റേഷന്‍ വിലവര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് ബി.ജെ.പിയുടെ പിന്തുണ
ദില്ലി: റേഷന്‍ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിന്തുണച്ചു. തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് യോഗത്തിനുശേഷം പാര്‍ട്ടി വക്താവ് എം. വെങ്കയ്യ നായിഡു അറിയിച്ചു.
ദേഹസ്വാസ്ഥ്യം മൂലം യോഗത്തില്‍ പ്രധാനമന്ത്രി വാജ്പേയി പങ്കെടുത്തിരുന്നില്ല. അതിനാല്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.
വില വര്‍ധിപ്പിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ച പൊതുവിതരണ വകുപ്പു മന്ത്രി ശാന്താ കുമാര്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്ക് ഇപ്പോള്‍ 118 രൂപയ്ക്ക് 20 കിലോ ഗ്രാം അരി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു. ആദ്യം ഇത്രയും കിലോ അരിക്ക് 155 രൂപയായിരുന്നു. അതുപോലെ ഗോതമ്പിന്റെ വില 105 രൂപയില്‍ നിന്ന് 90 രൂപയായി കുറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.
84-ല്‍ 20 കിലോഗ്രാം അരിക്ക് 84 രൂപയായിരുന്നു. അന്നത്തേതും ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിലയും തമ്മില്‍ സാരമായ മാറ്റമൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ത്തന്നെ കോണ്‍ഗ്രസ്സ് പ്രശ്നത്തില്‍ ഇത്ര രോഷം കൊള്ളേണ്ടതില്ല.
ചില സംസ്ഥാനങ്ങളിലെ വരള്‍ച്ചക്കെതിരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ യോഗം സ്വാഗതം ചെയ്തു. എല്ലാ ബി.ജെ.പി. എം.പിമാരും ഓരോ മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും യോഗം തീരുമാനിച്ചു.












Click it and Unblock the Notifications