വിജയ് ചിത്രം ജനനായകന്‍ ജൂണ്‍ 19ന് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്; ഔദ്യോഗിക പ്രതികരണം കാത്ത് ആരാധകര്‍
മുഖ്യമന്ത്രി വിജയ് നായകനായും എച്ച്. വിനോദ് സംവിധാനം ചെയ്തും ഒരുങ്ങിയ 'ജനനായകന്‍' എന്ന ചിത്രം ജൂണ്‍ 19-ന് തിയേറ്ററുകളിലെത്തുമെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'ഡിസ്ട്രിക്റ്റ്' എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഈ വിവരം ആദ്യം പുറത്തുവന്നത്. ജൂണ്‍ 19-ന് ചിത്രമെത്തുന്നതും, ജൂണ്‍ 22-ന് വിജയ്യുടെ പിറന്നാള്‍ അടുത്തുവരുന്നതും ആരാധകര്‍ക്ക് വലിയ ആവേശമാണ്. എന്നിരുന്നാലും, ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
'ഡിസ്ട്രിക്റ്റ്' ആപ്പില്‍ വന്നതോടെ ഈ വാര്‍ത്ത സത്യമാണെന്ന് ചിലര്‍ വിലയിരുത്തി. തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റ ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ പൊങ്കലിന് റിലീസ് ചെയ്യാനൊരുങ്ങിയ ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസവും ഓണ്‍ലൈന്‍ ചോര്‍ച്ചയും കാരണം മുടങ്ങിയിരുന്നു.

ഇപ്പോഴും 'ജനനായകന്‍' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. സൈനിക ദൃശ്യങ്ങളും ചില വിവാദ രംഗങ്ങളും കാരണമാണ് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നത്. തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചെങ്കിലും നടപടികള്‍ നീണ്ടപ്പോള്‍ അപ്പീല്‍ പിന്‍വലിച്ച് ചിത്രം വീണ്ടും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയായിരുന്നു. നിലവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയിലാണ് ചിത്രം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിവാദ രംഗങ്ങളില്‍ ചിലത് നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. ചിത്രത്തില്‍ 'ദളപതി വിജയ്' എന്നതിന് പകരം 'മുഖ്യമന്ത്രി വിജയ്' എന്നായിരിക്കും തലക്കെട്ട് എന്നും വിവരങ്ങളുണ്ട്. നിലവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഇതിനിടെ, 'ജനനായകന്‍' നിര്‍മ്മാതാവ് വെങ്കട്ട് കെ. നാരായണ കഴിഞ്ഞദിവസം തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദര്‍ശനശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്, 'ചിത്രം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് അനുമതി നേടി, കഴിയുന്നത്ര വേഗത്തില്‍ ചിത്രം റിലീസ് ചെയ്യും' എന്നാണ്. ഔദ്യോഗിക വിവരങ്ങള്‍ക്കായി ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്.














Click it and Unblock the Notifications