജാതയെ പോലെ ഒരാൾ വിജയ്ക്ക് അത്യാവശ്യം വേണം. ഇല്ലേൽ തമിഴ്നാടിന്റെ കാര്യം കുളമാകും എന്നുള്ള കാര്യം ഉറപ്പാണ്.
ഇപ്പോൾ തന്നെ കഴിഞ്ഞ അഞ്ചു വർഷം കേരളത്തിലെ കാര്യങ്ങൾ ഡൽഹിയിൽ നോക്കിയിരുന്നത് പഴയ കോൺഗ്രസുകാരനായ പ്രൊഫസർ കെവി തോമസ് മാഷ് ആണല്ലോ. ഇപ്പോൾ അറിയുന്നു തോമസ് മാഷ് അടുത്ത അഞ്ചു കൊല്ലം തമിഴ്നാടിൻറെ ഡൽഹി പ്രതിനിധിയായി ഉണ്ടാകുമെന്ന്. പിണറായിയുടെ സമ്മതത്തോടെ കെവി തോമസ് ചുമതല ഏറ്റെടുക്കുമെന്നും അറിയുന്നു. ഇതുപോലെ പരിണത പ്രജ്ഞനെ വച്ചില്ല എങ്കിൽ വിജയ് അബദ്ധങ്ങളിൽ ചെന്ന് ചാടാം. ഒരു പെൺകൊച്ച് വിജയുടെ ടിവികെയുടെ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവർ എന്ത് ചെയ്തു എന്ന് വെച്ചാൽ വീട്ടിൽ രാജാപാട്ട് കസേര ഒക്കെ വരുത്തി അതിൽ ചാരി കിടന്നിട്ട് കുറെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ വീട്ടിൽ വിളിച്ചു വരുത്തിയിട്ട് അടുത്ത് ചെയ്യേണ്ട കാര്യങ്ങളൊക്കെ വിശദീകരിക്കുന്നു. ഇത്തരം ഐറ്റംസുകളെ കൺട്രോൾ ചെയ്തില്ല എങ്കിൽ വിജയ് പെടും, വിജയ് നാറും എന്നാണ് എനിക്ക് പറയാനുള്ളത്.
ലോട്ടറി രാജാവായ സാന്റിയോഗോ മാർട്ടിന്റെ മകളുടെ ഭർത്താവ് വിജയയുടെ പാർട്ടിയുടെ എംഎൽഎ ആണ്. ഇപ്പോൾ മന്ത്രിയായി എന്ന് പറയുന്നു. എനിക്ക് അയാളുടെ പേരറിയില്ല ഇവരൊക്കെ വിജയ്ക്ക് ഉറപ്പായും തലവേദന സൃഷ്ടിക്കും .സദാ ജാഗരൂപനായി ഇവരെയെല്ലാം വിറ്റ മിടുക്കുള്ള സ്റ്റാലിൻ അവിടെ ഇരിപ്പുണ്ട് എന്നുള്ള ബോധം ആർക്കുണ്ടായില്ലെങ്കിലും വിജയിക്ക് ഉണ്ടാവണം. ഡിഎംകെ മുന്നണിയിൽ ഉണ്ടായിരുന്ന സിപിഎം, സിപിഐ മുസ്ലിം ലീഗ്, തുടങ്ങിയവരെ കൃത്യസമയത്ത് പിൻവലിച്ചാൽ തീരാവുന്നതേ ഉള്ളൂ മുതലമൈച്ചറുടെ റോൾ.
വിജയ് ഇരിക്കണോ നിൽക്കണോ കിടക്കണോ എന്നൊക്കെ തീരുമാനിച്ചിരുന്ന ഒരു ജോത്സ്യൻ ഉണ്ടായിരുന്നു. അയാളെ വിജയ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിൽ മുഖ്യമന്ത്രിയുടെ സ്റ്റാഫിൽ വെച്ചു. സ്വകാര്യ ജോത്സനെ ഔദ്യോഗിക പദവി നൽകിയാൽ എന്ത് സന്ദേശമാണ് വിജയ് നൽകുന്നതെന്ന് ഡിഎംകെ മുന്നണിയിൽ നിന്നും പിന്തുണ നൽകിയ സിപിഎമ്മും സിപിഐയും വിസികെയും കോൺഗ്രസിലെ എംപി ശശികാന്ത് സെന്തിലും ചോദിച്ചു. വിജയകാന്തിന്റെ ഭാര്യ പ്രേമ പ്രേമലത വിജയകാന്തും നിയമസഭയിൽ ഇക്കാര്യം എടുത്തിട്ടു. ജയലളിത ചവിട്ടി പുറത്താക്കിയ ആളാണ് ഈ പറയുന്ന ജ്യോത്സ്യൻ. നിവർത്തികേടുകൊണ്ട് വിജയും അയാളെ പുറത്താക്കി. വരും ദിനങ്ങൾ വിജയ് സൂക്ഷിച്ചാൽ നന്നായിരിക്കും എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ',












Click it and Unblock the Notifications