ബാബ്റി മസ്ജിദ് കേസില്‍ കുറ്റപത്രം നല്‍കുന്നത് വീണ്ടും മാറ്റിവെച്ചു
ലക്നൗ: ബാബ്റി മസ്ജിദ് തകര്‍ത്തതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ഉള്‍പ്പെടെ 49 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നത് പ്രത്യേക സി.ബി.ഐ. കോടതി വീണ്ടും മാറ്റിവെച്ചു. അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണിത്. കേസ് ഇനി മെയ് 29-നാണ് നടക്കുക.
അദ്വാനിക്കു പുറമെ കേന്ദ്രമന്ത്രി ഡോ. മുരളി മനോഹര്‍ ജോഷി, ശിവസേനാ നേതാവ് ബാല്‍ താക്കറെ, വി.എച്ച്.പി. വര്‍ക്കിംഗ് പ്രസിഡണ്ട് അശോക് സിംഗാള്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ഉമാഭാരതി എന്നിവരുള്‍പ്പെടെ 49 പേര്‍ക്കെതിരെയാണ് കുറ്റാരോപണമുള്ളത്.
1997-ല്‍ പ്രത്യേക സി.ബി.ഐ. കോടതി ഇറക്കിയ ഉത്തരവില്‍ ഈ 49 പേര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് തെളിഞ്ഞതായി പറഞ്ഞിരുന്നു. ഉത്തരവിനെതിരെയും പ്രത്യേക കോടതി നിലവില്‍ വന്നതിനെതിരെയും ഉമാഭാരതിയുള്‍പ്പെടെ 33 പേര്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചില്‍ പരാതി നല്‍കി.
ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതുകാരണം സി.ബി.ഐ. കോടതി നിശ്ചയിച്ച നിരവധി വിചാരണാ ദിവസങ്ങള്‍ മാറ്റി. ഇപ്പോള്‍ ഹൈക്കോടതിയിലെ കേസ് തീരാതെ സി.ബി.ഐ. കോടതിയില്‍ വിചാരണ നടത്തരുതെന്ന് ആരോപണവിധേയര്‍ ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് സി.ബി.ഐ. കോടതി കേസ് വീണ്ടും മാറ്റേണ്ടി വന്നത്. മെയ് മൂന്നിനാണ് ഹൈക്കോടതിയില്‍ കേസ് വിചാരണക്കെത്തുന്നത്.












Click it and Unblock the Notifications