തീരദേശ റോഡിന്റെ നിയന്ത്രണം പിടിച്ചെടുത്തെന്ന് പുലികള്‍
കൊളംബോ: ജാഫ്നയിലേക്കുള്ള മുന്നേറ്റത്തിനിടയില്‍ ഒരു പ്രധാന തീരദേശ റോഡിന്റെ നിയന്ത്രണം പിടിച്ചെടുത്തതായി തമിഴ് പുലികള്‍ അവകാശപ്പെട്ടു. എലിഫന്റാ പാസിനും കിലായി സൈനിക ക്യാമ്പിനുമിടയില്‍ 12 കിലോമീറ്റര്‍ തങ്ങളുടെ കൈയിലാണെന്ന് എല്‍.ടി.ടി.ഇ പറയുന്നു.
ജാഫ്നയുടെ വടക്കന്‍ തീരത്തിലൂടെയും ജാഫ്ന നഗരത്തെയും എലിഫന്റാ പാസിനെയും ബന്ധിപ്പിക്കുന്ന റോഡിലൂടെയുമാണ് എല്‍.ടി.ടി.ഇ ജാഫ്നയിലേക്ക് മുന്നേറുന്നത്.
ജാഫ്നയില്‍ നിന്നും 37 കിലോ മീറ്റര്‍ ദൂരെയുള്ള കിലായി പിടിച്ചെടുത്തതായി പുലികള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതേ സമയം കില്ലായി ഇപ്പോഴും സൈന്യത്തിന്റെ പിടിയില്‍ തന്നെയാണുള്ളതെന്നാണ് ഒരു സൈനികവക്താവ് അവകാശപ്പെട്ടത്.
പുലികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ശ്രീലങ്കന്‍ ഗവര്‍മെന്റ് അടിയന്തിരഘട്ടത്തിലുള്ള ചില പദ്ധതികള്‍ക്ക് രൂപം നല്‍കുകയാണ്. ചൊവാഴ്ച്ച വടക്കന്‍ മേഖലയിലെ സ്ഥിതി അവലോകനം ചെയ്യാനായി പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ സുരക്ഷാ കൗണ്‍സിലിന്റെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ അടിയന്തിരഘട്ട ത്തിലുള്ള പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്തെന്നും രണ്ടുമൂന്നു ദിവസത്തിനകം അതിന് വ്യക്തമായ രൂപമാവുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
പുലികള്‍ മുന്നേറുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സഹായം ശ്രീലങ്കന്‍ ഗവര്‍മെന്റ് ആവശ്യപ്പെട്ടേക്കുമെന്ന ഊഹാപോഹം ശക്തിപ്പെടുകയാണ്. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ശിവശങ്കരമേനോന്‍ ഡല്‍ഹിയിലേക്കു പോയത് ഇന്ത്യയുടെ സൈനികസഹായം വേണമെന്ന ശ്രീലങ്കന്‍ ബുദ്ധമതസംഘടനയുടെ ആവശ്യവുമായി ബന്ധപ്പെട്ടാണെന്ന് ഊഹാപോഹമുണ്ട്. എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് ഹൈക്കമ്മീഷന്‍ വക്താവ് പറഞ്ഞത്.












Click it and Unblock the Notifications