ശ്രീലങ്ക ഇന്ത്യന്‍ നാവികസേനയുടെ സഹായം തേടിയേക്കും
ദില്ലി: തമിഴ്പുലികളുടെ ഭീഷണി നേരിടുന്ന ജാഫ്നയിലെ 35,000 സൈനികരെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ സഹായം തേടിയേക്കുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കാഡിര്‍ഗമര്‍ പറഞ്ഞു.
എല്‍.ടി.ടി.ഇയെ പിന്നോക്കം പായിക്കാന്‍ വിദേശസൈന്യത്തിന്റെ ഇടപെടലുണ്ടാവാനിടയില്ലെന്ന് ലക്ഷ്മണ്‍ പറഞ്ഞെങ്കിലും അത്തരമൊരു സാധ്യതയെ അദ്ദേഹം തീരെ തള്ളിക്കളഞ്ഞില്ല.
ഇന്ത്യയുടെ സഹായം ഔപചാരികമായി ഇതുവരെ തേടിയിട്ടില്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കി. ഇന്ത്യ മുമ്പ് ശ്രീലങ്കയില്‍ ഇടപെട്ടത് സന്തോഷകരമായ അനുഭവമായിരുന്നില്ലെങ്കിലും ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടാല്‍ അതിനോട് പ്രതികൂലമായ പ്രതികരണമുണ്ടാവാനിടയില്ലെന്ന് ശ്രീലങ്കന്‍ മന്ത്രി പറഞ്ഞു.
പുലികളുടെ വെല്ലുവിളി നേരിടാന്‍ അടിയന്തിരഘട്ടത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജാഫ്ന പുലികള്‍ പിടിച്ചാലും അത് തിരിച്ചുപിടിക്കാന്‍ യുദ്ധം ചെയ്യും. ശ്രീലങ്ക ഇപ്പോഴും സമാധാത്തിന്റെ മാര്‍ഗത്തിലാണ്. പക്ഷേ ശക്തമായ നിലയിലെത്തിയിരിക്കുന്ന പുലികള്‍ക്ക് ചര്‍ച്ചയില്‍ താത്പര്യം ഇല്ലാതായിരിക്കുന്നു.
എല്‍.ടി.ടി.ഇയെ നേരിടുന്നതില്‍ സൈന്യം പരാജയപ്പെടുന്നതെന്താണെന്ന ചോദ്യത്തിന് മറുപടിയായി സൈനികര്‍ക്ക് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നും റിക്രൂട്ട്മെന്റിലായിരുന്നു സൈന്യത്തിന്റെ ശ്രദ്ധയെന്നും ലക്ഷ്മണ്‍ പറഞ്ഞു.












Click it and Unblock the Notifications