വെടിനിര്‍ത്തലിന് തയ്യാറെന്ന് എല്‍.ടി.ടി.ഇ; യുദ്ധം തുടരുമെന്ന് സര്‍ക്കാര്‍
കൊളംബോ: വടക്കന്‍ ജാഫ്നയില്‍ നിന്ന് ശ്രീലങ്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെങ്കില്‍ താത്കാലികമായ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് എല്‍.ടി.ടി.ഇ പ്രഖ്യാപിച്ചു. അതേ സമയം സൈന്യത്തെ പിന്‍വലിക്കില്ലെന്നും കലാപകാരികളുമായുള്ള യുദ്ധം തുടരുമെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.വടക്കന്‍ ജാഫ്നയിലെ സൈന്യത്തിന് പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശ്രീലങ്കന്‍ സൈന്യത്തിന് ജാഫ്നയില്‍ നിന്ന് പിന്‍മാറുന്നതിന് സൗകര്യമൊരുക്കാന്‍ താത്കാലികമായി വെടിനിര്‍ത്തലിന് തയ്യാറാണെന്ന് എല്‍.ടി.ടി.ഇയുടെ ലണ്ടന്‍ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ നിര്‍ദേശത്തിന് അനുകൂലമായ പ്രതികരണമുണ്ടാവുകയാണെങ്കില്‍ അത് സ്ഥിരമായ വെടിനിര്‍ത്തലിനും സമാധാനചര്‍ച്ചക്കും പറ്റിയ സാഹചര്യം സൃഷ്ടിക്കുമെന്ന് പുലികള്‍ പറഞ്ഞു. തങ്ങളുടെ നിര്‍ദേശം നിരാകരിച്ചാല്‍ അത് ദുരന്തഫലമുണ്ടാക്കുമെന്നും സൈന്യത്തിന് ആപത്ത് നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രയോഗത്തില്‍ കൊണ്ടുവരാമെന്നും അവര്‍ വ്യക്തമാക്കി. തങ്ങളുടെ നിര്‍ദേശം ഗൗരവത്തോടെ പരിഗണിക്കാനും വൈകാതെ അനുകൂലമായി പ്രതികരിക്കാനും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സൈന്യത്തെ പിന്‍വലിക്കുന്നതില്‍ സഹായിക്കാനും മേല്‍നോട്ടം വഹിക്കാനും റെഡ്ക്രോസ് അന്തര്‍ദേശീയ കമ്മിറ്റിയോട് എല്‍.ടി.ടി.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ജാഫ്ന പ്രതിരോധിക്കുന്ന സൈനികര്‍ക്ക് പുതിയ ആയുധങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന് ആത്മവിശ്വാസമേകിയിട്ടുണ്ട്. പ്രതിരോധം ശക്തിപ്പെടുത്താനും പുലികളെ പിന്നോക്കം പായിക്കാനും ഇത് സൈനികരെ സഹായിക്കുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications