മലയാളം ചാനല്‍: സൂപ്പര്‍താരങ്ങള്‍ ബോര്‍ഡംഗങ്ങളായതിനെതിരെ വിമര്‍ശനം
തിരുവനന്തപുരം: സി.പി.എം തുടങ്ങുന്ന മലയാളം ചാനലിന്റെ ബോര്‍ഡില്‍ അംഗങ്ങളായതിന് സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ വിമര്‍ശനമുയര്‍ന്നു. ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് ഫണ്ട് പിരിവ് നടത്തുന്ന സി.പി.എമ്മിന്റെ അഴിമതിക്ക ്സൂപ്പര്‍താരങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്ന് എതിരാളികള്‍ ആരോപിക്കുന്നു. എന്നാല്‍ മലയാളം ചാനല്‍ ഒരു സ്വതന്ത്ര സംരംഭമായതുകൊണ്ടാണ് തങ്ങള്‍ ഇതിനൊപ്പം നില്‍ക്കുന്നതെന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും പറയുന്നത്.
സി.പി.എമ്മിന്റെ മോശപ്പെട്ട ഇമേജിനെ വെള്ളപൂശാനാണ് ഈ രണ്ട് സൂപ്പര്‍താരങ്ങളെയും ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് പരസ്യം കിട്ടാന്‍ ഇവര്‍ ഉപയോഗിക്കപ്പെടുമെന്നും ചെറിയാന്‍ പറഞ്ഞു.
സി.പി.എം ചാനലിന്റെ ഡയറക്ടര്‍മാരായതിലൂടെ സൂപ്പര്‍താരങ്ങള്‍ പ്രശ്നത്തില്‍പെടുമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം. ഹസ്സന്‍ പറഞ്ഞു.
അതേ സമയം ചാനലില്‍ രാഷ്ട്രീയമായ ഇടപെടലിനെ തടയുമെന്നാണ് ചാനലിന്റ ചെയര്‍മാനായ മമ്മൂട്ടി പറയുന്നത്. ഇതൊരു വിനോദചാനലായതുകൊണ്ടാണ് താന്‍ ഇതിനു വേണ്ടി പണം മുടക്കിയതെന്നും തനിക്ക് രാഷ്ട്രീയഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും ചാനലിന്റെ ഡയറക്ടര്‍മാരിലൊരാളായ മോഹന്‍ലാല്‍ പറഞ്ഞു. ചാനലിന് രാഷ്ട്രീയനിറമില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.












Click it and Unblock the Notifications