'കട്ടിൽ വാങ്ങി കൊടുക്കാൻ പോയി,ഒടുവിൽ സ്വന്തം വീട് വിറ്റ് വീട് വെച്ച് കൊടുത്തു'
മറ്റുള്ളവരുടെ സങ്കടം കണ്ട് സ്വന്തം കിടപ്പാടം വിറ്റ് സഹായിച്ച നടൻ സാജൻ നവോദയയുടെയും (പാഷാണം ഷാജി) ഭാര്യയുടെയും കാരുണ്യപ്രവൃത്തിയെക്കുറിച്ച് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തമാക്കിയ വീടാണ് ഒരു ക്യാൻസർ രോഗിയുടെയും രണ്ട് പെൺമക്കളുടെയും ദുരവസ്ഥ കണ്ട് ഈ ദമ്പതികൾ വിറ്റതെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
"അന്യന്റെ സങ്കടവും ദുഃഖവും കണ്ട് മനസ്സലിഞ്ഞ് സ്വന്തം കിടപ്പാടം പോലും വിറ്റ് മറ്റൊരാളെ സഹായിച്ച വലിയൊരു മനസ്സിന് ഉടമയാണ് സാജൻ നവോദയ എന്ന പാഷാണം ഷാജി. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു നടൻ ചെയ്യുന്നത് ഇതാദ്യമായാണ്. നമ്മളിൽ പലർക്കും അന്യരെ സഹായിക്കാൻ തോന്നുന്നത് നമ്മുടെ കാര്യങ്ങളൊക്കെ കഴിഞ്ഞതിനുശേഷം മാത്രമായിരിക്കും. ഇതിൽ നിന്നൊക്കെ പാഷാണം ഷാജി വേറിട്ടുനിൽക്കുന്നു എന്നതിന് ഒരൊറ്റ സംഭവം തന്നെ ധാരാളമാണ്.

15 വർഷം വാടകവീട്ടിൽ താമസിച്ചതിനു ശേഷമാണ് സാജൻ നവോദയ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്. ആ വീട് വിറ്റ് മറ്റൊരാൾക്ക് വീട് വെച്ചു കൊടുത്തു എന്ന് പറയുന്നിടത്താണ് സാജുവിന്റെ ആ മനസ്സും മനുഷ്യത്വവും ഒക്കെ നാം തിരിച്ചറിയേണ്ടത്. ഒരു നേരത്തെ മരുന്ന് വാങ്ങിത്തരണമെന്ന അഭ്യർത്ഥനയുമായി ഒരു ക്യാൻസർ രോഗി വിളിച്ചപ്പോൾ പാഷാണം ഷാജിയും അദ്ദേഹത്തിന്റെ ഭാര്യയും കൂടി ആ വീട്ടിൽ ചെന്നതാണ്. ആരോ ഉപേക്ഷിച്ച ഫ്ലക്സ് മേൽക്കൂരയാക്കിയ ആ വീടിനുള്ളിൽ നിലത്ത് ഫ്ലക്സ് വിരിച്ചാണ് ആ രോഗി കിടന്നിരുന്നത്.
അതിനെക്കുറിച്ച് സാജു പറയുന്നത്, 'ഞങ്ങൾ ഒരു കട്ടിൽ വാങ്ങി കൊടുക്കാം എന്ന ഉദ്ദേശത്തോടുകൂടി അവിടെനിന്ന് പോകുമ്പോൾ വഴിമധ്യേ ഭാര്യ പറയുന്നു, നമുക്ക് അവർക്ക് ഒരു ചെറിയ വീട് വെച്ചു കൊടുക്കാമെന്ന്'. അങ്ങനെ പറയാനുള്ള കാരണം പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് പെൺമക്കളാണ് ആ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിച്ചിരുന്നത്. അവരുടെ സുരക്ഷിതത്വമാണ് സാജന്റെ ഭാര്യ ഓർത്തത്. ആ വീട്ടിലാകട്ടെ ഒരു ബാത്റൂം പോലുമില്ലായിരുന്നു. പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഒക്കെ എഴുന്നേറ്റ് പറമ്പിൽ പോയാണ് അവർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. അവരുടെ ഈ അവസ്ഥ സാജുവിന്റെ ഭാര്യയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. അങ്ങനെയാണ് സാജുവിനോട് ഭാര്യ അവർക്കൊരു വീട് വച്ചു കൊടുക്കാം എന്ന് പറയുന്നത്.
ഭാര്യയുടെ ആ തീരുമാനം സാജു സന്തോഷപൂർവ്വമാണ് സ്വീകരിച്ചത്. സാധാരണ രീതിയിൽ രണ്ടുപേരുടെയും മനസ്സ് ഒരേപോലെയാവുക എന്നത് അപൂർവ്വമാണ്. ഇവിടെ അവർ നിർമ്മിച്ച് നൽകിയ ഭവനം എന്ന് പറയുന്നത് രണ്ട് ബാത്ത് അറ്റാച്ച്ഡ് റൂമുകളും കിച്ചൻ, വർക്ക് ഏരിയ, ഹാൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീടായിരുന്നു. എന്നാൽ ഈ ഭവന നിർമ്മാണത്തിന് പിന്നിൽ ഒരു ട്വിസ്റ്റ് ഉണ്ട്; ഈ വീടിന്റെ നിർമ്മാണച്ചെലവ് പൂർത്തീകരിക്കുവാൻ അദ്ദേഹം തന്റെ കിടപ്പാടം വിറ്റു എന്നതാണ്. എന്നിട്ട് അദ്ദേഹം വീണ്ടും വാടകവീട്ടിലേക്ക് മാറുകയാണ് ചെയ്തത്. വളരെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സഹിച്ചുവന്ന സാജുവിന്റെയും ഭാര്യയുടെയും വലിയൊരു സ്വപ്നമായിരുന്നു അവരുടെ ആ ഭവനം. യാതൊരു മടിയുമില്ലാതെ, സന്തോഷത്തോടെ അവർ ആ വീട് വിറ്റ് മറ്റൊരാളെ സഹായിച്ചു എന്നത് ഓർക്കുമ്പോൾ സാജുവിനോടും അദ്ദേഹത്തിന്റെ സഹധർമ്മിണിയോടും എന്തെന്നില്ലാത്ത ആദരവും ബഹുമാനവും തോന്നുകയാണ്.
പാഷാണം ഷാജി സിനിമയിലും സ്റ്റേജ് ഷോകളിലും ഒക്കെ കത്തിക്കയറിക്കൊണ്ടിരിക്കുന്ന സമയത്താണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നത്. ബിഗ് ബോസ് ഷോ പലർക്കും ഉയർച്ചയുടെ പടവുകൾ കയറാൻ സഹായകരമായി എങ്കിലും ഷാജിക്ക് ആ ഷോ സമ്മാനിച്ചത് കരിയറിലെ തകർച്ചയായിരുന്നു. ഷാജിക്ക് ശരിക്കും അതൊരു നഷ്ടക്കച്ചവടമായിരുന്നു. ആ ഷോയിലും സഹമത്സരാർത്ഥികളെ സഹായിക്കാൻ പോയി ഇമേജ് നഷ്ടപ്പെടുത്തി അവിടെ നിന്നും ഇറങ്ങേണ്ടിവന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്."












Click it and Unblock the Notifications