'വളയ്ക്കാം പക്ഷേ ഒടിക്കരുത്, അപ്രിയ സത്യങ്ങൾ മൂടിവെച്ച് ഒരുപാട് പണി വാങ്ങിക്കൂട്ടി, ഇനിയില്ലെന്ന് ലക്ഷ്മിപ്രിയ
സോഷ്യൽ മീഡിയയിലെ അധിക്ഷേപത്തിന് യൂട്യൂബർക്കെതിരെ നടി ലക്ഷ്മി പ്രിയ രംഗത്ത്. ലക്ഷ്മിപ്രിയ മദ്യപിച്ച് ലക്ക് കെട്ട് ബാറിലെന്നും വീഡിയോ പുറത്തായെന്നുമടക്കം ആരോപിച്ച് അതുൽ വ്ളോഗ്സ് എന്ന യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
തന്നോട് ഇത്തരത്തിലുളള വൈരാഗ്യത്തിന് കാരണം എന്താണെന്നത് നാളെ വൈകിട്ട് പുറത്ത് വിടുമെന്ന് ലക്ഷ്മിപ്രിയ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അപ്രിയ സത്യങ്ങൾ മൂടിവെച്ച് ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും ഇനി അതിന് മനസ്സില്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നു.
ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം. ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്. എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്. ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി.

പിന്നെ നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്. നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര എസിപി മനോജ് സാറിനും കൊടുത്തിട്ടുണ്ട്. പൊതുജന താത്പര്യാർത്ഥo ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും.
നാളിതുവരെ കള്ളം പറഞ്ഞു ജീവിച്ചിട്ടില്ല. ഒരാളെയും വഞ്ചിച്ചിട്ടില്ല. അറിഞ്ഞോ അറിയാതെയോ ഒരാളുടെയും നാശത്തിന് കാരണമായിട്ടില്ല. പക്ഷേ അപ്രിയ സത്യങ്ങൾ മൂടി വച്ചും ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിച്ചും ഒരുപാട് പണി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇനി അതിന് മനസ്സില്ല. സത്യമേവ ജയതേ,
ധർമ്മമേവ ജയതേ''.












Click it and Unblock the Notifications