ലീഗ് പ്രശ്നം വീണ്ടും ചൂടുപിടിക്കുന്നു?
തിരുവനന്തപുരം: ഐക്യജനാധിപത്യമുന്നണിയില്‍ നിന്ന് മുസ്ലിം ലീഗ് വേര്‍പെട്ടുപോകുമെന്ന ഊഹാപോഹം വീണ്ടും ശക്തിയാര്‍ജിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി മുസ്ലിം ലീഗ് നേതാക്കളുമായി അടുത്തുതന്നെ നടത്തുന്ന കൂടിക്കാഴ്ചയോടനുബന്ധിച്ചാണ് ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുന്നത്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കൊരമ്പയില്‍ അഹമ്മദ് ഹാജി എന്നിവരുമായാണ് സോണിയാഗാന്ധി ചര്‍ച്ച നടത്തുന്നത്. ഇതു കൂടാതെ അവര്‍ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളുടെ നേതാക്കളുമായും ചര്‍ച്ച നടത്താനിടയുണ്ട്.
മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയാണെന്നും അവരുടെ ഇടതുമുന്നണിയിലേക്കുള്ള പ്രവേശം അടഞ്ഞ അധ്യായമാണെന്നും ഇടതുമുന്നണി കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദന്‍ നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രസ്താവന പൊതുവെ മുസ്ലിം ലീഗ് നേതൃത്വത്തെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണറിവ്.
കേരളത്തിലെ ഐക്യജനാധിപത്യമുന്നണി ചില ഗൗരവമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത് പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ശിഹാബ് തങ്ങളും മാറ്റത്തിന്റെ സാധ്യതകളെ തള്ളിക്കളയുന്നില്ല.
കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരെ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, ഇടതു കക്ഷകള്‍ എന്നീ പാര്‍ട്ടികള്‍ ഒത്തുചേരണമെന്നതാണ് ലീഗിന്റെ കാഴ്ചപ്പാട്. കേരളത്തിലെ ഇരുമുന്നണികളെയും ഫാസിസ്റ് വിരുദ്ധ കക്ഷികളായിക്കാണുന്ന ഈയവസരത്തില്‍ മുസ്ലിം ലീഗ് ഏത് ഭാഗത്തേക്കും ചായാനുള്ള സാധ്യത നിലനില്‍ക്കുന്നു.


Click it and Unblock the Notifications