തന്റെ പിന്‍ഗാമി ബുദ്ധദേവ് ഭട്ടാചാര്യയെന്ന് ജ്യോതിബസു
കല്‍ക്കത്ത: അടുത്ത വര്‍ഷം പൊതുജീവിതത്തില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു മുഖ്യമന്ത്രിസ്ഥാനത്ത് തന്റെ പിന്‍ഗാമി ബുദ്ധദേവ് ഭട്ടാചാര്യയായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതോടെ ബസുവിനു പിന്നാലെ ആരു മുഖ്യമന്ത്രിയാവുമെന്നതിനെ കുറിച്ചുള്ള സി.പി.എമ്മിനുള്ളിലെ തര്‍ക്കത്തിന് ഒടുക്കമായി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാന്‍ താനൊരുങ്ങുകയാണെന്ന് ബസു പറഞ്ഞു. എതിര്‍ കക്ഷികള്‍ പുതിയ സഖ്യത്തെ കുറിച്ച് ആലോചിക്കുന്ന സാഹചര്യത്തില്‍ തന്റെ തീരുമാനം പുന:പരിശോധിക്കാന്‍ സി.പി.എം ബസുവിനോട് ആവശ്യപ്പെടും എന്ന ഊഹാപോഹം വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് ബസുവിന്റെ ഈ പ്രസ്താവന.
ചില പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടും പോലെ സി.പി.എമ്മില്‍ ഒരു മുതിര്‍ന്ന ഉപദേശകനായി തുടരുമോയെന്നതിനെ കുറിച്ച് ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ സമ്മര്‍ദം മൂലമാണ് അത് കഴിയാഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജ്യോതിബസു മത്സരിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബുദ്ധദേവ് ഭട്ടാചാര്യയായിരിക്കും മുഖ്യമന്ത്രിയെന്നും പോളിറ്റ് ബ്യൂറോ അംഗം അനില്‍ ബിശ്വാസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ബസു തന്നെ ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള പാര്‍ട്ടിയിലെ തര്‍ക്കം അവസാനിപ്പിക്കാനാണെന്ന് കരുതുന്നു.












Click it and Unblock the Notifications