ബിന്‍ ലാദന്‍ കൊസോവയില്‍?
ഇസ്ലാമാബാദ്: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാന്‍ വിട്ട് കൊസോവയിലേക്ക് കുടിയേറിയതായി റേഡിയോ മോസ്കോ റിപ്പോര്‍ട്ടു ചെയ്തു. കൊസോവയിലെ സെര്‍ബിയന്‍ ഭൂരിപക്ഷ പ്രദേശത്താണ് ലാദന്‍ കുടിയേറിയിരിക്കുന്നതെന്ന് കരുതുന്നു.
ഉറ്റസഹായികളിലൊരാളായ അബു ഹസ്സനുമായാണ് ബിന്‍ ലാദന്‍ കൊസോവയിലേക്ക് കുടിയേറിയിരിക്കുന്നത്. അവിടെ എത്തുന്നതിനുമുമ്പുതന്നെ അല്‍ബേനിയയില്‍ 500-ഓളം പോരാളികളെ ലാദന്‍ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. അല്‍ബേനിയന്‍ വംശജര്‍ കൂടുതലുള്ള തെക്കന്‍ സെര്‍ബിയയില്‍ തന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനും ലാദന് പരിപാടിയുണ്ടെന്ന് റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അഫ്ഗാനില്‍ യുദ്ധം നിര്‍ത്താന്‍ യുദ്ധം ചെയ്യുന്ന ഗ്രൂപ്പുകളോട് അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭാ പ്രത്യേക ദൂതന്‍ ഫ്രാന്‍സെസ് വെന്‍ഡ്രെല്‍ അഭ്യര്‍ത്ഥിച്ചു. പുതിയ യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് രാജ്യത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര സഹായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം അഫ്ഗാന്‍ വിദേശകാര്യമന്ത്രി മൗലവി വക്കീല്‍ അഹ്മദ് മുത്തവക്കീലിനെ അറിയിച്ചു. തങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കൈക്കൊള്ളുന്നതെന്ന് രണ്ടു വിരുദ്ധഗ്രൂപ്പുകളും വെന്‍ഡ്രെല്ലിനെ അറിയിച്ചിട്ടുണ്ട്.
താന്‍ രണ്ടു ഗ്രൂപ്പുകളുടെയും നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അഫ്ഗാനിലെ പ്രശ്നങ്ങള്‍ അവസാനിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ നടപടികളെടുക്കുമ്പോള്‍ തന്നെ അഫ്ഗാന്‍കാരും അതിനനുസരണായി മുന്നോട്ടുവരേണ്ടതുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംഘടനയായ റാവാ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെതിരെ ഇസ്ലാമാബാദില്‍ പ്രകടനം നടത്തി. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് താലിബാനിലെ എല്ലാ കക്ഷികളും കാരണക്കാരാണെന്നും അവര്‍ക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. അഫ്ഗാന്‍ യുദ്ധഗ്രൂപ്പുകളെ നിരായുധീകരിക്കാന്‍ അവര്‍ ഐക്യരാഷ്ട്ര സംഘടനയോടാവശ്യപ്പെട്ടു.












Click it and Unblock the Notifications