കമ്പ്യൂട്ടറിനെക്കുറിച്ചറിയാതെ സാക്ഷരത പൂര്‍ണമാകില്ലെന്ന് രാജഗോപാല്‍
കോഴിക്കോട്: കമ്പ്യൂട്ടറിനെക്കുറിച്ച് അറിയാതെ ഭാവിയില്‍ സാക്ഷരത പൂര്‍ണമാകില്ലെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. വാജ്പേയി സര്‍ക്കാര്‍ വിവരസാങ്കേതിക വിദ്യക്ക് പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് ഈ ലക്ഷ്യം വെച്ചാണെന്ന് കോഴിക്കോട് റീജണല്‍ സയന്‍സ് സെന്ററില്‍ ചന്ദ്രനെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
കെല്‍ട്രോണ്‍ രൂപീകരിചതിനുശേഷം അതേ നടപടികള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ കേരളം വിവരസാങ്കേതിക വിദ്യയില്‍ കൂടുതല്‍ മുന്നിലെത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.പി. നമ്പ്യാരെപ്പോലുള്ളവരെ അവഗണിച്ച് പിന്നീട് വന്ന സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെങ്കിലും ഐ.ടി. വിപ്ലവം കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ കൊണ്ടുവരാന്‍ അവയ്ക്കു സാധിച്ചില്ല.
ഏഴാം ക്ലാസ്സ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം നിര്‍ബന്ധമാക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐ.ടി. വിദഗ്ധര്‍ ജോലി ചെയ്യുന്നുണ്ട്. വായനയും എഴുത്തും മാത്രമല്ല ആധുനിക വിദ്യാഭ്യാസമെന്ന് സാധാരണ ജനങ്ങള്‍ക്ക് ബോധ്യമായാലേ രാജ്യത്തിന് വിവരസാങ്കേതികതയില്‍ മുന്നേറാനാകൂ. ഇതിന് നാം നമ്മുടെ പുരാതന ചരിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളേണ്ടതുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയായിരുന്നു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി. സുന്ദര്‍ദാസ്, കാലിക്കറ്റ് ടെലികോം ജനറല്‍ മാനേജര്‍ കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications