രാജസ്ഥാനില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 14 മരണം
ബിക്കാനീര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 18 പേര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. ബിക്കാനീറില്‍ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്ന ബസ് ദുന്‍ഗറായില്‍ വെച്ച് പുലര്‍ച്ചെയാണ് അപകടത്തില്‍ പെട്ടത്. 10 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 4 പേര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മൂടല്‍ മഞ്ഞും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. എന്‍എച്ച് 11 ബിക്കാനീര്‍-ജയ്പൂര്‍ ഹൈവേയില്‍ വെച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ അപകടം അതീവ ദുഖമുണ്ടാക്കുന്നതാണ്. അപകടത്തില്‍പ്പെട്ടവരുടെ കുടുബാഗങ്ങള്‍ക്ക് സങ്കടം മറികടക്കാന്‍ ദൈവം ശക്തി തരട്ടെയെന്നും പരിക്കേറ്റവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
5 ദിവസം മുന്‍പും സമാനമായ വാഹനാപകടം ജില്ലയില്‍ നടന്നിട്ടുണ്ട്. നവംബര്‍ 12ന് പലാന ഗ്രാമത്തിന് സമീപം മിനിബസ്സും ജീപ്പും കൂട്ടിയിടിച്ച് 7 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജീപ്പില്‍ സഞ്ചരിച്ചവര്‍ക്കാണ് കൂടുതലും അപകടമുണ്ടായത്. ചുരുവില്‍ നിന്നും ബിക്കാനീറിലേക്ക് പോകുകയായിരുന്നു ജീപ്പ്.












Click it and Unblock the Notifications