പ്രണയലേഖനം ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളിലേക്ക് വ്യാപിക്കുന്നു
ബാംഗ്ലൂര്‍: കമ്പ്യൂട്ടറിനെ മയക്കാന്‍ പ്രണയലേഖനം. ഇ-മെയിലിന്റെ രൂപത്തില്‍ വന്ന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനെത്ത താറുമാറാക്കുന്ന ഐ ലൗ യു കമ്പ്യൂട്ടര്‍ വൈറസ് വ്യാഴാഴ്ചയാണ് ലോകത്തെമ്പാടുമുള്ള കമ്പ്യൂട്ടറുകളിലേക്ക് കുടിയേറിയത്. ഹോങ്കോങ്ങില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം.
ലോകത്തെമ്പാടുമുളള സോഫ്റ്റ്വെയര്‍ രംഗത്തെയും ഓഹരി വിപണികളിലെയും ബാങ്കുകളിലെയും കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിനെ താറുമാറാക്കാന്‍ ഐ ലൗ യു വൈറസിന് വ്യാഴാഴ്ചതന്നെ കഴിഞ്ഞു. ആദ്യമായി ഏഷ്യയില്‍ കണ്ടെത്തിയ വൈറസ് ഇപ്പോള്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറില്‍ കയറിക്കഴിഞ്ഞെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഞാന്‍ അയയ്ക്കുന്ന പ്രണയലേഖനം ദയവായി വായിക്കുക എന്ന സന്ദേശത്തോടെയാണ് ഐ ലൗ യു ഇ-മെയില്‍ എത്തുന്നത്.
അടക്കം ചെയ്തിരിക്കുന്ന ഫയല്‍ തുറക്കുന്നതോടെ അതില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. അതോടെ അഡ്രസ് ബുക്കിലുള്ള എല്ലാ ഇ-മെയില്‍ അഡ്രസ്സുകളിലേക്കും പ്രണയലേഖനം പോകുന്നു.
സ്വീഡനിലെ 80 ശതമാനവും ജര്‍മ്മനിയിലെ 70 ശതമാനവും ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് കമ്പ്യൂട്ടറുകളിലും വൈറസ് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം കമ്പ്യൂട്ടര്‍ രംഗത്തെ ഇളക്കി മറിച്ച മെലീസ വൈറസിനേക്കാളും ശക്തി കൂടിയതാണ് ഐ ലൗ യു വൈറസ് എന്നു പറയുന്നു.
അതേസമയം ലൗ വൈറസ് ജോക്ക് എന്നു പേര് മാറ്റിയിട്ടുണ്ടെന്ന് ഒരു അമേരിക്കന്‍ കമ്പനിയിലെ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ഇന്റര്‍നെറ്റിലെത്തുന്നവരെ ആകര്‍ഷിക്കാന്‍ അടുത്ത ദിവസങ്ങളില്‍ പല രൂപങ്ങളിലും ഈ വൈറസ് എത്തുമെന്ന് അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications