സമതാപാര്‍ട്ടി നേതാവിനെ വെടിവെച്ചു കൊന്നു
പുര്‍ണിയ: ബീഹാറില്‍ സമതാപാര്‍ട്ടി പുര്‍ണിയ ജില്ലാ പ്രസിഡണ്ട് മധുസൂദന്‍ സിംഗിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ദംദാഹയിലെ സമതാപാര്‍ട്ടി എം.എല്‍.എ. ലിസി സിംഗിന്റെ ഭര്‍ത്താവായ മധുസൂദന്‍ സിംഗ് ബുധനാഴ്ച കോടതിയിലേക്ക് വരുന്ന സമയത്താണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ഭൂട്ടാ സിംഗ് എന്നറിയപ്പെടുന്ന മധുസൂദന്‍ സിംഗ് ജുഡീഷ്യല്‍ കസ്റഡിയിലായിരുന്നു.
കൊലപാതകം നടന്നതോടെ കോടതിപരിസരത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടു. മൂന്ന് സര്‍ക്കാര്‍ വാഹനങ്ങളും ഒരു പോലീസ് പിക്കറ്റും കോടതി മുറിയിലെ സാധനങ്ങളും അക്രമാസക്തമായ ജനക്കൂട്ടം നശിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് പുര്‍ണിയയില്‍ എന്‍.ഡി.എ. അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് സിംഗിന്റെ മൃതശരീരവുമായി എന്‍.ഡി.എ. നേതാക്കള്‍ ധര്‍ണ നടത്തി.
സ്ഥിതി നിയന്ത്രണാധീനമാണെന്ന് ജില്ലാകളക്ടര്‍ ദീപക് കുമാര്‍ അറിയിച്ചു. കോടതിപരിസരങ്ങളിലും മറ്റു അക്രമസാധ്യതയുള്ള പ്രദേശങ്ങളിലും സുരക്ഷാസംവിധാനം ശക്തമാക്കി. കൊലയാളികളെ കണ്ടുപിടിക്കാന്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications